ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടാൽ ഉദ്യോഗസ്ഥരിലും നിലപാട് പ്രതിഫലിക്കും !

20ല്‍ 18 സീറ്റും ലഭിക്കുമെന്ന് ഇടതുപക്ഷം പറയുന്നുണ്ടെങ്കിലും കഴിഞ്ഞ തവണത്തെ 8 സീറ്റെങ്കിലും നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ‘പണി’ പാളും.

പിണറായി സര്‍ക്കാറിന് ഇനി രണ്ട് വര്‍ഷം കാലാവധി ഉണ്ടെങ്കിലും ഉദ്യോഗസ്ഥ തലത്തില്‍ വലിയ വെല്ലുവിളി, തിരിച്ചടി നേരിട്ടാല്‍ ഉണ്ടാകാനാണ് സാധ്യത.

കേന്ദ്രത്തിലെ പുതിയ അധികാര കേന്ദ്രവും സംസ്ഥാനത്തെ തിരിച്ചു വരവും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വലിയ ഊര്‍ജ്ജമാകും നല്‍കുക.

യു.ഡി.എഫ് ലോകസഭ തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടം കൊയ്താല്‍ ഇപ്പോള്‍ മുഖം തിരിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാടും മാറും. മുഖ്യമന്ത്രി പിണറായിയെ പേടിച്ച് നില്‍ക്കുന്ന ഐ.എ.എസുകാര്‍ വരെ പത്തി വിടര്‍ത്താനുള്ള സാധ്യതയും കൂടുതലാണ്.

മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന് ഇപ്പോള്‍ തന്നെ ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. സംഘപരിവാറിനെ സംബന്ധിച്ച് കേരളത്തില്‍ യു.ഡി.എഫ് ഭരണത്തില്‍ വരുന്നതാണ് സുരക്ഷിതമായി അവര്‍ കാണുന്നത്. മുന്‍പ് ഒരു കാലത്തും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള വേട്ടയാണ് ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍ക്കും അനുഭാവികള്‍ക്കും നേരെ നടക്കുന്നതെന്നാണ് പരിവാറിന്റെ ആരോപണം.

പിണറായി സര്‍ക്കാറിനെ പുറത്താക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് ആര്‍.എസ്.എസിനും ഇപ്പോള്‍ ഉള്ളത്.

അതേസമയം, മോദി സര്‍ക്കാര്‍ വീണ്ടും വന്നാല്‍ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിന് നിയമനിര്‍മ്മാണം നടത്താനുള്ള സാധ്യതയും വര്‍ദ്ധിച്ചിട്ടുണ്ട്.

ജില്ലാ എസ്.പിമാരെയും കളക്ടര്‍മാരെയും നിയമിക്കുന്നതിന് കേന്ദ്രത്തിന്റെ ക്ലിയറന്‍സ് ആവശ്യമാകുന്ന നിയമമാണ് ഇതില്‍ പ്രധാനം.

ഇപ്പോള്‍ തന്നെ, സംസ്ഥാന പൊലീസ് മേധാവി നിയമനത്തിന് സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന പാനലില്‍ നിന്നും യുപിഎസ്സിയാണ് നിര്‍ണ്ണായക തീരുമാനമെടുക്കുന്നത്. ഈ രീതി ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും കളക്ടര്‍മാരുടെയും കാര്യത്തില്‍ നടപ്പാക്കിയാല്‍ ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഉണ്ടാകുക. ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയായി തന്നെ അത് ചിത്രീകരിക്കപ്പെടും.

സംസ്ഥാന പോലീസ് മേധാവിമാരുടെ നിയമനം നിലവില്‍ യു.പി.എസ്.സിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണ്. സുപ്രീംകോടതിയാണ് ഇതുസംബന്ധിച്ച മാര്‍ഗരേഖ പുറപ്പെടുവിച്ചത്.

രാഷ്ട്രീയ താത്പര്യം നോക്കി സംസ്ഥാന സര്‍ക്കാരുകള്‍ ഡി.ജി.പിമാരെ നിയമിക്കാന്‍ പാടില്ലെന്ന് മാര്‍ഗരേഖയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

pinarayi vijayan,

ഡിജിപിമാരെ സ്വന്തം താല്പര്യപ്രകാരം നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഡിജിപിയായി നിയമിക്കാന്‍ ഉദ്ദേശിക്കുന്നവരുടെ പട്ടിക സംസ്ഥാനങ്ങള്‍ യു.പി.എസ്.സിക്ക് നല്‍കണമെന്നതാണ് പുതിയ നിയമം. ഈ പട്ടിക പരിശോധിച്ച് യു.പി.എസ്.സി മൂന്ന് പേരുടെ പട്ടിക തയാറാക്കി സംസ്ഥാനത്തിന് കൈമാറും. ഈ പട്ടികയില്‍ നിന്ന് മാത്രമേ സംസ്ഥാനത്തിന് നിയമനം നടത്താന്‍ കഴിയുകയുള്ളൂ. അതായത്, രാഷ്ട്രീയ താല്പര്യം എന്നതിലുപരി ഉദ്യോഗസ്ഥന്റെ കഴിവും സീനിയോരിറ്റിയുമാണ് ഇവിടെ മാനദണ്ഡമാവുക.

