എ.കെ.ജിയും ഇ.എം.എസും അടക്കമുള്ള നേതാക്കൾ ഇന്ന് ജീവിച്ചിരുന്നെങ്കിൽ . . .

സി.പി.എം എന്ന കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ ശത്രുക്കള്‍ ആ പാര്‍ട്ടി നേതാക്കള്‍ തന്നെയാവരുത്. സഖാവ് പിണറായിയായാലും ഇ.പി ജയരാജനായാലും കോടിയേരിയായാലും ജാഗ്രത കാട്ടേണ്ടത് അനിവാര്യം തന്നെയാണ്.എന്ത് കാര്യവും സൂക്ഷ്മതയോടെ മാത്രം ചെയ്യുന്ന പിണറായിക്ക് തുഷാറിന്റെ കാര്യത്തില്‍ എങ്ങനെ പിഴവ് പറ്റിയെന്നത് ഞെട്ടിക്കുന്നതാണ്.

ചെക്ക് കേസില്‍ അകത്തായ എന്‍.ഡി.എ കണ്‍വീനറെ പുറത്തിറക്കാന്‍ എന്‍.ഡി.എ മന്ത്രിക്ക് കത്തയച്ചതിന്റെ ലോജിക്കാണ് ഇവിടെ പിടി കിട്ടാത്തത്. ഈ ചോദ്യമാണിപ്പോള്‍ നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം സഖാക്കള്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്. ബി.ജെ.പിക്കില്ലാത്ത സ്നേഹം എന്തിനാണ് തുഷാറിനോട് പിണറായിക്കെന്നതാണ് അവര്‍ക്കാര്‍ക്കും പിടികിട്ടാതിരിക്കുന്നത്.

ഇക്കാര്യത്തില്‍ മന്ത്രി ഇ.പി ജയരാജന്റെ ലോജിക്കൊന്നും ആര്‍ക്കും മനസ്സിലാകില്ല. തുഷാറിന്റെ അറസ്റ്റില്‍ അസ്വാഭാവികത ഉണ്ടെന്നാണ് ജയരാജന്‍ പറയുന്നത്. മുഖ്യമന്ത്രി പോലും പറയാത്ത കാര്യമാണിത്. നിയമത്തിന്റെ പരിധിയില്‍ നിന്ന് എല്ലാ സഹായവും ചെയ്ത് കൊടുക്കണമെന്ന് മാത്രമാണ് മുഖ്യമന്ത്രി പോലും പറഞ്ഞിരുന്നത്.

തുഷാര്‍ ചതിക്കുഴിയില്‍ വീണെന്ന് എന്തടിസ്ഥാനത്തിലാണ് ജയരാജന്‍ പറയുന്നത് ? അജ്മാന്‍ പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്ത് ജയിലടച്ചത് ആ രാജ്യത്തെ നിയമ പ്രകാരമാണ്. അതിനെ ചോദ്യം ചെയ്ത് പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്നത് പകല്‍ പോലെ വ്യക്തമാണ്. ഒരു കമ്യൂണിസ്റ്റിന് ചേര്‍ന്ന പ്രതികരണമല്ല ഇത്. കട്ടന്‍ ചായയും പരിപ്പ് വടയും കഴിക്കുന്ന കാലം കഴിഞ്ഞെന്ന് പറയുന്ന നേതാവില്‍ നിന്നും ഇതില്‍ കൂടുതലൊന്നും കേരളം പ്രതീക്ഷിക്കുന്നുമില്ല.

മഹനീയമായ ദൗത്യമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചിട്ടുള്ളതെന്നാണ് ജയരാജന്‍ പറയുന്നത്. തുഷാറിനെ പോലെയല്ല, ഗള്‍ഫിലെ ജയിലുകളില്‍ കിടക്കുന്ന മറ്റ് ആളുകളെന്നും അദ്ദേഹം വാദിക്കുന്നു. അസംബന്ധമായ നിലപാടാണിത്. അല്പമെങ്കിലും ബോധമുള്ള ഒരാള്‍ പറയുന്ന അഭിപ്രായമയി ഇതിനെ കാണാന്‍ കഴിയുകയില്ല. ജയിലില്‍ പോയ തുഷാര്‍ പോലും പറയുന്നത് നിരപരാധികളായ നിരവധി പേര്‍ അവിടെ പെട്ട് പോയത് താന്‍ കണ്ടിട്ടുണ്ടെന്നാണ്. തുഷാര്‍ കണ്ടത് പോലും അംഗീകരിക്കാതെയാണിപ്പള്‍ ജയരാജന്‍ രംഗത്ത് വന്നിരിക്കുന്നത്. ഇതിന് പിന്നിലെ അമിത താല്‍പ്പര്യം രാഷ്ട്രീയ കേരളമാണ് ഇനി ചര്‍ച്ച ചെയ്യേണ്ടത്.

സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ചെക്ക് കൊടുത്ത് കുടുങ്ങിപ്പോയ അനവധി പാവങ്ങള്‍ ഗള്‍ഫിലെ ജയിലുകളിലുണ്ട്. അവര്‍ക്കാര്‍ക്കുമില്ലാത്ത എന്ത് പ്രത്യേകതയാണ് തുഷാര്‍ വെള്ളാപ്പള്ളിക്കുള്ളത് ? കച്ചവടക്കാരനായ യൂസഫലിയുടെ താല്‍പര്യം മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ കേരള സര്‍ക്കാരിന്റെ താല്‍പര്യമാണ് ഇവിടെ പിടികിട്ടാത്തത്.

പാര്‍ട്ടി സെക്രട്ടറിയുടെ മകനുമായി ബന്ധപ്പെട്ട കേസിനും ആന്തൂരിലെ വിവാദ വ്യവസായിയുടെ ആത്മഹത്യക്കും പിന്നാലെ തുഷാര്‍ കേസും സംസ്ഥാനത്ത് വലിയ വിവാദമായി കഴിഞ്ഞു. ഇവിടെ പ്രതിരോധത്തിലാകുന്നത് സി.പി.എമ്മാണ്. ആദ്യത്തെ രണ്ട് സംഭവങ്ങളിലും പാര്‍ട്ടി നേതാക്കളുമായി ബന്ധപ്പെട്ട വിവാദമാണെങ്കില്‍ ഇപ്പോഴത്തേത് രാഷ്ട്രീയ എതിരാളിയെ സഹായിച്ചതിന് കിട്ടിയ ‘പണി’യാണ്.

മുഖ്യമന്ത്രി എന്ന നിലയില്‍ മാത്രമല്ല, സി.പി.എം പിബി അംഗം എന്ന സ്ഥാനം കൂടി മുന്‍നിര്‍ത്തിയാണ് പിണറായിയുടെ നടപടി ഇവിടെ വിമര്‍ശിക്കപ്പെടുന്നത്. ആര്‍.എസ്.എസും ബി.ജെ.പിയുമാണ് കമ്യൂണിസ്റ്റുകളുടെ ഏറ്റവും വലിയ ശത്രു. ഒരു കാലത്തും അവരുമായി സി.പി.എം സന്ധി ചെയ്യില്ല. അത് പ്രത്യായ ശാസ്ത്രപരമായ നിലപാടുകൂടിയാണ്.

ബി.ജെ.പിയുടെ പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസിനെയും സി.പി.എം തുല്യ അകലത്തില്‍ തന്നെയാണ് നിര്‍ത്തിയിരിക്കുന്നത്. ആര്‍.എസ്.എസിന്റെ ഉല്‍പന്നമാണ് ബി.ഡി.ജെ.എസ് എന്നാണ് സി.പി.എം. ഇതുവരെ വാദിച്ചിരുന്നത്. അക്കാര്യത്തിലിപ്പോള്‍ വല്ല മാറ്റവും വന്നിട്ടുണ്ടെങ്കില്‍ പൊതു സമൂഹത്തോട് തുറന്നു പറയാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാവണം.

ശ്രീധരന്‍പിള്ളയും തുഷാര്‍ വെള്ളാപ്പള്ളിയുമാണ് മോദിയുടെ എന്‍.ഡി.എയെ കേരളത്തില്‍ നയിക്കുന്നത്. ഇക്കാര്യം പിണറായിയും ഇ.പി. ജയരാജനും മറന്നു പോയോ ?

ഇനി എസ്.എന്‍.ഡി.പി യോഗത്തിന്റെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് നീക്കമെങ്കില്‍ അതും നടക്കില്ല, കാരണം അങ്ങനെയൊരു വോട്ട് ബാങ്ക് അവര്‍ക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വോട്ടര്‍ പട്ടികയിലെ മൂന്നില്‍ ഒന്നും ഈഴവരുള്ള വയനാട് ലോക് സഭാ മണ്ഡലത്തില്‍ കെട്ടിവച്ച കാശ്പോലും തുഷാര്‍ വെള്ളാപള്ളിക്ക് കിട്ടിയിട്ടില്ല. മുന്‍പ് അവിടെ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയ വോട്ട് പോലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തുഷാറിന് കിട്ടിയില്ലെന്നതും ഓര്‍ക്കണം.

ഈഴവരില്‍ ഭൂരിപക്ഷവും ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്നത് വെള്ളാപള്ളിയെ കണ്ടിട്ടല്ല. അതവരുടെ പരമ്പരാഗതമായ രാഷ്ട്രീയ നിലപാടാണ്. വെള്ളാപള്ളിയെ നവോത്ഥാന നായകനാക്കി പ്രതിഷ്ഠിച്ചപ്പോള്‍ നഷ്ടം മാത്രമാണ് ഇടതുപക്ഷത്തിന് സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് തന്നെ ഇതിനൊരു ഉദാഹരണമാണ്. വീണ്ടും ഒരു ഉപതെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ചരിത്രപരമായ മണ്ടത്തരമാണ് സംസ്ഥാന സര്‍ക്കാരിപ്പോള്‍ കാണിച്ചിരിക്കുന്നത്.

