കേന്ദ്രനയങ്ങൾക്കെതിരെ സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥക്ക് ഇന്ന് തുടക്കം

കാസർകോട് : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് കാസർകോട് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് കുമ്പളയിൽ വൈകുന്നേരം ജാഥ ഉദ്ഘാടനം നിർവഹിക്കും.

ഒരുമാസം നീളുന്ന ജനകീയ പ്രതിരോധ ജാഥയാണ് കുമ്പളയിൽ നിന്ന് തുടങ്ങുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എംവി ഗോവിന്ദൻ നയിക്കുന്ന ആദ്യത്തെ സംസ്ഥാനതല പ്രചാരണ പരിപാടി.കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ – ദേശദ്രോഹ നടപടികൾക്കെതിരെയാണ് ജാഥ. ഇടത് സർക്കാറിന്റെ ജനക്ഷേമ നടപടികൾ വിശദീകരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ സജ്ജമാക്കുക ലക്ഷ്യം.

ബജറ്റിലെ നികുതി വർധന അടക്കം സർക്കാരിനെയും പാർട്ടിയെയും ബാധിച്ച വിവാദങ്ങളെ മറിക്കടക്കാനും ജാഥ ലക്ഷ്യമിടുന്നു. പികെ.ബിജുവാണ് ജാഥാ മാനേജർ. സിഎസ് സുജാത, എം സ്വരാജ്, കെ.ടി.ജലീൽ, ജെയ്‌ക് സി.തോമസ് എന്നിവർ സ്ഥിരാംഗങ്ങൾ.140 മണ്ഡലങ്ങളിലും പര്യടനം. മാര്‍ച്ച് 18 ന് തിരുവനന്തപുരത്ത് സമാപനം.

Top