അരൂരില്‍ നാക്ക് പിഴച്ചു; പൂതനാ പരാമര്‍ശത്തിന് സിപിഎം സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

തിരുവനന്തപുരം: അരൂരിലെ ഉപതെരഞ്ഞെടുപ്പില്‍ ജി സുധാകരന്റെ പൂതന പരാമര്‍ശം തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. ഷാനിമോള്‍ ഉസ്മാനെതിരായ കേസ് അനവസരത്തിലായെന്ന് സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി. ഉപതെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു സിപിഎം ആത്മപരിശോധന നടത്തിയത്.

പൂതന പ്രയോഗം അരൂര്‍ മണ്ഡലത്തില്‍ തിരിച്ചടിയായി. പൂതന പരാമര്‍ശം സ്ത്രീകള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. ആലപ്പുഴ ജില്ലാ കമ്മിറ്റി അരൂരിലെ തോല്‍വി അന്വേഷിക്കും. ആവശ്യമെങ്കില്‍ തുടര്‍നടപടി സ്വീകരിക്കാനും സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

എറണാകുളത്ത് പാര്‍ട്ടി വോട്ടുകള്‍ ബൂത്തിലെത്തിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും നാലായിരത്തിലധികം പാര്‍ട്ടി വോട്ടുകള്‍ പോള്‍ ചെയ്തില്ലെന്നും പാര്‍ട്ടി സെക്രട്ടേറിയേറ്റ് വിമര്‍ശിച്ചു. മഞ്ചേശ്വരത്തെ ശങ്കര്‍ റൈയുടെ വിശ്വാസ നിലപാടുകള്‍ക്കും സെക്രട്ടേറിയറ്റില്‍ വിമര്‍ശനം ഉയര്‍ന്നു.

കള്ളങ്ങള്‍ പറഞ്ഞ് ഏതെങ്കിലും പൂതനമാര്‍ക്ക് ജയിക്കാനുള്ളതല്ല തെരഞ്ഞെടുപ്പ് എന്നായിരുന്നു ഷാനി മോള്‍ ഉസ്മാനെതിരായ മന്ത്രി സുധാകരന്റെ പരാമര്‍ശം. തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. എന്നാല്‍ പൂതനയെന്ന് വിളിച്ചിട്ടില്ലെന്നും പൂതനയെന്ന കഥാപാത്രത്തെ പരാമര്‍ശിക്കുകയാണ് ചെയ്തതെന്നുമാണ് സുധാകരന്റെ വിശദീകരണം. കുടുംബ യോഗത്തില്‍ കടന്നുകയറി ചില മാധ്യമപ്രവര്‍ത്തകര്‍ അധാര്‍മ്മികമായി നടത്തിയ വ്യാജ പ്രചാരണമെന്നായിരുന്നു ജി.സുധാകരന്റെ ന്യായീകരണം.

Top