വടകരയിൽ ജയരാജൻ വിരുദ്ധ സഖ്യം ! പൊരുതി മുന്നേറാൻ ചെമ്പടയും തയ്യാർ

രാഷ്ട്രീയപരമായി മാത്രമല്ല, വ്യക്തിപരമായും പ്രതിപക്ഷം ഒറ്റക്കെട്ടായി ആഗ്രഹിക്കുന്ന ഒരേ ഒരു കാര്യമാണ് വടകരയിലെ പി.ജയരാജന്റെ തോല്‍വി. ഇക്കാര്യത്തില്‍ വൈര്യനിര്യാതന ബുദ്ധിയോടെയാണ് ബി.ജെ.പിയും മുസ്ലീം ലീഗും, ആര്‍.എം.പിയും കോണ്‍ഗ്രസ്സുമെല്ലാം കടത്തനാടന്‍ മണ്ണിലെ അങ്കത്തട്ടില്‍ ഇറങ്ങിയിരിക്കുന്നത്. അന്‍പതിനായിരത്തോളം വോട്ട് മണ്ഡലത്തില്‍ ഉണ്ട് എന്ന് അവകാശപ്പെടുന്ന ആര്‍.എം.പി നിരുപാധികമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാലും ഇല്ലങ്കിലും ജയരാജന്റെ തോല്‍വി ഉറപ്പാക്കാന്‍ അതിശക്തമായി പ്രവര്‍ത്തിക്കുമെന്നാണ് ആര്‍.എസ്.എസ് നിലപാട്. മുസ്ലീം ലീഗാകട്ടെ കണ്ണൂരില്‍ നിന്നും പ്രത്യേക കേഡര്‍മാരെ തന്നെ വടകരയില്‍ പ്രചരണത്തിന് നിയോഗിച്ചിരിക്കുകയാണ്.

സകല സി.പി.എം വിരുദ്ധരും ആഗ്രഹിക്കുന്നത് പി.ജയരാജന്‍ എന്ന കമ്യൂണിസ്റ്റിന്റെ വീഴ്ചയാണ്.മുല്ലപ്പള്ളിക്ക് പകരം ഒരു വനിതാ കൗണ്‍സിലറെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയാക്കുമെന്ന വിവരം പുറത്ത് വന്നതോടെ കോണ്‍ഗ്രസ്സ് നേത്യത്വത്തില്‍ ശക്തമായി സമ്മര്‍ദ്ദം ചെലുത്താന്‍ പാണക്കാട്ടെ തങ്ങള്‍ മാത്രമല്ല, സംഘപരിവാര്‍ നേതാക്കള്‍ വരെ രംഗത്തിറങ്ങി എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ജയരാജനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സിനുമേല്‍ ആര്‍.എം.പിയും ലീഗും ശക്തമായ സ്വാധീനമാണ് ചെലുത്തിയത്. ഇതോടെയാണ് ഒടുവില്‍ കെ.മുരളിധരന് വടകരയില്‍ നറുക്ക് വീണത്.

രാഷ്ട്രീയത്തില്‍ പരസ്പരം പോരടിക്കുന്ന യു.ഡി.എഫിനും സംഘപരിവാറിനും ആര്‍.എം.പിക്കുമെല്ലാം ജയരാജന്റെ കാര്യത്തില്‍ എതിരഭിപ്രായമില്ല. അത്രമാത്രം അവര്‍ ഈ നേതാവിന്റെ പതനം ആഗ്രഹിക്കുന്നുണ്ട്. തങ്ങളുടെ പ്രവര്‍ത്തകര്‍ കണ്ണൂരില്‍ അരും കൊല ചെയ്യപ്പെടുന്നതിന്റെ പാപഭാരമാണ് അവര്‍ ജയരാജനു മേല്‍ കെട്ടി വയ്ക്കുന്നത്.ആര്‍.എം.പിയാകട്ടെ ടി.പി.ചന്ദ്രശേഖരനെ വധിക്കാന്‍ കൊലയാളികളെ പറഞ്ഞയച്ചത് തന്നെ ജയരാജനാണെന്ന നിലപാടിലുമാണ്.

കുഞ്ഞനന്തന്‍ ഉള്‍പ്പെടെയുള്ളവര്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നത് ചാനല്‍ ചര്‍ച്ചകളില്‍ ചൂണ്ടിക്കാട്ടുന്ന ചന്ദ്രശേഖരന്റെ വിധവ രമ രൂക്ഷമായാണ് സി.പി.എമ്മിനെയും ജയരാജനെയും കടന്നാക്രമിക്കുന്നത്. ജയരാജന്‍ ആണ് കൊലയാളികളെ പറഞ്ഞയച്ചതെങ്കില്‍ എന്തുകൊണ്ട് ജയരാജന്‍ പ്രതിയായില്ല എന്നതിന് രമ ഇനി മറുപടി പറയണം. ഉമ്മന്‍ ചാണ്ടിയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും പൊലീസിന് ജയരാജനെ അറസ്റ്റ് ചെയ്യാന്‍ എന്താ പേടിയായിരുന്നുവോ ?

