എം എം മണിക്കെതിരായ രാജേന്ദ്രന്റെ പരാമർശത്തെ തള്ളി സിപിഎം

ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെ തള്ളി സിപിഎം. രാജേന്ദ്രൻ പാർട്ടിക്ക് പുറത്തേക്കുള്ള വഴി സ്വയം തേടുകയാണെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു. എം എം മണി മുതിർന്ന നേതാവാണ്. രാജേന്ദ്രൻ വാ പോയ കോടാലിയാണെന്നും പാർട്ടി വഞ്ചകരുടെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്നും സി വി വർഗീസ് പറഞ്ഞു.

ഒരു ഇടവേളക്ക് ശേഷം എസ് രാജേന്ദ്രനും എം എം മണിയും തമ്മിലുള്ള വാക്‌പോര് ശക്തമാവുകയാണ്. എം എം മണിയെ പോലെയുള്ള നേതാക്കൾ പ്രവർത്തിക്കുന്ന പാർട്ടിയിൽ തുടരാൻ താത്പര്യമില്ലെന്ന് കഴിഞ്ഞ ദിവസം രാജേന്ദ്രൻ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് സിപിഎമ്മിന്റെ ഔദ്യോഗിക പ്രതികരണം. എസ് രാജേന്ദ്രനെ പൂർണമായും തള്ളിയ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് രാജേന്ദ്രൻ പാർട്ടിയെ ഒറ്റുകൊടുത്തുവെന്നും ആരോപിച്ചു.

പാർട്ടി ജില്ലാ ഘടകത്തിനും സംസ്ഥാന ഘടകത്തിനും ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് എസ് രാജേന്ദ്രനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്നും വർഗീസ് വ്യക്തമാക്കി. ഒരു വർഷം പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത എസ് രാജേന്ദ്രൻ പാർട്ടി നടപടിക്ക് വിധേയനായി നിൽക്കേണ്ടതിന് പകരം പാർട്ടിയുടെ മുതിർന്ന നേതാവായ എം എം മണിയെ പോലെയുള്ള നേതാക്കളെ പരസ്യമായി എതിർക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു. ഇങ്ങനെ പാർട്ടിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് രാജേന്ദ്രന്റെ ശ്രമം. അതിനാലാണ് പാർട്ടി രാജേന്ദ്രനെതിരെ നിലപാട് കടുപ്പിച്ചതെന്നും സി വി വർഗീസ് വ്യക്തമാക്കി.

 

Top