ഒരു ഡി.ജി.പിയെ നിയമിച്ചു കഴിഞ്ഞാല്‍ അയാള്‍ക്കു രണ്ടു വര്‍ഷത്തെ കാലാവധി നല്‍കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം വിരമിക്കുകയാണെങ്കില്‍ മാത്രമേ ഈ കാലാവധിയില്‍ മാറ്റം വരുത്താന്‍ പാടുള്ളൂ.

ആക്ടിങ് ഡി.ജി.പിമാരെ നിയമിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്. ആക്ടിംഗ് ഡിജിപി എന്ന ഒരു പദവി ഇല്ലെന്നും അങ്ങനെ ആരെയും നിയമിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഡിജിപി മോഡലില്‍ ജില്ലാപോലീസ് മേധാവികളുടെയും കളക്ടര്‍മാരുടെയും ചീഫ് സെക്രട്ടറിമാരുടെയും നിയമനം വന്നാല്‍, കേന്ദ്ര സര്‍ക്കാരിന് ഉദ്യോഗസ്ഥര്‍ക്കുമേല്‍ ശക്തമായ കടിഞ്ഞാണുണ്ടാകും. സംസ്ഥാന സര്‍ക്കാരുകളുടെ ഇഷ്ടക്കാരായ കണ്‍ഫേഡ് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കാണ് ഈ നിയമം വന്നാല്‍ വലിയ തിരിച്ചടിയുണ്ടാവുക.

udf

ജില്ലകളിലെ ഭരണം നിയന്ത്രിക്കുന്നത് എസ്പിയും കളക്ടറുമായതിനാല്‍ കേന്ദ്രത്തിന് നേരിട്ട് ഇടപെടാന്‍ പറ്റാവുന്ന സാഹചര്യം ക്രമസമാധാന രംഗത്ത് വലിയമാറ്റങ്ങള്‍ക്കാണ് വഴിതുറക്കുക. സമാന്തര ഇടപെടലായി ഇത് വ്യാഖ്യാനിക്കപ്പെടും. ഇത്തരം തസ്തികകളിലിരിക്കാന്‍ താല്പര്യമുള്ള ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മാത്രമല്ല, കേന്ദ്രം കൂടി കനിഞ്ഞാലേ ആഗ്രഹം സഫലമാവുകയുള്ളൂ. ഡിജിപി നിയമനത്തിലെ സുപ്രീംകോടതി ഉത്തരവിന്റെ മറവില്‍ സംസ്ഥാനങ്ങളില്‍ പിടിമുറുക്കാനാണ് ഇത്തരമൊരു പദ്ധതി ബിജെപി ആലോചിക്കുന്നത്. കേരളമാണ് പ്രധാന ടാര്‍ഗറ്റ്.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ പോലും ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണെന്നാണ് യുഡിഎഫും ബിജെപിയും ആരോപിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പ് ഫലം ഉദ്യോഗസ്ഥര്‍ക്ക് നഷ്ടപ്പെട്ട മനോവീര്യം ഉയര്‍ത്തുമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍.

സാധാരണ ഒരു സര്‍ക്കാറിന്റെ കാലാവധി അവസാനിക്കാറാവുന്ന ഘട്ടത്തിലാണ് ഉദ്യോഗസ്ഥപ്പടയുടെ നിറം മാറാറ്. തന്ത്രപ്രധാന തസ്തികകളില്‍ നിന്നും അപ്രധാന തസ്തികകളിലേക്ക് സ്ഥലമാറ്റം ചോദിച്ച് വാങ്ങുന്ന സമയമാണത്. ഈ സമയം ലോകസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നേരത്തെയാവും എന്നാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നത്.

ഇടതുപക്ഷം തകര്‍ന്നടിഞ്ഞാല്‍ പിണറായി സര്‍ക്കാറിന് തുടരാന്‍ ധാര്‍മിക അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രക്ഷോഭം സംഘടിപ്പിക്കാനും യു.ഡി.എഫിനും ബി.ജെ.പിക്കും പദ്ധതിയുണ്ട്.

cpm

ന്യൂനപക്ഷ വോട്ടിലെ ഏകീകരണത്തിലാണ് ഇടതു-വലതു മുന്നണികള്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. അത് ഏത് ഭാഗത്തേക്കാണോ ചെരിഞ്ഞത് ആ മുന്നണി ഭൂരിപക്ഷം സീറ്റും തൂത്ത് വാരുമെന്നതാണ് കണക്ക് കൂട്ടല്‍.

സംഘപരിവാറിനെ ചെറുക്കുന്നതില്‍ തങ്ങളാണ് കേമന്‍മാരെന്ന് കരുതുന്ന ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും വിജയപ്രതീക്ഷയില്‍ പക്ഷേ വലിയ ആശങ്കകളും നിലവിലുണ്ട്.

ന്യൂനപക്ഷ വോട്ടില്‍ പ്രതീക്ഷയര്‍പ്പിച്ച് കൂട്ടുന്ന കണക്കുകള്‍ക്ക് മീതെ ഭൂരിപക്ഷത്തിന്റെ വല്ല അടിയൊഴുക്കും ഉണ്ടായി കാണുമോ എന്നതാണ് ആശങ്ക. ശബരിമല വിഷയവും ബി.ജെ.പി സാന്നിധ്യവുമാണ് ഇതിന് കാരണം. ബി.ജെ.പി രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ചാലും ബാക്കി 18 ലും ഈ തരംഗം ഉണ്ടായാലും വിജയിക്കുമെന്നതാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍.

Top