ചോരക്കളിയുടെ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ മലപ്പുറത്ത് കൈകൊടുത്ത് സി.പി.എമ്മും ലീഗും

മലപ്പുറം: തിരൂര്‍, താനൂര്‍ തീരദേശ മേഖലകളില്‍ അശാന്തിവിതയ്ക്കുന്ന അക്രമ രാഷ്ട്രീയത്തിന് അറുതി വരുത്താന്‍ മുസ്ലീംലീഗ് -സി.പി.എം നേതൃത്വങ്ങള്‍ കൈകൊടുത്ത് ഒന്നിച്ചു.

മുസ്ലീംലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും സി.പി.എം നേതാവ് പാലോളി മുഹമ്മദ്കുട്ടിയും ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസും കൈകൊടുത്ത് ചര്‍ച്ച ചെയ്തതോടെ തീരദേശ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ സമാധാനത്തിന്റെ മഞ്ഞുരുക്കമായി. തമ്മില്‍ തല്ലും വെട്ടുംകുത്തുമായുള്ള രാഷ്ട്രീയം വേണ്ടെന്ന് നേതാക്കള്‍ നിലപാടെടുത്തതോടെ ഈ തീരുമാനത്തിന് കൈയ്യടിക്കുകയാണ് കക്ഷിരാഷ്ട്രീയമില്ലാതെ ജനങ്ങള്‍.

ആരോപണ പ്രത്യാരോപണങ്ങള്‍ അതിര് വിട്ട് അക്രമത്തിലേക്ക് വഴിമാറി ലോക്സഭാതെരഞ്ഞെടുപ്പോടെ പരിധിവിട്ടിരുന്നു. താനൂര്‍ എം.എല്‍.എ വി അബ്ദുറഹിമാനെ തടഞ്ഞതും താനൂരില്‍ ലീഗ് കൗണ്‍സിലറടക്കമുള്ളവര്‍ക്ക് വെട്ടേറ്റതും സി.പി.എം പ്രവര്‍ത്തകരുടെ വീടാക്രമിച്ചതുമെല്ലാം പൊലീസിനും തലവേദനയായി. തിരൂര്‍ കൂട്ടായിയിലും സി.പി.എം- ലീഗ് സംഘര്‍ഷം തല്ലും കുത്തുമായി അരങ്ങു വാണു. തീരദേശമേഖലയില്‍ നിസാര പ്രശ്നങ്ങള്‍ പോലും രാഷ്ട്രീയ കക്ഷികള്‍ ഏറ്റെടുത്ത് രാഷ്ട്രീയ സംഘര്‍ഷമായി വളരുന്നത് പൊലീസിനും തലവേദനയായിരുന്നു.

അക്രമിസംഘങ്ങള്‍ക്ക് സംരക്ഷണവും നിയമപരിരക്ഷയും നല്‍കുന്നത് രാഷ്ട്രീയ നേതൃത്വമായതിനാല്‍ പൊലീസിന് ഇവരെ തൊടാന്‍പേടിയുമായി. അക്രമങ്ങള്‍ അതിരുവിടുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തലവേദനയായതോടെയാണ് ഇതിന് അവസാനംകാണാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തന്നെ രംഗത്തെത്തിയത്. പൊലീസിന്റെ സാന്നിധ്യത്തില്‍ പ്രാദേശിക തലങ്ങളില്‍ സമാധാന കമ്മറ്റികള്‍ ചേര്‍ന്ന് തര്‍ക്കങ്ങള്‍ രാഷ്ട്രീയ സംഘര്‍ഷമായി വളരാതിരിക്കാനുള്ള നീക്കമാണ് വിജയകരമായി നടക്കുന്നത്. താനൂര്‍, തിരൂര്‍, കൂട്ടായി പറവണ്ണ മേഖലകളിലെ സമാധാന കമ്മിറ്റികളുടെ സംയുക്ത യോഗം തിരൂര്‍ സാംസ്‌ക്കാരിക സമുച്ചയത്തില്‍ ചേരുന്നുണ്ട്. രണ്ടു പാര്‍ട്ടികളുടെ ജില്ലാ നേതാക്കളും പൊലീസും ഇതില്‍ പങ്കെടുക്കും.

ഫലപ്രഖ്യാപനത്തിനു ശേഷം തീരദേശത്ത് സംഘര്‍ഷം പടരാതിരിക്കാനുള്ള മുന്‍കരുതലാണ് മലപ്പുറത്ത് പൊലീസ് സ്വീകരിക്കുന്നത്. വ്യാപക അക്രമണത്തിന് അണിയറ നീക്കമുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ട്. അതിനാല്‍ രാഷ്ട്രീയ നേതൃത്വവും അണികളും ജാഗ്രതപാലിക്കുകയും തര്‍ക്കങ്ങള്‍ സമാധാന കമ്മിറ്റികളുടെ ഇടപെടലില്‍ പരിഹാരം തേടുകയും അല്ലാത്തവയില്‍ പൊലീസ് ഇടപെടലുമാണ് ഉണ്ടാവുക.

തീരദേശത്തെ ചെറിയ തര്‍ക്കങ്ങള്‍ പോലും എ.പി, ഇ.കെ സുന്നി വഴക്കായും അത് പിന്നീട് ലീഗ്- സി.പി.എം സംഘര്‍ഷമായി വളരുകയും ചെയ്യുകയാണ് പതിവ്. കാന്തപുരം എം.പി വിഭാഗം സുന്നികള്‍ക്ക് സി.പി.എം നേതൃത്വവും ഇ.കെ സുന്നിക്ക് മുസ്ലീംലീഗുമാണ് രാഷ്ട്രീയ സംരക്ഷണം നല്‍കുന്നത്.

മത്സ്യതൊഴിലാളി മേഖലകളില്‍ സംഘര്‍ഷം എളുപ്പം പടരുന്നത് പൊലീസിനെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. നിലവിലെ പൊലീസ് സേന ഉപയോഗിച്ച് ഇവിടുത്തെ സംഘര്‍ഷം നേരിടാനാവാത്ത അവസ്ഥയുമുണ്ട്. ജില്ലയിലെ മറ്റിടങ്ങളില്‍ നിന്നും കൂടുതല്‍ പൊലീസ് സേനയെ എത്തിക്കുകയാണ് പതിവ്. രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ തന്നെ അക്രമത്തിനെതിരെ നിലപാടെടുത്ത് മുന്നോട്ടു വന്നാല്‍ അണികള്‍ അക്രമപാത ഉപേക്ഷിക്കുമെന്നതാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങു തകര്‍ക്കുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് പരീക്ഷിക്കാവുന്നതാണ് അക്രമ രാഷ്ട്രീയത്തിനെതിരായ മലപ്പുറം മാതൃക. കണ്ണൂരിലും കാസര്‍ഗോടും സമാധാനചര്‍ച്ചകള്‍ക്കു പോലും പരാജയപ്പെടുകയാണ് പതിവ്. അക്രമി സംഘങ്ങളെയും കില്ലര്‍ സ്‌ക്വാഡുകളെയും രാഷ്ട്രീയ പാര്‍ട്ടികള്‍ സംരക്ഷണം നല്‍കി വളര്‍ത്തുകയും അവര്‍ പിന്നീട് ക്വട്ടേഷന്‍ സംഘങ്ങളായി മാറുകയും ചെയ്യുന്നത് പൊലീസിന് വലിയ തലവേദനയാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ സഹകരണവും ജനകീയ ഇടപെടലും കൊണ്ടു മാത്രമേ ഇത്തരം അക്രമി സംഘങ്ങളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാവൂ.

Top