ജോർജിന്റെ അറസ്റ്റ്; ആരോപണത്തിന് മാസ് മറുപടി നൽകി സി.പി.ഐ.എം !

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ പി സി ജോർജിനെ പൊലീസ്‌ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. അപ്രതീക്ഷിതമായ സർക്കാർ നീക്കത്തിൽ പതറിയ യു.ഡി.എഫ് നേതാക്കളാണ് ക്രഡിറ്റ് ഇടതുപക്ഷത്തിനു ലഭിക്കാതിരിക്കാൻ ആരോപണങ്ങളുമായി രംഗത്തു വന്നിരിക്കുന്നത്. ഇതിനു ചരിത്രം ഓർമ്മിപ്പിച്ചാണ് സി.പി.എം തിരിച്ചടിച്ചിരിക്കുന്നത്.

കസ്‌റ്റഡിയിലെടുക്കാൻ 24 മണിക്കൂറിൽ അധികമെടുത്തു എന്നാരോപിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മൂടിവയ്‌ക്കുന്നത്‌ ആർഎസ്‌എസിന്‌ പരവതാനി വിരിച്ച മുൻ യുഡിഎഫ്‌ ഭരണകാലം ചരിത്രമാണെന്നാണ് സി.പി.എം ഓർമ്മിപ്പിക്കുന്നത്.വർഗീയപ്രീണനം മുഖമുദ്രയായിരുന്ന ഉമ്മൻചാണ്ടി സർക്കാർ രക്ഷിച്ചെടുത്തത്‌ കൊടും ക്രിമിനലുകളായ വർഗീയവാദികളെയാണ്‌. മുസ്ലിം ലീഗും പങ്കാളിയായിരുന്ന സർക്കാരാണ്‌ ഈ കേസുകൾ പിൻവലിച്ച്‌ ഹിന്ദുത്വ വർഗീയവാദികളെ സഹായിച്ചതെന്നാണ് സി.പി.എം മുഖപത്രം ദേശാഭിമാനി തുറന്നടിച്ചിരിക്കുന്നത്.

മാറാട് കൂട്ടക്കൊലയ്ക്കുശേഷം കോഴിക്കോട്ട് വിഷംചീറ്റുന്ന പ്രസംഗം നടത്തിയ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയക്കും കുമ്മനം രാജശേഖരനുമെതിരായ കേസ് പിൻവലിക്കാൻ തീരുമാനിച്ചത്‌ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ആഭ്യന്തര മന്ത്രിയുമായിരുന്ന 2011 ലെ യുഡിഎഫ്‌ മന്ത്രിസഭയുടെ കാലത്താണെന്നാണ് ഓർമ്മപ്പെടുത്തൽ.

യുഡിഎഫിന്റെ ആർഎസ്എസ് പ്രീണനത്തിന്റെ ഭാഗമായിരുന്നു ഇതെന്നും ദേശാഭിമാനി കുറ്റപ്പെടുത്തിയിട്ടുണ്ട്. കൂട്ടക്കൊലയ്ക്കുശേഷമുണ്ടാക്കിയ ഒത്തുതീർപ്പ് ചർച്ചയുടെ ഭാഗമായാണ് കേസ് പിൻവലിച്ചതെന്നായിരുന്നു ഉമ്മൻചാണ്ടി മുൻപു പറഞ്ഞിരുന്ന ന്യായം. 218/2003 ക്രൈം നമ്പർ പ്രകാരം 2003 ജൂലൈ 8ന്‌ കോഴിക്കോട്‌ കസബ പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത കേസാണിത്‌.

മാറാട്ട് 2002 ജനുവരി രണ്ടിനും മൂന്നിനും നടന്ന ആദ്യ കലാപത്തിൽ അഞ്ചുപേരും 2003 മെയ് രണ്ടിന് നടന്ന കൂട്ടക്കൊലയിൽ ഒമ്പതുപേരുമാണ് കൊല്ലപ്പെട്ടത്. തുടർന്ന് ന്യൂനപക്ഷ വിഭാഗങ്ങളെ ആട്ടിയോടിച്ചു. വീട്ടിൽനിന്നും നാട്ടിൽനിന്നും ആട്ടിയോടിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ ആർഎസ്എസ് അനുവദിച്ചില്ലന്നും സി.പി.എം മുഖപത്രം ചൂണ്ടിക്കാട്ടി. മതേതരശക്തികളുടെ ശക്തമായ ഇടപെടലിലൂടെയാണ് പുനരധിവാസം യാഥാർഥ്യമായത്. ആ ഘട്ടത്തിലാണ്, തൊഗാഡിയ എത്തി വർഗീയത ആളിക്കത്തിക്കുന്ന പ്രസംഗം നടത്തിയിരുന്നത്. അന്ന്, തൊഗാഡിയക്ക് നിർബാധം ന്യൂനപക്ഷവിരുദ്ധ-ദേശവിരുദ്ധ പ്രസംഗം നടത്താൻ ഒത്താശചെയ്‌ത യുഡിഎഫ് സർക്കാർ അത്തരം കള്ളക്കളിയാണ് തുടർന്നിങ്ങോട്ടും കളിച്ചതെന്നും ദേശാഭിമാനി ലേഖനത്തിൽ ആരോപിച്ചിട്ടുണ്ട്.

