CPM-Police fight in Kannur

കണ്ണൂര്‍: പൊലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായിയുടെ സ്വന്തം തട്ടകമായ കണ്ണൂരില്‍ സിപിഎമ്മും പൊലീസും നേര്‍ക്കുനേര്‍ വരുന്നതില്‍ രാഷ്ട്രീയ എതിരാളികള്‍ക്കും അത്ഭുതം.

പിണറായി അധികാരമേറ്റയുടനെ നടത്തിയ ഉദ്യോഗസ്ഥ അഴിച്ച് പണിയില്‍ കണ്ണൂരില്‍ നിയോഗിക്കപ്പെട്ട യുപികാരനായ സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ആണ് ഇപ്പോള്‍ കണ്ണൂരിലെ സിപിഎം നേതൃത്വത്തിന്റെ കണ്ണിലെ കരടാവുന്നത്.

ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാലും സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടാലുമെല്ലാം ഒരേപോലെ നിയമം നടപ്പാക്കുന്ന കാര്യത്തില്‍ കര്‍ക്കശ നിലപാട് എടുക്കുന്നതാണ് സിപിഎം ജില്ലാ നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

പയ്യന്നൂരിലെ ബിജെപി പ്രവര്‍ത്തകന്‍ രാമചന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരെ സ്ഥലത്ത് ക്യാംപ് ചെയ്ത് എസ്പിയുടെ നേതൃത്വത്തില്‍ പിടിച്ചതും അടുത്തയിടെ തില്ലങ്കരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനീഷ് കൊല്ലപ്പെട്ട സംഭവത്തില്‍ നടപടി ശക്തമാക്കിയതുമെല്ലാം സിപിഎം നേതൃത്വത്തെ അസ്വസ്ഥമാക്കിയിരുന്നു.

ഏറ്റവും ഒടുവില്‍ മന്ത്രി കെ കെ ശൈലജ പങ്കെടുക്കുന്ന ഓണാഘോഷ പരിപാടിക്ക് മൈക്ക് ഉപയോഗിക്കാന്‍ പൊലീസ് അനുമതി നിഷേധിച്ചതാണ് സിപിഎം ജില്ലാ നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

മതഭ്രാന്തന്മാരുടെ പ്രചാരണങ്ങളെ സഹായിക്കുന്ന നിലപാടാണ് കണ്ണൂരില്‍ പൊലീസ് ചെയ്യുന്നതെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ ആരോപണം.

ഇരിട്ടി മുഴക്കുന്ന് പഞ്ചായത്ത് 14ന് നടത്താനിരുന്ന ഓണാഘോഷ സമാപന സമ്മേളനത്തിനാണ് പൊലീസ് അനുമതി നിഷേധിച്ചിരുന്നത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് മുഴക്കുന്ന്, തില്ലങ്കരി പഞ്ചായത്തുകളിലെ എല്ലാ ഓണാഘോഷ പരിപാടികള്‍ക്കും അനുമതി നിഷേധിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.

ഇടത് ഭരണത്തില്‍ പൊലീസ് സിപിഎമ്മിന് ഹിതകരമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതില്‍ രോഷാകുലരാണ് ഇപ്പോള്‍ പാര്‍ട്ടി അണികള്‍.

എസ്പിയെ തെറിപ്പിക്കണമെന്ന് സിപിഎം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടിട്ടും മാറ്റം ഉണ്ടാകാത്തതും നേതാക്കളില്‍ കടുത്ത അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്.

പിണറായി ആന്റണിക്ക് ‘പഠിക്കുക’യാണെന്ന് വരെയുള്ള പരിഹാസ കമന്റും ചില അണികളുടെ ഭാഗത്ത് നിന്ന് രഹസ്യമായെങ്കിലും പുറത്ത് വരുന്നുണ്ട്.

ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഡിജിപിയായിരുന്ന കെ ജെ ജോസഫിന്റെ കീഴില്‍ കണ്ണൂരില്‍ എസ്പിയായിരുന്ന മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയകലാപം അടിച്ചമര്‍ത്തിയിരുന്നു.

പൊലീസിന് ലഭിച്ച സ്വാതന്ത്ര്യം തന്നെയായിരുന്നു അന്ന് അക്രമം അടിച്ചമര്‍ത്താന്‍ സഹായകരമായിരുന്നത്. ഇതിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ കണ്ണൂരിലും.

