cpm moves against chennitha

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നേരെ കടുത്ത നിലപാട് സർക്കാർ സ്വീകരിക്കണമെന്ന ആവശ്യം സി പി എം – ൽ ശക്തമാകുന്നു.

സംസ്ഥാന സർക്കാറിനെയും പാർട്ടിയെയും പ്രതിരോധത്തിലാക്കിയ ബജറ്റ് ചേർച്ച സംബന്ധിച്ച വിവാദത്തിന് പിന്നിൽ ചെന്നിത്തലയുടെ അനാവശ്യമായ ഇടപെടലായിരുന്നുവെന്നതാണ് സി പി എം നേതൃത്വത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ബജറ്റല്ല ചോർന്നതെന്നും ബജറ്റ് അവതരണം പൂർത്തിയായ ശേഷം മാധ്യമ പ്രവർത്തകർക്ക് നൽകാറുള്ള പ്രധാന ഹൈലൈറ്റ്സ് ആണ് വിവാദമാക്കിയതെന്നുമാണ് സി പി എം വാദം. ഇക്കാര്യത്തിൽ ജാഗ്രത പാലിക്കുന്നതിൽ ധനകാര്യ മന്ത്രിക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിലും മാധ്യമ പ്രവർത്തകർക്ക് നൽകിയിരുന്ന ബജറ്റ് ഹൈലൈറ്റ്സ് അവരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലുള്ള മാധ്യമ പ്രവർത്തകൻ വഴി ചെന്നിത്തലക്ക് ലഭിച്ചപ്പോൾ ചെന്നിത്തല മുതലെടുപ്പ് നടത്തുകയായിരുന്നുവെന്നാണ് ആക്ഷേപം.

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കം കഴിഞ്ഞ സർക്കാറിലെ പ്രമുഖർക്കെതിരെ വന്ന പരാതികളിൽ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നപ്പോഴും ചെന്നിത്തലയെ ‘വെറുതെ ‘ വിട്ടത് അബദ്ധമായി പോയെന്ന നിലപാട് സർക്കാർ തലത്തിലും ഇപ്പോഴുണ്ട്.

പ്രതിപക്ഷ നേതാവിനെ പ്രതിരോധത്തിലാക്കുന്നതിനായി പൊലീസ് നിയമന തട്ടിപ്പും, ഹരിപ്പാട്ടെ മെഡിക്കൽ കോളേജ് പ്രശ്നവും ഉയർത്തി കൊണ്ടുവരാനാണ് ആലോചന.

ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ പൊലീസിൽ നിയമനം നൽകാമെന്ന് കാണിച്ച് ശരണ്യ എന്ന യുവതി നടത്തിയ കോടികളുടെ തട്ടിപ്പ് വിവാദമായിരുന്നു.

തട്ടിപ്പിൽ ചെന്നിത്തലക്ക് പങ്കുണ്ടെന്നാണ് ആരോപണം.മന്ത്രിയെ കാണുമ്പോൾ മന്ത്രിയുടെ സ്റ്റാഫും യൂത്ത് കോൺഗ്രസ്സ് നേതാവും കൂടെ ഉണ്ടായിരുന്നുവെന്നും തട്ടിപ്പിന് ഉപയോഗിച്ച കേരള പൊലീസിന്റെയും പി എസ് സിയുടെയും സീൽ തന്നത് മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്നുമാണ് ശരണ്യ മൊഴിയിൽ വ്യക്തമാക്കിയിരുന്നത്.

ഈ കേസിൽ ആഭ്യന്തര മന്ത്രിയുടെ പേരു പറയാതിരിക്കുവാൻ ക്രൈംബ്രാഞ്ച് എസ് പി ഭീഷണിപ്പെടുത്തിയതായും ശരണ്യ ആരോപിച്ചിരുന്നു.

പൊലീസിലെ വിവിധ വകുപ്പുകളിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ട് കോടി രൂപയോളം തട്ടിയെടുത്ത കേസിലാണ് ഇവർ അറസ്റ്റിലായിരുന്നത്. അമ്പലപ്പുഴ, തൃക്കുന്നപ്പുഴ, കനകക്കുന്ന്, കായംകുളം, കരീലകുളങ്ങര, ഹരിപ്പാട് സ്‌റ്റേഷനുകളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നത്.

