പാര്‍ട്ടി ഓഫീസുകള്‍ റെയ്ഡ് ചെയ്യാറില്ല; ചൈത്ര തെരേസ ജോണിനെ തള്ളി മുഖ്യമന്ത്രി

pinarayi vijayan

തിരുവനന്തപുരം: സിപിഎം ഓഫീസില്‍ റെയ്ഡ് നടത്തിയ എസ്പി ചൈത്ര തെരേസ ജോണിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

പാര്‍ട്ടി ഓഫീസുകള്‍ റെയ്ഡ് ചെയ്യാറില്ലെന്നും പൊതു പ്രവര്‍ത്തനത്തെ അംഗീകരിക്കുകയാണ് വേണ്ടതെന്നും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ഇകഴ്ത്തിക്കാട്ടുവാനുള്ള ശ്രമമാണ് നടക്കുന്നതെന്നും റെയ്ഡ് അത്തരം ശ്രമങ്ങളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

അതേസമയം, സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ എസ്പി ചൈത്ര തെരേസ ജോണിനെതിരെ നടപടിയ്ക്ക് ശുപാര്‍ശയില്ല. ഇത് സംബന്ധിച്ച് എഡിജിപി മനോജ് എബ്രഹാം ഡിജിപിയ്ക്ക് റിപ്പേര്‍ട്ട് കൈമാറി. റെയ്ഡില്‍ നിയമപരമായി തെറ്റില്ലെന്നും എന്നാല്‍ ചൈത്ര കുറച്ചു കൂടി ജാഗ്രത പാലിക്കണമായിരുന്നുവെന്നും പരാമര്‍ശമുണ്ട്.

നേരത്തെ സിപിഎം ഓഫീസില്‍ റെയ്ഡ് നടത്തിയ ചൈത്രയുടെ നടപടി ചട്ടവിരുദ്ധമല്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

തേരേസ ജോണ്‍, ഒപ്പമുണ്ടായിരുന്ന മെഡിക്കല്‍ കോളേജ് സി ഐ എന്നിവരില്‍ നിന്നെല്ലാം എഡിജിപി മനോജ് എബ്രഹാം വിശദീകരണം തേടിയിരുന്നു. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികള്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ചൈത്ര നല്‍കിയ വിശദീകരണം.

മുഖ്യപ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പെട്ടെന്നുള്ള തീരുമാനമെന്നും വിശദീകരണത്തില്‍ പറയുന്നുണ്ട്. താന്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന വിവരം പ്രതി അമ്മയെ ഫോണില്‍ വിളിച്ച് പറയുന്നത് കേട്ടിരുന്നു. റെയ്ഡ് പരിശോധന ചട്ടങ്ങള്‍ പാലിച്ചായിരുന്നുവെന്നും പിന്നാലെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Top