പിണറായിയുടെ ഭരണത്തില്‍ പൊലീസില്‍ ഇടപെടലുകള്‍ ഒന്നും നടക്കാത്ത സാഹചര്യമുണ്ടാകുന്നതാണ് നേതാക്കള്‍ക്കിപ്പോള്‍ ദഹിക്കാത്തത്.

പൊലീസ് മാറാതെ ഭരണം മാറിയിട്ട് എന്ത് കാര്യമാണെന്നാണ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ചോദ്യം.

ഒരു കൊലപാതകമോ മറ്റ് ആക്രമണ സംഭവങ്ങളോ ഉണ്ടായാല്‍ പാര്‍ട്ടി നല്‍കുന്ന ലിസ്റ്റനുസരിച്ച് പ്രതികളാക്കുന്ന രീതി ഒഴിവാക്കി യഥാര്‍ത്ഥ പ്രതികളെയാണിപ്പോള്‍ പൊലീസ് പിടിക്കുന്നത്. ഇതുതന്നെയാണ് അസംതൃപ്തിയുടെ പ്രധാന കാരണമത്രെ.

പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ധനരാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ലോക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകനെ പ്രതിയല്ലെന്ന് കണ്ട് എസ്പിയുടെ നിര്‍ദ്ദേശപ്രകാരം വിട്ടയച്ചിരുന്നു. ഇതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പരസ്യമായി രംഗത്ത് വന്നിരുന്നു.

ഇടത് അനുകൂല പൊലീസ് സംഘടന നല്‍കിയ ലിസ്റ്റ് പ്രകാരം പൊലീസുകാരുടെ സ്ഥലമാറ്റം നടത്താതിരുന്നതിലും എസ്പിക്കെതിരെ സിപിഎമ്മിന് പരാതിയുണ്ട്.

ഓണാഘോഷത്തിന് ശേഷം പൊലീസ് തലപ്പത്ത് അഴിച്ചുപണി നടക്കുമെന്നും അപ്പോള്‍ കണ്ണൂര്‍ എസ്പി അടക്കമുള്ള ഉന്നതര്‍ തെറിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം.

കഴിഞ്ഞ ദിവസം എസ്പി ഇറക്കിയ ‘നിങ്ങള്‍ നല്‍കുന്ന ഓരോ വിലയേറിയ വിവരവും മറ്റൊരാളുടെ ജീവന്‍ സംരക്ഷിച്ചേക്കാം’ എന്ന പോസ്റ്റ് കണ്ണൂരിലെ രാഷ്ട്രീയ പാര്‍ട്ടികളെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ്. ബോംബ് നിര്‍മ്മാണം, സ്‌ഫോടക വസ്തു സൂക്ഷിപ്പുകാര്‍, മറ്റ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ തുടങ്ങി ഏത് കാര്യത്തെക്കുറിച്ച് വിവരം ലഭിച്ചാലും എസ്പിയെ ആര്‍ക്കും നേരിട്ടറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നതാണ് ഈ പോസ്റ്റ്. ഇതിപ്പോള്‍ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലുമെല്ലാം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എസ്പിയുടെ വാട്‌സ്ആപ്പ് നമ്പര്‍, ഇമെയില്‍ അഡ്രസ്, ക്രൈം സ്റ്റോപ്പര്‍ നമ്പര്‍ അടക്കം രേഖപ്പെടുത്തിയ പോസ്റ്റില്‍ വിവരം നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇനി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തവര്‍ ഊമക്കത്ത് അയച്ചാല്‍ പോലും അര്‍ഹിക്കുന്ന പരിഗണനയോടെ വിവരങ്ങള്‍ കാണുമെന്നും എസ്പി ഉറപ്പ് നല്‍കിയിട്ടുണ്ട്.

കണ്ണൂരിനെ സംബന്ധിച്ച് പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമാണ് പൊലീസിന്റെ ഈ നീക്കം.അതുകൊണ്ട് തന്നെ സ്വന്തം പാളയത്തില്‍ നിന്ന് പോലും ‘പാര’ പോകുമോയെന്ന ആശങ്കയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.

Top