മദ്യലോബിയെ വീണ്ടും പ്രീണിപ്പിച്ച് അധികാരം നിലനിര്‍ത്താനാണ് സിപിഎം ശ്രമം : ശ്രീധരന്‍പിള്ള

തിരുവനന്തപുരം: മദ്യലോബിയെ വീണ്ടും പ്രീണിപ്പിച്ച് അധികാരം നിലനിര്‍ത്താനാണ് സിപിഎം ശ്രമമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ബ്രൂവറി, ഡിസ്റ്റിലറി അനുവദിച്ചതുമായി ബന്ധപ്പെട്ട് പ്രഥമദൃഷ്ട്യാ വലിയ അഴിമതി സംശയിക്കേണ്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രൂവറികള്‍ തുടങ്ങിയതിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നിരുന്നു. ഇടതുമുന്നണിയുടെ മദ്യനയത്തില്‍ ഒരിടത്തും ബ്രൂവറി തുടങ്ങുമെന്ന് പറഞ്ഞിട്ടില്ലെന്നും എക്‌സൈസ് മന്ത്രിക്ക് താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ലെന്നും ചെന്നിത്തല പറഞ്ഞു. മദ്യനയത്തില്‍ ഇല്ലാത്ത ബ്രൂവറിയും ഡിസ്‌ലറിയും അനുവദിച്ചതില്‍ അഴിമതിയെന്നും കിന്‍ഫ്ര പാര്‍ക്കില്‍ ഭൂമി അനുവദിച്ചതിന് പിന്നില്‍ വന്‍ അഴിമതി നടന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

ബ്രൂവറികള്‍ അനുവദിച്ചതില്‍ ബ്രൂവറി അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പെവിടെ മദ്യനയത്തില്‍ ബ്രൂവറിയുടെ കാര്യമുണ്ടോ അനുമതി നല്‍കിയ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറിന്റെ ഉത്തരവുണ്ടോ തുടങ്ങിയ പത്ത് ചോദ്യങ്ങള്‍ എക്‌സൈസ് മന്ത്രിയോട് ചെന്നിത്തല ചോദിച്ചു. ചോദ്യങ്ങള്‍ കത്തായി മന്ത്രിക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബ്രൂവറിക്കായി കിന്‍ഫ്രയുടെ ഭൂമി നല്‍കിയിട്ടില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. കൊടുക്കാത്ത ഭൂമി കൊടുത്തു എന്ന് പറഞ്ഞാണ് ഇപ്പോള്‍ വിവാദം ഉയര്‍ന്നിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണം കാര്യങ്ങള്‍ അറിയാതെയാണ്. വ്യവസായത്തിനായി ആര് ഭൂമി ചോദിച്ചാലും നല്‍കും. ഇതുവരെ ഭൂമി അനുവദിച്ച് നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ആര്‍ക്കെങ്കിലും വ്യവസായം തുടങ്ങാന്‍ സ്ഥലം ആവശ്യമുണ്ടെങ്കില്‍ കിന്‍ഫ്രയോട് ചോദിക്കും. സ്ഥലമുണ്ടെങ്കില്‍ ഉണ്ട് എന്നു പറയും. അതാണ് സംഭവിച്ചത്. എത്രയോ മാസങ്ങള്‍ക്ക് മുമ്പാണ് ഇതൊക്കെ നടന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനുള്ള സ്ഥാപനമാണ് കിന്‍ഫ്ര. കിന്‍ഫ്രയുടെ കൈയില്‍ സ്ഥലമുണ്ടെങ്കില്‍ കൊടുക്കുമെന്നും ജയരാജന്‍ പറഞ്ഞു.

Top