കേസുകൾ പിൻവലിക്കുന്ന കാര്യത്തിൽ ഒരു ചർച്ചയും നടത്തിയില്ലെന്ന് അന്ന് യുഡിഎഫിനുവേണ്ടി മധ്യസ്ഥനായിരുന്ന ഗാന്ധിയൻ ഗോപിനാഥൻനായരും മുൻപ് വ്യക്തമാക്കിയിരുന്നു. തൊഗാഡിയ പ്രസംഗിച്ചത് 2003 ജൂലൈ എട്ടിനാണ്. അന്ന് എ കെ ആന്റണിയാണ് മുഖ്യമന്ത്രി. തൊഗാഡിയയെ തടയണമെന്ന് മതനിരപേക്ഷ കക്ഷികൾ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും യുഡിഎഫ് സർക്കാർ അനങ്ങിയിരുന്നില്ല. ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയാൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്നും ഒന്നാംഘട്ടമായി ന്യൂനപക്ഷങ്ങളെയും രണ്ടാംഘട്ടമായി “കപട മതേതരവാദി’കളെയും തുടച്ചുനീക്കുമെന്നുമാണ് തൊഗാഡിയ അന്ന് ഭീഷണി മുഴക്കിയത്. അതിനെതിരെ ശക്തമായ പ്രതിഷേധമുയർന്നപ്പോഴാണ് ആന്റണി സർക്കാർ കേസെടുക്കാൻ നിർബന്ധിതമായത്. തുടർന്ന് ആന്റണിയെ താഴെയിറക്കി ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായശേഷവും കുറ്റപത്രം നൽകുന്നതിൽ ഉൾപ്പെടെ വീഴ്‌ച വരുത്തിയെന്നും ലേഖനത്തിൽ തുറന്നു കാട്ടിയിട്ടുണ്ട്.

തലസ്ഥാനത്തെ എംജി കോളേജിലെ ആർഎസ്എസ് അക്രമവുമായി ബന്ധപ്പെട്ട കേസ് പിൻവലിച്ചതും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണെന്ന കാര്യവും സി.പി.എം മുഖപത്രം എടുത്തു പറഞ്ഞിട്ടുണ്ട്.അന്ന്‌ രമേശ്‌ ചെന്നിത്തലയായിരുന്നു ആഭ്യന്തരമന്ത്രി. പൊലീസ് ഇൻസ്പെക്ടറെ കൊല്ലാൻ ശ്രമിച്ച കേസിലെ ഒരു പ്രതി നിരപരാധിയാണെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്ന് പറഞ്ഞാണ് മുഴുവൻ ക്രിമിനലുകളെയും അദ്ദേഹം കുറ്റവിമുക്തരാക്കിയിരുന്നത്. 2005 ൽ എംജി കോളേജിലെ പൊലീസ് നപടിക്കിടെ അന്നത്തെ പേരൂർക്കട സർക്കിൾ ആയിരുന്ന മോഹനൻ നായരെ ബോംബ് ഏറിഞ്ഞ കേസിൽ പ്രതിയായ എബിവിപി നേതാവ് ആദർശിനു പൊലീസ് കോൺസ്റ്റബിളായി ജോലി നൽകാനാണ് അന്നത്തെ യുഡിഎഫ് സർക്കാർ കേസ്‌ പിൻവലിച്ചതെന്ന ഗുരുതര ആരോപണവും ലേഖനത്തിലുണ്ട്.

ആകെ 28 പ്രതികൾ ഉണ്ടായിരുന്ന കേസിലെ 17 ആം പ്രതിയായിരുന്നു ആദർശ്. കുറ്റപത്രം സമർപ്പിച്ചതിനാൽ കേസിൽ നിന്ന് വിടുതൽ നൽകാൻ വേണ്ടി ആ കേസ് തന്നെ പിൻവലിച്ച് ആദർശിന് ജോലി നൽകി യുഡിഎഫ്‌ സർക്കാർ. യുഡിഎഫ് സർക്കാർ എബിവിപി നേതാക്കൾ പ്രതികളായ കേസ് പിൻവലിക്കുന്നതിനെതിരെ പൊതുസമൂഹത്തിൽ വലിയ എതിർപ്പ് ഉയർന്നെങ്കിലും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തീരുമാനത്തിൽ ഉറച്ച് നിന്നു.ഇപ്പോൾ ബിജെപി പാളയത്തിലെത്തിയ സെൻകുമാറായിരുന്നു അന്ന് പോലീസ് മേധാവിയെന്നും ദേശാഭിമാനി പറയുന്നുണ്ട്.

2012 ഡിസംബർ 21 ന് കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. 2013 ൽ സർക്കാരിന്റെ തീരുമാനം അംഗീകരിച്ച് സെഷൻസ് കോടതി കേസ് തളളി. ആദർശ് അടക്കമുളളവരുടെ ആക്രമണത്തിൽ പരിക്കേറ്റ സിഐ മോഹനൻ നായർക്ക്‌ ഒരു വർഷത്തോളം ജോലി ചെയ്യാൻ ക‍ഴിഞ്ഞിരുന്നില്ല. കൂടാതെ രണ്ട് എസ്ഐ മാർക്കും, നിരവധി പോലീസുകാർക്കും പരിക്കേറ്റിരുന്നു.

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ കയ്യിലായിരുന്ന ജുഡീഷ്യൽ അഡ്മിനിസ്ട്രേഷൻ വിഭാഗമാണ് കേസ് പിൻവലിക്കാൻ അന്തിമ തീരുമാനം എടുത്തത്, ആഭ്യന്തര മന്ത്രിയായിരുന്ന തനിക്ക്‌ ഇതിനെപ്പറ്റി അറിയില്ലെന്നും 2020 ൽ നടത്തിയ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തൽ നടത്തി ചെന്നിത്തല കൈകഴുകാൻ നോക്കിയ കാര്യവും ദേശാഭിമാനി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യങ്ങളാണ് ഇപ്പോൾ യു.ഡി.എഫിനെതിരെ സി.പി.എം അണികളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു വരുന്നത്.

Top