ചെങ്കൊടിയിൽ വീണ ആ ‘പാപ’ക്കറക്ക് ശ്യാമളയുടെ കസേര തെറിച്ചാൽ പോരാ

ലോകത്ത് തന്നെ കമ്യൂണിസ്റ്റുകളുടെ പോരാട്ട വീര്യത്തിന് പേരു കേട്ട സംസ്ഥാനമാണ് കേരളം. ലോക ചരിത്രത്തില്‍ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ ഒരു കമ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തില്‍ വന്നത് ദൈവത്തിന്റെ ഈ സ്വന്തം നാട്ടിലാണ്. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആ സര്‍ക്കാറാണ് കേരളത്തില്‍ വിപ്ലവകരമായ മുന്നേറ്റത്തിന് തുടക്കം കുറിച്ചത്. അന്നു മുതല്‍ ഇന്നുവരെ അധികാരത്തിലിരുന്നും പ്രതിപക്ഷത്തിരുന്നും കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ നീതിക്കായി നിരന്തരം കലഹിക്കുകയായിരുന്നു.

ചുവപ്പിന്റെ ഈ പോരാട്ട വീര്യമാണ് ഇന്നും ഇടതുപക്ഷത്തിന്റെയും സി.പി.എമ്മിന്റെയും അടിത്തറ. ഈ അടിത്തറ തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും അവര്‍ ചെങ്കൊടിയുടെ ശത്രുക്കളാണ്. അത് കേന്ദ്ര കമ്മറ്റി അംഗത്തിന്റെ ഭാര്യ ആയാലും അക്കാര്യത്തില്‍ സംശയമില്ല. ഇവിടെ ആന്തൂര്‍ നഗരസഭ അദ്ധ്യക്ഷ പി.കെ ശ്യാമള ചെയ്തത് ഗുരുതരമായ തെറ്റാണ്. ഒരിക്കലും ഒരു കമ്യൂണിസ്റ്റുകാരി ചെയ്യാന്‍ പാടില്ലാത്ത തെറ്റാണിത്. ഈ സ്ത്രീയുടെ പകയില്‍ ഇല്ലാതായത് ഒരു കുടുംബത്തിന്റെ നാഥനാണ്. ഇടതുപക്ഷം ഭരിക്കുന്ന ഒരു നഗരസഭയില്‍ നടക്കാന്‍ പാടില്ലാത്ത പ്രവര്‍ത്തിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതിന്റെ ഇരയാണ് പ്രവാസി വ്യവസായി സാജന്‍ പാറയില്‍.

ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും ഉപയോഗിച്ച് ഈ പ്രവാസി വ്യവസായി പണിത കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാതിരുന്നത് മന:പൂര്‍വ്വമാണ്. സി.പി.എം സംസ്ഥാന കമ്മറ്റി അംഗം പി.ജയരാജന്‍ നിര്‍ദ്ദേശിച്ചിട്ടും പിടിവാശി ശ്യാമള തുടര്‍ന്നത് ഭര്‍ത്താവ് കേന്ദ്ര കമ്മറ്റി അംഗമായത് കൊണ്ടാണെങ്കില്‍ ആ പിടിവാശിക്ക് ചികിത്സ അനിവാര്യമാണ്.

ശ്യാമളയെ പോലെ വലിയ നേതാവൊന്നും അല്ലെങ്കിലും ആത്മഹത്യ ചെയ്ത സാജന്‍ പാറയിലും കുടുംബവും സി.പി.എം അനുഭാവികളാണ്. ഇവരെ പോലെയുള്ള ലക്ഷക്കണക്കിന് അനുഭാവികള്‍ ഉള്ളതുകൊണ്ടാണ് ശ്യാമള നഗരസഭ അദ്ധ്യക്ഷ ആയത് എന്ന കാര്യം മറക്കരുത്.

ശ്യാമളക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാതെ ഈ പാപക്കറ ചെങ്കൊടിയില്‍ നിന്നും മായില്ലെന്ന് സി.പി.എം നേതൃത്വവും തിരിച്ചറിയണം. നടപടി പേരിന് മാത്രം സ്വീകരിച്ച് ഒതുക്കാന്‍ ശ്രമിക്കരുത്. താക്കീതും ശാസനയും പരസ്യ ശാസനയും ഒന്നും കാര്യമായ ശിക്ഷയല്ല. ആദ്യം ശ്യാമളയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്യണം. നഗരസഭ ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിന്നും മാറ്റിയതില്‍ മാത്രം നടപടി ഒതുക്കരുത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഇവര്‍ക്കെതിരെ കേസെടുക്കേണ്ടതും അനിവാര്യമാണ്. കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാതെ നഗരസഭ സെക്രട്ടറി കടുത്ത നിലപാട് സ്വീകരിച്ചെങ്കില്‍ അതിനു പിന്നില്‍ ശ്യാമളയുടെ കരങ്ങളാണ്.

പി ജയരാജന്റെ വാക്കുകള്‍ ധിക്കരിച്ച് മുന്നോട്ട് പോകാനുള്ള ചങ്കുറപ്പൊന്നും ഒരു നഗരസഭ സെക്രട്ടറിക്കും ജീവനക്കാര്‍ക്കും ഉണ്ടാകില്ല. താന്‍ നഗരസഭ അധ്യക്ഷ ആയിരിക്കുന്നിടത്തോളം അനുമതി നല്‍കില്ലെന്നാണ് ശ്യാമള മുന്‍പ് പറഞ്ഞത്. ഇക്കാര്യം സാജന്റെ ഭാര്യ തന്നെ തുറന്നു പറഞ്ഞു കഴിഞ്ഞു. ഒരു കമ്യൂണിസ്റ്റു പ്രവര്‍ത്തകയ്ക്ക് യോജിക്കാത്ത പ്രവര്‍ത്തിയാണിത്. നിങ്ങളുടെ ധിക്കാരവും അഹങ്കാരവും കോപവുമെല്ലാം സ്വന്തം കുടുംബത്തായിരുന്നു കാണിക്കേണ്ടിയിരുന്നത്. അതല്ലാതെ ജനങ്ങള്‍ വോട്ടു ചെയ്തിരുത്തിയ കസേരയിലിരുന്ന് ആവരുതായിരുന്നു.

