ശബരിമല യുവതീപ്രവേശനം; ആവേശം വേണ്ട, നിലപാട് മയപ്പെടുത്താനൊരുങ്ങി സിപിഎം

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിലപാട് മയപ്പെടുത്താനൊരുങ്ങി സിപിഎം. തല്‍ക്കാലം വിഷയത്തില്‍ ആവേശം വേണ്ടെന്നാണ് സിപിഎം സംസ്ഥാന സമിതിയില്‍ ഉയര്‍ന്നിരിക്കുന്ന നിര്‍ദ്ദേശം.

ശബരിമല വിഷയം, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നീക്കം. നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്തെ പ്രാദേശിക ഘടകങ്ങളിലെത്തിക്കും.

ആളുകള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിക്കണമെന്നും വിശ്വാസികളെ പാര്‍ട്ടിയ്ക്ക് ഒപ്പം തന്നെ നിര്‍ത്തണമെന്നും പ്രാദേശിക തലത്തില്‍ വിശ്വാസികളുമായി കൂടുതല്‍ അടുക്കുന്നതിനായി ക്ഷേത്രസമിതികളില്‍ പ്രവര്‍ത്തകര്‍ അംഗങ്ങളാകുന്നത് നല്ലതാണെന്നും സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്തു.

വിവാദപരമായ കാര്യങ്ങളില്‍ പാര്‍ട്ടിയ്ക്ക് എതിരായ നിലപാട് പരസ്യമായി എടുക്കരുതെന്നും പാര്‍ട്ടിയുമായി പ്രവര്‍ത്തകര്‍ അകലുകയാണെന്ന തരത്തിലുള്ള ഒരു പ്രതീതി സൃഷ്ടിക്കാന്‍ ഇതിന് സാധിക്കുമെന്നും അതിനാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പും നല്‍കി.

രണ്ട് ദിവസമായി നടക്കുന്ന സംസ്ഥാനസമിതി യോഗത്തില്‍ പാര്‍ട്ടിയ്ക്ക് പറ്റിയ പിഴവുകള്‍ കണ്ടെത്തി പരിഹരിക്കാന്‍ നിരവധി നിര്‍ദേശങ്ങളുയര്‍ന്നു. മന്ത്രിമാരുടെ പ്രവര്‍ത്തന രീതിയെക്കുറിച്ചും പണപ്പിരിവ് നടത്തുന്നതിനെക്കുറിച്ച് ഉയരുന്ന ആക്ഷേപങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയായി.

സിപിഎം മന്ത്രിമാര്‍ക്കെതിരെയും സമിതിയില്‍ വിമര്‍ശനമുയര്‍ന്നു. പ്രവര്‍ത്തര്‍ക്ക് പലപ്പോഴും സിപിഎം മന്ത്രിമാരെ കാണാന്‍ കഴിയുന്നില്ലെന്നും ചില പ്രവര്‍ത്തകരെ കണ്ടാല്‍ ചില മന്ത്രിമാര്‍ ഒഴിഞ്ഞ് പോകുന്നുവെന്നും സംസ്ഥാന സമിതിയില്‍ ആരോപണമുയര്‍ന്നിരുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍ മാധ്യമ വാര്‍ത്തകള്‍ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നതായും സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്തു.

Top