കോഴിക്കോട് മേയറെ തള്ളിപ്പറഞ്ഞ് സിപിഎം

കോഴിക്കോട്: ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ ആണ് ബീന ഫിലിപ്പിന്റെ നിലപാട് തള്ളിക്കൊണ്ട് പ്രസ്താവനയിറക്കിയത്.

‘കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയില്‍ പങ്കെടുത്ത് സംസാരിച്ചത് ശരിയായില്ല. ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സി.പി.എം എല്ലാ കാലവും ഉയര്‍ത്തിപ്പിടിച്ചുവരുന്ന പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണ്. ഇത് സി.പി.ഐ.എം-ന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ല. അക്കാരണം കൊണ്ടുതന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതിന് സി.പി.എം തീരുമാനിച്ചു’, പി. മോഹനന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ബാലഗോകുലം ആര്‍.എസ്.എസിന്റെ പോഷക സംഘടനയായി തോന്നിയിട്ടില്ലെന്നും ബാലഗോകുലം പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി തന്നോട് കര്‍ശനമായി പറഞ്ഞിട്ടില്ലെന്നും വിവാദത്തിന് പിന്നാലെ മേയര്‍ ബീന ഫിലിപ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി പരസ്യമായി മേയറെ തള്ളിപ്പറഞ്ഞിരിക്കുന്നത്.

 

Top