ഇടതുപക്ഷം വലിയ വെല്ലുവിളി കേരളത്തില്‍ നേരിടുന്ന സാഹചര്യത്തില്‍ സാജന്റെ ആത്മഹത്യ ഉയര്‍ത്തിയ ജനവികാരം ഗൗരവമായി തന്നെ സി.പി.എം കാണണം. ഏതെങ്കിലും നേതാവിന്റെ കുടുംബ പ്രശ്നം പോലെ വ്യക്തിപരമല്ല ഇത്. സംഘടനാപരം കൂടിയാണ്. ശ്യാമള സിപിഎമ്മിന്റെ ഉന്നത ഘടകത്തിലെ അംഗം കൂടിയാണ്. അതിനെ സംഘടനാപരമായി തന്നെ കൈകാര്യം ചെയ്യണം. ഉയിര് എടുക്കാന്‍ വേണ്ടിയല്ല ഉയിര് കൊടുക്കാന്‍ വേണ്ടിയാണ് കമ്യൂണിസ്റ്റുകള്‍ പ്രവര്‍ത്തിക്കേണ്ടത്. ജനങ്ങള്‍ പ്രതീക്ഷിക്കുന്നതും അതുതന്നെയാണ്.

ചെറിയ തെറ്റുകള്‍ക്ക് പോലും വലിയ ശിക്ഷ നല്‍കുന്ന പാര്‍ട്ടിയാണ് സി.പി.എം. സാധാരണ പാര്‍ട്ടി അംഗം മുതല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി വരെ നടപടികള്‍ ഏറ്റുവാങ്ങിയിട്ടുമുണ്ട്. ഒരു സീറ്റില്‍ പോലും സി.പി.എം രാജ്യത്ത് വിജയിച്ചില്ലെങ്കിലും എതിരാളികള്‍ പോലും നമിക്കുക ഈ ചങ്കൂറ്റത്തിന് മുന്നിലായിരിക്കും. അച്ചടക്കത്തിന്റെ ആ വാളാണ് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ വന്‍മതില്‍. ശക്തമായ കേഡര്‍ സംവിധാനം തകരാതെ നോക്കാന്‍ ഈ മതില്‍ അനിവാര്യമാണ്. ചുവപ്പിന്റെ അടിത്തറ തോണ്ടുന്ന ശ്യാമളയെ പോലുള്ളവരെ ആ മതില്‍ക്കെട്ടിന് പുറത്താക്കിയില്ലെങ്കില്‍ അധികം താമസിയാതെ തന്നെ എല്ലാം ഇടിഞ്ഞ് പൊളിഞ്ഞ് വീഴുക തന്നെ ചെയ്യും.

പാര്‍ട്ടി നേതാക്കളും കുടുംബവും പൊതു സമൂഹത്തില്‍ മാതൃകയാവണം. അത് എം.വി ഗോവിന്ദന്റെ കുടുംബമായാലും കോടിയേരിയുടെ കുടുംബമായാലും അങ്ങനെയാണ് വേണ്ടത്. കാരണം ഒരു കമ്യൂണിസ്റ്റിന്റെ ജീവിതമാണ് നാടിന് മാതൃകയാകേണ്ടത്. കുടുംബത്ത് പിഴച്ചവര്‍ക്ക് നാടിനെ നയിക്കാനുള്ള അര്‍ഹതയില്ലെന്ന് കൂടി മനസ്സിലാക്കണം.

സ്വന്തം ജീവിതം ചെങ്കൊടിക്ക് വേണ്ടി സമര്‍പ്പിച്ച നിരവധി രക്തസാക്ഷികളെ സൃഷ്ടിച്ച പ്രസ്ഥാനമാണ് സി.പി.എം. രാപ്പകല്‍ ഈ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പതിനായിരങ്ങളെ ദയവ് ചെയ്ത് നിരാശപ്പെടുത്തരുത്. കടുത്ത രാഷ്ട്രീയ എതിരാളികള്‍ പോലും സി.പി.എം ഇവിടെ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നത് ചുവപ്പിന്റെ നന്മ കൊണ്ടാണ്, ആ പ്രത്യയശാസ്ത്രത്തിന്റെ പ്രത്യേകത കൊണ്ടാണ്, കമ്യൂണിസ്റ്റുകളുടെ ജീവിത രീതികള്‍ കണ്ടുകൊണ്ടു കൂടിയാണത്.

കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രനെ പോലെ ചെരിപ്പ് പോലും ധരിക്കാതെ എല്ലാ കമ്യൂണിസ്റ്റു നേതാക്കളും ജീവിക്കണമെന്ന് പറയുന്നില്ല. പക്ഷേ പ്രസംഗിക്കുന്നത് സ്വന്തം ജീവിതത്തിലും കുടുംബത്തിലുമെങ്കിലും നടപ്പാക്കാന്‍ ശ്രമിക്കണം. അങ്ങനെ ശ്യാമളയെ പോലുള്ളവര്‍ ചെയ്തിരുന്നു എങ്കില്‍ സാജനെ പോലുള്ളവര്‍ ആത്മഹത്യ ചെയ്യില്ലായിരുന്നു.

Express View

Top