ഈ കേസിൽ ശരണ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സമഗ്രമായ ഒരന്വേഷണം വീണ്ടും നടത്തണമെന്ന അഭിപ്രായം ആലപ്പുഴയിലെ സി പി എം നേതാക്കൾ മുൻപ് ആവശ്യപ്പെട്ടിരുന്നതാണ്. ഇക്കാര്യമാണ് വീണ്ടും ഇപ്പോൾ സി പി എം നേതൃത്വത്തിന്റെ മുന്നിൽ സജീവമായിട്ടുള്ളത്.

ഇതിനു പുറമെ രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മണ്ഡലത്തിൽ സ്വകാര്യ വ്യക്തികൾക്ക് പങ്കാളിത്വം നൽകി സർക്കാറിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് കൊണ്ടുവരുന്നതിനായി അനുമതി സമ്പാദിച്ചതിലും കൺസൾട്ടൻസി കരാറിലും ഗുരുതരമായ ചട്ടലംഘനം നടന്നതിൽ ചെന്നിത്തലക്കുള്ള പങ്കും അന്വേഷിക്കണമെന്നതാണ് മറ്റൊരു ആവശ്യം.

സർക്കാർ മെഡിക്കൽ കോളേജുള്ള ജില്ലയിൽ മറ്റൊരു മെഡിക്കൽ കോളേജ് അനുവദിക്കാൻ നിയമം അനുവദിക്കില്ലന്നിരിക്കെയായിരുന്നു ഈ ലംഘനം. ടെൻഡർ നടപടിയിൽ വിജിലൻസ് ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഇതു വരെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ മാത്രമാണ് പ്രതി ചേർത്ത് കേസെടുത്തിട്ടുള്ളത്.മെഡിക്കൽ കോളേജിന്റ സ്ഥലമെടുപ്പ് നടപടികളുമായി ബസപ്പെട്ട അഴിമതി ആരോപണവും വിജിലൻസിന്റെ പരിഗണനയിലാണ്.

അതേസമയം ശങ്കർറെഡ്ഡിയെ വിജിലൻസ് ഡയറക്ടറാക്കിയതും ഉദ്യോഗകയറ്റം നൽകിയതും ചട്ടവിരുദ്ധമാണോയെന്ന് പരിശോധിക്കാനുള്ള വിജിലൻസ് നീക്കം ഹൈക്കോടതി തടയുകയും വിജിലൻസിനെതിരെ രൂക്ഷ വിമർശനമുന്നയിക്കുകയും ചെയ്തത് ഇപ്പോൾ വിജിലൻസിന്റെ പ്രവർത്തനങ്ങളെ തന്നെ ബാധിച്ചിട്ടുണ്ട്.ആക്ടിംങ്ങ് ചീഫ് ജസ്റ്റിസിനെ സമീപിച്ച് പരിഹാരത്തിനായി ശ്രമം നടത്തുമെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുമുണ്ട്.

ഈ ഒരു സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടായാൽ മാത്രമേ ഇനി ചെന്നിത്തലക്കെതിരെ ഏതെങ്കിലും തരത്തിലുള്ള വിജിലൻസ് അന്വേഷണത്തിന് തന്നെ സാധ്യതയുള്ളൂ.

ചെന്നിത്തലയുടെ തന്നെ ഹർജിയിലാണ് ശങ്കർ റെഡ്ഡിക്കെതിരായ നീക്കം ഹൈക്കോടതി തടഞ്ഞിരുന്നത്. ഉദ്യോഗക്കയറ്റം സംബന്ധമായ അന്നത്തെ മന്ത്രിസഭാ രേഖകൾ വിജിലൻസ് പരിശോധിക്കാനൊരുങ്ങിയതോടെയാണ് മുൻ പൊലീസ് മന്ത്രി കൂടിയായ ചെന്നിത്തല കോടതിയെ സമീപിച്ചത്.

എന്നാല്‍ പൊലീസ് നിയമന തട്ടിപ്പിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചാൽ പോലും എപ്പാൾ വേണമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർ വിചാരിച്ചാൽ തുടരന്വേഷണത്തിന് സാധ്യതയുണ്ട്. ആഭ്യന്തര വകുപ്പിന്റെ അനുമതി മാത്രം മതി ഇതിന്.

സി പി എം സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ രാഷ്ട്രീയപരമായ തീരുമാനമെടുക്കണമെന്ന ആവശ്യവുമായി ആലപ്പുഴയിലെ പ്രമുഖ നേതാവ് തന്നെ ഇപ്പോൾ രംഗത്തിറങ്ങിയിട്ടുണ്ട്.

Top