കാരാട്ടിനെതിരെ ബിജെപി എംപിയുടെ ആരോപണം തള്ളി സിപിഎം

ദില്ലി : സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെ ബിജെപി എംപി നടത്തിയ പരാമര്‍ശത്തെ അപലപിച്ച് പോളിറ്റ്ബ്യൂറോ. പ്രകാശ് കാരാട്ടും വ്യവസായി നെവില്ലെ റോയ് സിംഗവും തമ്മില്‍ ദേശവിരുദ്ധമായ അടുത്ത ബന്ധമെന്ന ബിജെപി എംപി നിഷികാന്ത് ദുബെ പാര്‍ലമെന്റില്‍ നടത്തിയ ആരോപണം സിപിഎം തളളി. സിപിഎം രാഷ്ട്രീയവും പ്രത്യയശാസ്ത്രവും തുറന്ന പുസ്തകമാണെന്നും ബിജെപിയുടെ വര്‍ഗീയ രാഷ്ടീയത്തെ എതിര്‍ക്കുന്നത് കൊണ്ടാണ് സിപിഎമ്മിനെതിരെ അപവാദ പ്രചരണമെന്നും പിബി കുറ്റപ്പെടുത്തി.

പ്രകാശ് കാരാട്ടും അമേരിക്കന്‍ കോടീശ്വരന്‍ നെവില്ലെ റോയ് സിംഗവും തമ്മില്‍ അടുത്തബന്ധമാണെന്നും ഇരുവരും തമ്മില്‍ ചില ഇമെയിലുകള്‍ കൈമാറിയെന്നുമായിരുന്നു ഇന്നലെ നിഷികാന്ത് ദുബെ ആരോപിച്ചത്. വ്യവസായി നിക്ഷേപം നടത്തിയ ന്യൂസ് ക്ലിക്ക് വെബ്‌സൈറ്റിലൂടെ ചൈനീസ് അജണ്ടകള്‍ നടപ്പാക്കിയെന്നും ബിജെപി ആരോപിച്ചിരുന്നു. ആരോപണത്തില്‍ പറഞ്ഞ ഇമെയിലുകള്‍ ദുബെ പുറത്ത് വിടട്ടെയെന്ന് സിപിഎം പിബി ആവശ്യപ്പെട്ടു.

ന്യൂസ് ക്ലിക്ക് വെബ്‌സൈറ്റില്‍ അമേരിക്കന്‍ വ്യവസായി നിക്ഷേപം നടത്തിയെന്നാണ് ബിജെപിയുടെ ആരോപണം. ചൈനീസ് അജണ്ടകള്‍ വെബ്‌സൈറ്റിലൂടെ നടപ്പാക്കിയെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ബിജെപി ആരോപിച്ചിരുന്നു.പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെയായിരുന്നു ബിജെപി എംപി സിപിഎമ്മിനെതിരെ ആരോപണം ഉന്നയിച്ചത്.

ചൈനീസ് പ്രൊപ്പഗാന്‍ഡ ഇന്ത്യയില്‍ പ്രചരിപ്പിക്കാന്‍ അമേരിക്കന്‍ കോടീശ്വരനെ ചൈന പ്രയോഗിച്ചുവെന്നും ഇന്ത്യയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള വലിയ ശ്രമം നടക്കുന്നതായും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. ന്യൂസ്‌ക്ലിക്ക് വെബ് സൈറ്റിന് ചൈനീസ് പ്രൊപ്പഗാന്‍ഡ പ്രചരിപ്പിക്കാന്‍ വലിയ രീതിയില്‍ സാമ്പത്തിക സഹായം ലഭിച്ചുവെന്ന ന്യൂയോര്‍ക്ക് ടൈംസ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സമൂഹമാധ്യമങ്ങളിലെ പ്രതികരണം.

Top