cpm on law academy issue

തിരുവനന്തപുരം: ലോ അക്കാദമി പ്രശ്‌നത്തില്‍ സിപിഎമ്മിന്റെ സമവായശ്രമം പരാജയപ്പെട്ടു. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കില്ലെന്ന് ലോ അക്കാദമി അറിയിച്ചു.

സ്ഥാനമൊഴിഞ്ഞുള്ള ഒത്തുതീര്‍പ്പിനില്ലെന്ന് ലക്ഷ്മി നായരും വ്യക്തമാക്കി. ലോ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ലക്ഷ്മിയെ പിന്തുണച്ചു.

ലോ അക്കാദമിയിലെ പ്രശ്‌നങ്ങളെ കുറിച്ചുള്ള കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ അഞ്ചു വര്‍ഷത്തേക്ക് പരീക്ഷ ചുമതലകളില്‍ നിന്ന് വിലക്കിയിരുന്നു.

തുടര്‍നടപടികള്‍ക്കായി സര്‍ക്കാറിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ സിപിഎം ശ്രമം തുടങ്ങിയത്. അക്കാദമി ഡയറക്ടര്‍ എന്‍.നാരായണന്‍ നായരേയും മകനേയും എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തി സിപിഎം നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.

നാരായണന്‍ നായരുടെ സഹോദരനും മുന്‍ എംഎല്‍എയുമായ കോലിയക്കോട് കൃഷ്ണന്‍ നായരും എകെജി സെന്ററിലെത്തിയിരുന്നു.

അതേസമയം പ്രിന്‍സിപ്പല്‍ രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. സമരം 18ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

Top