തെറ്റ് തിരുത്തല്‍ നടപടി സ്വീകരിക്കാന്‍ സി.പി.എം സംസ്ഥാന നേതൃയോഗം തീരുമാനിച്ചതിന് തൊട്ടു പിന്നാലെയാണ് ഈ വലിയ തെറ്റും ചെയ്തിരിക്കുന്നത്.

കീഴ്ഘടകത്തിലെ സഖാക്കളെ പെരുമാറ്റം പഠിപ്പിക്കാന്‍ ചെല്ലുന്നവര്‍ ആദ്യം സ്വയം മാതൃകയാവുകയാണ് വേണ്ടത്. എ.കെ.ജിയും കൃഷ്ണപ്പിള്ളയും ഇ.എം.എസുമെല്ലാം നയിച്ച പാര്‍ട്ടിയാണ് സി.പി.എം. ഒരു കമ്യൂണിസ്റ്റ് എങ്ങനെ ആയിരിക്കണമെന്നത് ജീവിച്ച് കാണിച്ച് തന്ന അവരെ പോലെ അനവധി പേരുണ്ട് ഇപ്പോഴും ഈ പാര്‍ട്ടിയില്‍.

ഒരു സമ്പന്നന്റെ താല്‍പ്പര്യത്തിനും അവരാരും വഴങ്ങിയിട്ടില്ല, സഖാക്കള്‍ക്കും പാര്‍ട്ടി നിലപാടുകള്‍ക്കും മീതെ പറന്നിട്ടുമില്ല. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല, ഒരുപാട് മാറിയിരിക്കുകയാണ് പാര്‍ട്ടിയിലെ ചില നേതാക്കള്‍. കമ്യൂണിസ്റ്റുകളെ സംബന്ധിച്ച് ഞെട്ടിക്കുന്ന വ്യതിയാനമാണിത്.

പണത്തിനും അധികാരത്തിനും സ്വാധീനങ്ങള്‍ക്കുമൊന്നും താഴ്ത്താന്‍ കഴിയാത്ത ചെങ്കൊടിയാണിവിടെ താഴ്ന്ന് തുടങ്ങുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരു അപകട സൂചനയാണ്. അത് തിരിച്ചറിഞ്ഞിരുന്നു എങ്കില്‍ ഇത്തരം ഒരു പ്രവര്‍ത്തി നേതാക്കള്‍ കാണിക്കില്ലായിരുന്നു. മാധ്യമങ്ങള്‍ക്ക് പാര്‍ട്ടിയെ കൊത്തിപ്പറിക്കാന്‍ അവസരമൊരുക്കുന്നത് തന്നെ ഇത്തരം തെറ്റായ സമീപനങ്ങള്‍ മൂലമാണ്.

പാവം സഖാക്കളുടെ ‘പരിമിതി’കളാണ് ഇവിടെ നേതാക്കള്‍ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നത്. പാര്‍ട്ടി അച്ചടക്കം പരമപ്രധാനമായ സി.പി.എമ്മില്‍ അണികള്‍ക്ക് പരിമിതികള്‍ ഏറെയാണ്.

പറയാനുള്ള അഭിപ്രായങ്ങള്‍ ഘടകങ്ങളില്‍ പറഞ്ഞിട്ട് പോലും ഒരു കാര്യവും ഇല്ലാത്ത അവസ്ഥയാണ് നിലവില്‍, അതിദയനീയമാണീ കാഴ്ച. പി.ബിയിലും കേന്ദ്ര കമ്മറ്റിയിലുമൊക്കെയുള്ള നേതാക്കളെ തിരുത്താന്‍ സാധാരണ പാര്‍ട്ടി സഖാവിന് കഴിഞ്ഞിരുന്ന കാലമൊക്കെ മാറിക്കഴിഞ്ഞു. ഇത് പുതിയ കാലമാണ്. പുതിയ രീതികളാണ് ഇവിടെ ചില നേതാക്കള്‍ പിന്തുടരുന്നത്. കമ്യൂണിസ്റ്റ് മൂല്യങ്ങളാണതോടെ നഷ്ടപ്പെടുന്നത്.

സി.പി.എം എന്ന പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും രാജ്യത്ത് ആകെയുള്ള ഒരു തുരുത്താണ് കേരളം, ഈ പോക്കുപോയാല്‍ അതും കൂടി ഉടന്‍ തന്നെ നഷ്ടമാകും. അക്കാര്യം ഓര്‍ക്കുന്നത് നല്ലതാണ്.

Team Express Kerala

Top