മാവോയിസ്റ്റ് അനുകൂല രേഖകള്‍ കണ്ടെത്തി; യുഎപിഎ അറസ്റ്റിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത നടപടിയെ ന്യായീകരിച്ചും യുഎപിഎ വകുപ്പ് ചുമത്തിയ നടപടിയെ എതിര്‍ത്തും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പ്രതിപക്ഷം ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസിനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം.

അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെ ബാഗില്‍ നിന്ന് മാവോയിസ്റ്റ് ലഘുലേഖ കണ്ടെടുത്തെന്ന് പിണറായി വിജയന്‍ പറഞ്ഞു. താഹ ഫസലിന്റെ വീട്ടില്‍ നിന്ന് മാവോയിസ്റ്റ് അനുകൂല പുസ്തകം കണ്ടെടുത്തു. പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ താഹ ഫസല്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചെന്നും പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

അട്ടപ്പാടി മാവോയിസ്റ്റ് വേട്ടയും പന്തീരാങ്കാവിലെ യുഎപിഎ അറസ്റ്റും ഭരണകൂട ഭീകരതയാണെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചത്. ഇക്കാര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. മുന്‍ ആഭ്യന്തരമന്ത്രി കൂടിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

Top