കോടിയേരിയ്ക്ക് പകരം ആര്‍ക്കും ചുമതല നല്‍കില്ല; നിലപാട് വ്യക്തമാക്കി സിപിഎം സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടര്‍ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോകുമ്പോള്‍ പകരം ആര്‍ക്കും ചുമതല നല്‍കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. നിലവിലെ സംവിധാനം തുടരാനാണ് പാര്‍ട്ടി തീരുമാനമെന്നും സിപിഎം അറിയിച്ചു. ഇന്ന് ചേര്‍ന്ന സെക്രട്ടറി യോഗത്തിലാണ് പാര്‍ട്ടി തീരുമാനം വ്യക്തമാക്കിയത്.

ഈ മാസം 30ന് അമേരിക്കയിലേക്ക് വീണ്ടും ചികിത്സയ്ക്ക് പോകാനായാണ് കോടിയേരി അവധിയെടുക്കുന്നത്. പകരം ചുമതല എം വി ഗോവിന്ദന് കൈമാറുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇക്കാര്യം അദ്ദേഹം നിഷേധിച്ചിരുന്നു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നേരത്തെ ഇത് നിഷേധിച്ചിരുന്നു.

കോടിയേരി കഴിഞ്ഞ ഒന്നരമാസമായി സജീവപാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ആരോഗ്യകാരണങ്ങളാലാണിത്. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു കോടിയേരിയുടെ അവധി. ഒക്ടോബര്‍ 28-ാം തീയതിയാണ് കോടിയേരി ബാലകൃഷ്ണന്‍ ചികിത്സക്കായി അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളില്‍ വിദഗ്ധ പരിശോധനകള്‍ക്കായാണ് കോടിയേരി ഹൂസ്റ്റണിലേക്ക് പോയത്.

കഴിഞ്ഞ തവണ ചികിത്സയ്ക്ക് പോയപ്പോള്‍ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ആര്‍ക്കും കൈമാറിയിരുന്നില്ല. പാര്‍ട്ടി സെന്ററായിരുന്നു കാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത്.

Top