98 നിയമസഭാ സീറ്റില്‍ ഇടതുമുന്നണിക്ക് മുന്‍തൂക്കമുണ്ടെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തി സിപിഎം. വോട്ട് കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 98 നിയമസഭാ സീറ്റില്‍ ഇടത് മുന്നണിക്ക് മുന്‍തൂക്കമുണ്ടെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ വിലയിരുത്തല്‍. സിപിഎം വിലയിരുത്തല്‍ അനുസരിച്ച് 41 സീറ്റിലാണ് യുഡിഎഫിന് മുന്‍തൂക്കം ഉള്ളത്. ഒരു സീറ്റില്‍ ബിജെപിക്കും മുന്‍തൂക്കം ഉണ്ട്.

കണക്കനുസരിച്ച് 42 ശതമാനം വോട്ടാണ് ഇടതുമുന്നണി നേടിയിട്ടുള്ളത്. 38 ശതമാനം വോട്ട് യുഡിഎഫിന് കിട്ടി. ബിജെപിക്ക് 15 ശതമാനം വോട്ട് കിട്ടിയെന്നും കണക്കുകള്‍ പറയുന്നു. വോട്ട് കണക്കിന്റെ സമഗ്ര വിലയിരുത്തലിനൊപ്പം പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലെ തിരിച്ചടിയും വിശദമായി പരിശോധിക്കാനാണ് സിപിഎം തീരുമാനം.

വര്‍ക്കല, ആറ്റിങ്ങല്‍, പന്തളം തുടങ്ങിയ സ്ഥലങ്ങളില്‍ ബിജെപി മുന്നേറ്റത്തെപ്പറ്റി പരിശോധിക്കും. വിശദമായ പരിശോധന സംസ്ഥാന സമിതിയില്‍ ഉണ്ടാകും. ബിജെപിക്ക് വോട്ട് വിഹിതത്തില്‍ വര്‍ദ്ധന ഇല്ല. എന്നാല്‍ ചില സ്ഥലങ്ങളില്‍ അവര്‍ക്ക് മുന്നേറ്റമുണ്ടാക്കാനായെന്നാണ് സിപിഎം വിലയിരുത്തല്‍.

Top