ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കരുത്; സിപിഎം

ദില്ലി: ഇന്ത്യ സഖ്യ യോഗത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ സിപിഎം. ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുന്നത് ശരിയല്ലെന്ന് സിപിഎം നിലപാടെടുത്തു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും എംപിയുമായ എളമരം കരീമാണ് ഇന്ത്യ മുന്നണി യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ച് സംസാരിച്ചത്.

കേരളത്തിലെ പൊലീസ് നടപടിയെ കുറിച്ച് കെ സുധാകരന്‍ എംപിയും നെല്ല് സംഭരണത്തിലെ പോരായ്മ ജെബി മേത്തറും പാര്‍ലമെന്റില്‍ അടിയന്തിര പ്രമേയമായി അവതരിപ്പിച്ചിരുന്നു. ഇതിനെയാണ് എളമരം കരീം എംപി യോഗത്തില്‍ വിമര്‍ശിച്ചത്. അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ സി പി എം വിമര്‍ശിക്കുന്നത് എന്തിനാണെന്ന് യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയും ചോദിച്ചു.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയം പ്രതിപക്ഷ പാര്‍ട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയെന്ന് ഇന്ത്യ സഖ്യത്തിന്റെ പാര്‍ലമെന്റ് പ്രതിനിധി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ നിലപാട് പല സീറ്റുകളിലും തോല്‍വിക്ക് കാരണമായെന്ന് സിപിഐ കുറ്റപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസും, ശിവസേനയും യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

Top