ബിജെപിയില്‍ ചേരുമെന്ന വ്യാജവാര്‍ത്തയ്ക്ക് പിന്നില്‍ സംഘപരിവാര്‍; മറുപടിയുമായി പി.ജയരാജന്‍

കണ്ണൂര്‍: ബിജെപിയില്‍ ചേരുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജന്‍.

ഇത്തരത്തിലുള്ള വാര്‍ത്തകള്‍ക്ക് പിന്നില്‍ സംഘപരിവാര്‍ ഗ്രൂപ്പുകളും മുസ്ലീം തീവ്രവാദ ഗ്രൂപ്പുകളുമാണെന്നാണ് ജയരാജന്‍ പറയുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജയരാജന്‍ വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം മറുപടിയുമായി എത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്നെ സംബന്ധിച്ച ഒരു വ്യാജവാർത്ത ഇന്നലെ മുതൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടിരുന്നു.എന്നാൽ ആ സമയത്ത് അത് ഞാൻ അവഗണിക്കുകയായിരുന്നു.
എന്നാൽ ഇന്ന് ആർഎസ്എസ് ചാനലായ ജനം ടിവിയുടെ ലോഗോ വെച്ച പോസ്റ്ററുകളാണ് കാണുന്നത്.പ്രചരിപ്പിക്കുന്നതോ സംഘികളും മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളും.
ഇതോടെ ഈ വ്യാജവാർത്ത പ്രചാരണത്തിന് പിന്നിൽ സംഘപരിപാരവും മുസ്ലിം തീവ്രവാദി ഗ്രൂപ്പുകളും ആണെന്ന് വ്യക്തമായിരിക്കുകയാണ്.
ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കും.

പിതൃശൂന്യ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നല്ല കഴിവുള്ളവരാണ് സംഘികൾ.അച്ചടി പത്രങ്ങൾ പ്രസിദ്ധീകരിക്കാത്തതിന്റെ തലേ ദിവസം ഭീകരമായ കൊലപാതകങ്ങളും അക്രമണങ്ങളുമാണ് അവർ നടത്താറുള്ളത്. റിപ്പബ്ലിക് ദിനത്തിൽ സ:കെ വി സുധീഷിനെ വീട്ടിൽ കയറി അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയതും
20 വര്ഷം മുൻപൊരു തിരുവോണ നാളിൽ എന്നെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതും ഈ അവസരത്തിൽ ഓർക്കേണ്ടതാണ്.ഈ തിരുവോണ നാളിൽ തന്നെയാണ് ബിജെപിയിൽ ചേരുന്നുവെന്ന നെറികെട്ട നുണയും സംഘപരിവാരം പ്രചരിപ്പിക്കുന്നത്.

സംഘപരിവാര ശക്തികൾക്കെതിരായി രാഷ്ട്രീയ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗവും സിപിഐഎം പ്രവർത്തകൻ എന്ന നിലയ്ക്ക് പോരാടിയ ആളാണ് ഞാൻ.അത് ഇപ്പോളും തുടർന്ന് കൊണ്ടിരിക്കുകയാണ്.അതിനാൽ തന്നെ ഈ വ്യാജ വാർത്തകൾ ജനങ്ങൾക്കിടയിൽ വിലപ്പോവില്ല.

Top