മഹാരാഷ്ട്രക്ക് പിന്നാലെ ആന്ധ്രപ്രദേശിലും സി.പി.എം തുടങ്ങി,പൊലീസ് ലാത്തിചാര്‍ജ്ജ് !

വിശാഖപട്ടണം: മഹാരാഷ്ട്രയെ കര്‍ഷക സമരത്താല്‍ ചുവപ്പിച്ച സി.പി.എം ആന്ധ്രപ്രദേശിലും ‘പണി’ തുടങ്ങി.

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടിയില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

വനിതകള്‍ അടക്കമുള്ളവരാണ് പൊലീസിനെ ചെറുത്ത് സമരമുഖത്ത് തീജ്വാല ഉയര്‍ത്തിയത്.

അനന്തപൂരില്‍ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന് നേരെയായിരുന്നു പൊലീസ് അതിക്രമം.

വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

സംസ്ഥാന വിഭജനത്തിന്റെ സമയത്ത് ആന്ധ്രക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നാളിതുവരെയായിട്ടും ഒരു സഹായവും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചത്.

റായലസീമ പ്രദേശത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആന്ധ്രക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്നുമാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തില്‍ സംസ്ഥാന സെക്രട്ടറി പി മധു ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേതൃത്വം കൊടുത്തു.

ത്രിപുരയില്‍ തോറ്റതോടെ കേരള പാര്‍ട്ടിയായി സി.പി.എം മാറി എന്ന് പരിഹസിച്ച രാഷ്ട്രീയ എതിരാളികള്‍ക്ക് മഹാരാഷ്ട്രയിലൂടെ മറുപടി നല്‍കിയ സി.പി.എം വീണ്ടും ആന്ധ്രയിലൂടെയും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

അടുത്തത് മഹാരാഷ്ട്ര മോഡല്‍ സമരം യു.പിയിലാണ്. ലക്‌നൗവിലേക്ക് സി.പി.എം കര്‍ഷക സംഘടന കിസാന്‍ സഭ ലോങ്ങ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുകയാണ്.

ശൂന്യതയില്‍ നിന്നും പതിനായിരങ്ങളെ തെരുവിലിറക്കുന്ന ‘മാജിക്കാണ് ‘ സി.പി.എം ഇപ്പോള്‍ പിന്തുടരുന്നത്.

Top