സി.പി.എം ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററെ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിടും ഒടുവില്‍ കോടതി വെറുതെ വിട്ട കാര്യവും നാം മറന്നു പോകരുത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിച്ചിരുന്ന സമയത്ത് ശക്തമായ അന്വേഷണം നടത്തി മുഴുവന്‍ പ്രതികളെ മാത്രമല്ല, ഗൂഢാലോചനക്കാരേയും പിടികൂടാമായിരുന്നു. ഉമ്മന്‍ചാണ്ടി പൊലീസിന് കണ്ട് പിടിക്കാന്‍ പറ്റാത്തത് എങ്ങനെ ആര്‍.എം.പി നേതാക്കളും രമയും കണ്ടു പിടിച്ചു ? യു.ഡി.എഫ് സര്‍ക്കാരും സി.പി.എം നേതാക്കളും തമ്മില്‍ നടന്ന രഹസ്യധാരണയുടെ പുറത്താണ് ഗൂഢാലോചനക്കാരില്‍ കേസെത്താതിരുന്നത് എന്നാണ് ആര്‍.എം.പിയുടെ പുതിയ ആരോപണം. ഈ വാദം ശരിയാണെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ആ കോണ്‍ഗ്രസ്സിനെ വടകരയില്‍ പിന്തുണക്കുന്നത് ? ഈ ചോദ്യത്തിന് രാഷ്ട്രീയ കേരളത്തോട് മറുപടി പറഞ്ഞേ പറ്റൂ.

ആരോഗ്യപരമായ ഒരു രാഷ്ട്രീയ പോരാട്ടം എന്നതില്‍ നിന്നും മാറി പക തീര്‍ക്കുന്നതിന്റെ വേദിയായി വടകരയിലെ തെരഞ്ഞെടുപ്പ് മാറുന്നത് എന്തായാലും ആശ്വാസകരമല്ല. മുന്‍പ് കോ-ലീ-ബീ സഖ്യത്തിലൂടെ കേരള രാഷ്ട്രീയത്തില്‍ വിവാദ കൊടുങ്കാറ്റുയര്‍ത്തിയ മണ്ഡലങ്ങളാണ് ബേപ്പൂരും വടകരയും. ചരിത്രം വീണ്ടും അതേ പാതയിലേക്കാണ് ഇപ്പോള്‍ വീണ്ടും സഞ്ചരിക്കുന്നത്. ഇത്തവണ കോ-ലീ-ബി ക്ക് പുറമെ ആര്‍.എം.പി കുടി ചേരുമ്പോള്‍ കോ-ലീ-ബി- ആര്‍, സഖ്യമായി അത് മാറാനാണ് സാധ്യത. പാര്‍ട്ടികളുടെ ആശയവും കൊടികളുടെ നിറവും എല്ലാം ഒരൊറ്റ ലക്ഷ്യത്തിനു മുന്നില്‍ അപ്രസക്തമാകുന്ന കാഴ്ച വടകരയില്‍ ഇപ്പോഴേ വ്യക്തമാണ്. വടകര ലോകസഭ മണ്ഡലത്തില്‍ കെ.മുരളിധരനെ വിജയിപ്പിച്ചാല്‍ വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാം എന്ന ധാരണ അണിയറിയിലുണ്ടെന്ന വിവരവും ഇപ്പോള്‍ പുറത്ത് വന്നു കഴിഞ്ഞു.

കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമമായി അറിയപ്പെടുന്ന പത്രമുത്തശ്ശിയുടെ ഇംഗ്ലീഷ് ഓണ്‍ലൈന്‍ എഡിഷനിലാണ് ഈ വാര്‍ത്ത വന്നിരിക്കുന്നത്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏകദേശം 14 ശതമാനം വോട്ടാണ് ബി.ജെ.പി വടകരയില്‍ നേടിയിരുന്നത്.
ജയരാജനെ ഒരു കാരണവശാലും വിജയിപ്പിച്ച് ഡല്‍ഹിയിലേക്ക് അയക്കരുത് എന്ന കാര്യത്തില്‍ ബി.ജെ.പി – ആര്‍.എസ്.എസ് ദേശീയ നേത്യത്വത്തിനും ശക്തമായ നിലപാടാണ് ഉള്ളത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചുവപ്പ് ഭീകരതക്കെതിരെ കേരളത്തിനകത്തും പുറത്തും വലിയ പ്രക്ഷോഭമാണ് സംഘ പരിവാര്‍ സംഘടനകള്‍ നടത്തിയിരുന്നത്. പ്രധാനമായും കണ്ണൂര്‍ ജില്ലയിലെ ആക്രമണം മുന്‍ നിര്‍ത്തിയായിരുന്നു പ്രതിഷേധം.

മുഖ്യമന്ത്രിയെ മറ്റു സംസ്ഥാനങ്ങളില്‍ തടയാനുള്ള നീക്കവുമുണ്ടായി. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ബി.ജെ.പി നയിച്ച പ്രതിഷേധ മാര്‍ച്ചില്‍ അമിത്ഷായും കേന്ദ്ര മന്ത്രിമാരും മുഖ്യമന്തി മാരും ഉള്‍പ്പെടെയാണ് പങ്കെടുത്തത്. കണ്ണൂരില്‍ പി ജയരാജന്‍ നയിക്കുന്ന പാര്‍ട്ടിയെ എത്രമാത്രം സംഘപരിവാര്‍ ഭയപ്പെടുന്നു എന്നതിന്റെ നേര്‍ സാക്ഷ്യമായിരുന്നു ഈ പ്രതിഷേധങ്ങള്‍. ആ ജയരാജനെ വീഴ്ത്താനാണ് കാവി പടയും ഇപ്പോള്‍ തന്ത്രങ്ങളുമായി സജീവമായിരിക്കുന്നത്. വേട്ടക്കാരന്‍ എന്ന് സകല എതിരാളികളും ആക്ഷേപിക്കുമ്പോഴും വേട്ടയാടപ്പെട്ട ശരീരവുമായി തളരാതെയാണ് ഈ കമ്യൂണിസ്റ്റ് മുന്നോട്ട് പോകുന്നത്. പോരാട്ട ഭൂമിയായ കടത്തനാടന്‍ മണ്ണ് ചുവപ്പിനെ കൈവിടില്ലന്ന പ്രതീക്ഷയിലാണ് ഓരോ ചുവടുവെയ്പ്പും.

Top