പഴയലക്കിടിയിലെ ക്വാറി പ്രവര്‍ത്തനം ; സി.പി.എമ്മുമായി മുസ്ലിം ലീഗ് നേതാവ് തയ്യാറാക്കിയ കരാര്‍ പുറത്ത്

ഒറ്റപ്പാലം: പഴയലക്കിടിയിലെ ക്വാറിയുടെ പ്രവര്‍ത്തനത്തിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ സി.പി.എമ്മുമായി മുസ്ലിം ലീഗ് നേതാവ് ധാരണാപത്രം തയ്യാറാക്കിയ സംഭവം വിവാദത്തില്‍. പാലക്കാട് ജില്ലയിലെ ലക്കിടി പേരൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ അഞ്ചാംവാര്‍ഡ് അംഗവും മുസ്ലിം ലീഗ് ഒറ്റപ്പാലം മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ പിഎ ഷൗക്കത്തലി ക്വാറി പ്രവര്‍ത്തിക്കാനായി നിബന്ധനകളോടെ തയ്യാറാക്കിയ ധാരണാപത്രമാണ് വിവാദമാകുന്നത്.

തെക്കുംചെറോട് നാലാം വാര്‍ഡില്‍ ഞാനോ എന്റെ കുടുംബമോ ഒരിക്കലും പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പ് മത്സരരംഗത്ത് ഉണ്ടാവില്ലെന്നും ദിവസവും 10 ലോഡ് കല്ല് സി.ഐ.ടി.യു യൂണിയന് നല്‍കാമെന്നുമുള്‍പ്പെടെ രേഖപ്പെടുത്തിയ മുദ്രപ്പത്രമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ക്വാറി അടച്ചിടേണ്ടി വന്ന ഘട്ടം വന്നുവെന്നും ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തകനായതിന്റെ പേരില്‍ ബിസിനസിലെ പങ്കാളികള്‍ക്കു കൂടി നഷ്ടമുണ്ടാകുന്ന ദുരവസ്ഥ ഒഴിവാക്കാന്‍ വ്യവസ്ഥകള്‍ക്കു വഴങ്ങിയെന്നും ഒപ്പിടാന്‍ നിര്‍ബന്ധിതനായെന്നുമാണ് ഷൗക്കത്തലിയുടെ പ്രതികരണം. ലക്കിടി തെക്കുംചെറോഡ് പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂണിറ്റിന്റെ 3 ഉടമസ്ഥരില്‍ ഒരാളാണു ഷൗക്കത്തലി.

ക്വാറിയുടെ പ്രവര്‍ത്തനംമൂലം വീടുകള്‍ക്കോ പൊതുമുതലുകള്‍ക്കോ നഷ്ടം വന്നാല്‍ താന്‍ ഉത്തരവാദിയായിരിക്കും, സി.ഐ.ടി.യു. യൂണിയന് ദിവസവും 10 ലോഡ് കല്ല് നല്‍കും, നാലാം വാര്‍ഡില്‍ താനോ തന്റെ കുടുംബമോ മത്സരരംഗത്തുണ്ടാവില്ല, ബി.ജെ.പി.യുമായി രാഷ്ട്രീയസൗഹൃദമുണ്ടാക്കില്ല തുടങ്ങിയ നിബന്ധനകളാണ് പ്രചരിക്കുന്ന നൂറുരൂപയുടെ മുദ്രപ്പത്രത്തിലുള്ളത്.

ക്രഷര്‍ വ്യവസായിയോടു കരാര്‍ എഴുതി വാങ്ങിയ കാര്യം അറിയില്ല. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ഇങ്ങനെയൊരു കാര്യം അറിഞ്ഞിട്ടില്ലെന്നും കേട്ട വിവരത്തെ കുറിച്ച് അന്വേഷിക്കുമെന്നും സിപിഎം ലക്കിടി ലോക്കല്‍ സെക്രട്ടറി ടി. ഷിബു പ്രതികരിച്ചു.

Top