പി.കെ ശശിക്കെതിരായ പരാതി പുന:പരിശോധിക്കണം;പരാതിക്കാരി വീണ്ടും രംഗത്ത്

PK-SASI

തിരുവനന്തപുരം: പി.കെ ശശിക്കെതിരെയുള്ള പരാതി പുന:പരിശോധിക്കണമെന്ന ആവശ്യമുന്നയിച്ച് പരാതിക്കാരി വീണ്ടും രംഗത്ത്.

അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തിലാണ് നീക്കം. ഇത് സംബന്ധിച്ച് പെണ്‍ക്കുട്ടി വീണ്ടും സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു.

പി.കെ ശശിക്കെതിരായ പരാതി ഇന്ന് കേന്ദ്ര കമ്മറ്റി പരിശോധിക്കും. പുനപരിശോധിക്കേണ്ട സാഹചര്യമില്ലെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്.

അതേസമയം, ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിയെ വെള്ളപൂശി സിപിഐഎം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. യുവതിയുടെ വാദങ്ങള്‍ അന്വേഷണ കമ്മീഷന്‍ ഖണ്ഡിച്ചു. ശശി പണം നല്‍കിയതില്‍ തെറ്റില്ലെന്ന് അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

പരാതിക്കാരിക്ക് 5000 രൂപ നല്‍കിയത് റെഡ് വോളന്റിയര്‍മാരെ സജ്ജമാക്കാനാണെന്നും ഓഫീസിലേക്ക് വിളിപ്പിച്ചത് വോളന്റിയര്‍ സേനയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ അസ്വാഭാവികതയില്ലെന്നും അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

പി.കെ.ശശി പരാതിക്കാരിയോട് മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വെച്ച് മോശമായി പെരുമാറിയിട്ടില്ലെന്നും യുവതിയുടെ ആരോപണത്തിന് ദൃക്‌സാക്ഷികള്‍ ആരുമില്ലെന്നും തിരക്കുള്ള സമയത്ത് പാര്‍ട്ടി ഓഫീസില്‍ വെച്ച് ശശി മോശമായി പെരുമാറിയെന്ന് കരുതാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പല നേതാക്കളും കമ്മീഷന് മൊഴി നല്‍കി. ഈ വിഷയങ്ങള്‍ കേന്ദ്രകമ്മിറ്റിയുടെ സഹായത്തോടെ ജില്ലാ കമ്മിറ്റി പരിശോധിക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Top