cpm party program of environmental protection

തിരുവനന്തപുരം: സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടിയില്‍ പറയുന്ന കാര്യങ്ങള്‍ ലംഘിച്ച് സര്‍ക്കാരിന്റെ പരിസ്ഥിതി നയം.

പരിസ്ഥിതിക്ക് ഏറെ ആഘാതമുണ്ടാക്കുന്ന കരിങ്കല്‍ക്വാറി പ്രവര്‍ത്തനത്തിലെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനും പ്രാദേശികമായി ഉയരുന്ന തടസ്സങ്ങള്‍ നീക്കാനുമാണ് ഇടത് സര്‍ക്കാര്‍ തീരുമാനം.

സംസ്ഥാനത്തെ ഖനന, നിര്‍മാണ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സിപിഎം പിബി അംഗം കൂടിയായ മുഖ്യമന്ത്രി പിണറായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനമുണ്ടായത്.

ഖനനാനുമതി കാലയളവ് ഒരു വര്‍ഷമെന്നത് പാരിസ്ഥിതികാനുമതി നേടുന്ന കാലയളവായ അഞ്ചുവര്‍ഷമാക്കി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന് നിയമഭേദഗതി ആവശ്യമാണോയെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടറെയാണ് ചുമതലപ്പെടുത്തിയത്. ഇത് ക്വാറി് മാഫിയകളെ സംബന്ധിച്ച് വന്‍ നേട്ടമാണ്.

അഞ്ച് ഹെക്ടറില്‍ താഴെയുള്ള ഭൂമിയില്‍ ഖനനാനുമതി ലഭിച്ച ക്വാറികള്‍ക്ക്, പുതുക്കുമ്പോഴേ പാരിസ്ഥിതികാനുമതി വാങ്ങേണ്ടതുള്ളൂ. ഇക്കാര്യം കലക്ടര്‍മാരെ അറിയിക്കാന്‍ വ്യവസായ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഖനനാനുമതി നേടിയ ക്വാറികള്‍ക്കെതിരെ ജനം സമരം നടത്തുമ്പോള്‍ കലക്ടര്‍മാര്‍ സ്റ്റോപ് മെമ്മോ നല്‍കുന്നതായി ക്വാറി ഉടമകള്‍ പരാതിപ്പെട്ടിരുന്നു. ഖനനാനുമതി കാലയളവ് അഞ്ചുവര്‍ഷമായി വര്‍ധിപ്പിക്കുന്നതിന് ആനുപാതികമായി തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് അനുവദിക്കുന്ന ലൈസന്‍സുകളുടെ കാലപരിധിയും അഞ്ചുവര്‍ഷമാക്കും. അതിന് ചട്ടഭേദഗതി ആവശ്യമാണോയെന്ന് പരിശോധിച്ച് നിര്‍ദേശം ഒരുമാസത്തിനകം മന്ത്രിസഭയോഗത്തിന്റെ പരിഗണനക്ക് സമര്‍പ്പിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സര്‍ക്കാര്‍ പുറമ്പോക്കുകളിലെ ധാതുഖനനം പൊതുമേഖലയില്‍ ആക്കാനുള്ള സാധ്യത സംബന്ധിച്ച് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലാറ്ററൈറ്റ് ഖനനത്തിന് പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭിക്കാന്‍ നേരിടുന്ന കാലതാമസം ഒഴിവാക്കാനും നടപടി സ്വീകരിക്കും.

കളിമണ്ണ് ഖനനത്തിനും സര്‍ക്കാര്‍ പുതുമാര്‍ഗം സ്വീകരിക്കും. സംസ്ഥാനത്തെ നെല്‍വയലുകളില്‍ ധാരാളം കളിമണ്ണ് ശേഖരമുണ്ടെന്ന് കണ്ടത്തെിയിട്ടുണ്ട്. 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം നിലവില്‍ വരുംമുമ്പ് നികത്തിയ വയലുകളിലെ കളിമണ്ണാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. അത് കുഴിച്ചെടുക്കാനുള്ള സാധ്യത പരിശോധിക്കാന്‍ തീരുമാനിച്ചു.

ഇതുസംബന്ധിച്ച് പഠിക്കാന്‍ വിദഗ്ധ ഏജന്‍സിയെ നിയമിക്കാനും തീരുമാനിച്ചു. റിപ്പോര്‍ട്ട് രണ്ടുമാസത്തിനകം സമര്‍പ്പിക്കണമെന്നതാണ് സര്‍ക്കാറിന്റെ നിര്‍ദേശം.

PicsArt_03-02-12.12.16

സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടിയില്‍ പരിസ്ഥിതി സംരക്ഷിക്കാനുള്ള സമഗ്രമായ നടപടികള്‍ കൈക്കൊള്ളുമെന്നും പരിസ്ഥിതി സന്തുലനം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യം മനസില്‍ വെച്ചുകൊണ്ടുള്ള വികസന പരിപാടികള്‍ മാത്രമേ ആസൂത്രണം ചെയ്യൂവെന്നും വ്യക്തമാക്കിയിട്ടുള്ളതാണ്. രാജ്യത്തിന്റെ ജൈവവൈവിധ്യവും ജൈവവിഭവങ്ങളും സാമ്രാജ്യത്വ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കുമെന്നും രേഖയില്‍ പ്രത്യേകം ഉറപ്പ് നല്‍കിയിട്ടുള്ളതാണ്.

എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ എടുത്ത നിലപാട് പാര്‍ട്ടി നയത്തിന് ഘടകവിരുദ്ധമാണ്. പരിസ്ഥിതി തകര്‍ക്കുന്ന ക്വാറി-കളിമണ്ണ് മാഫിയകള്‍ക്കാണ് സര്‍ക്കാര്‍ നടപടികൊണ്ട് പ്രയോജനമുണ്ടാവുക.

പാര്‍ട്ടി നയത്തിന് വിരുദ്ധമായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ സിപിഎം അണികള്‍ക്കിടയിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മിക്ക പരിസ്ഥിതി മേഖല പ്രദേശങ്ങളിലും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കൊപ്പം സിപിഎം പ്രവര്‍ത്തകരും സമര രംഗത്ത് നിലവിലുണ്ട്.

Top