സാംസ്‌ക്കാരിക യാത്രയും ജാഥകളുമായി തെരഞ്ഞെടുപ്പ് നേരിടാന്‍ കോണ്‍ഗ്രസ് സജീവം

കോണ്‍ഗ്രസിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കാസര്‍കോട്ട് സംസ്‌ക്കാര സാഹിതിയുടെ സാംസ്‌ക്കാരിക യാത്രയോടെ തുടക്കമായി. സി.പി.എമ്മിനും ഇടതുപക്ഷത്തിനും ഒരുമുഴം മുമ്പെയാണ് പ്രചരണ രംഗത്ത് കോണ്‍ഗ്രസ് സജീവമാകുന്നത്.

രാഹുല്‍ഗാന്ധി എറണാകുളത്ത് ബൂത്ത് പ്രസിഡന്റുമാരുമായി സംവദിച്ച ആവേശത്തിന്റെ തുടര്‍ച്ചയായാണ് സംസ്‌ക്കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള സാംസ്‌ക്കാരിക ജാഥ പ്രയാണമാരംഭിച്ചത്. ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ചെര്‍ക്കളയിലെ സാംസ്‌ക്കാരിക സദസില്‍ കര്‍ണാടക മന്ത്രി യു.ടി ഖാദര്‍ പാതാക കൈമാറിയാണ് ജാഥ ഉദ്ഘാടനം ചെയ്തത്.

ആര്യാടന്‍ ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വഹിച്ച അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം, നാടന്‍പാട്ടുകളും,ഗോത്രകലാരൂപങ്ങളും ജാഥയുടെ ഭാഗമായി അവതരിപ്പിക്കുന്നുണ്ട്.

‘ദേശീയ പൈതൃകത്തെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ഫാസിസത്തിനെതിരെയും പ്രളയാനന്തര കേരളത്തിന്റെ പുനസൃഷ്ടിക്കായി ഒരുമിച്ച മലയാളി മനസിനെ ജാതീയമതിലുകെട്ടി വേര്‍തിരിക്കുന്ന സംസ്ഥാന ഭരണകൂടത്തിനുമെതിരെയും, വെളിച്ചത്തിലേക്ക് നടക്കാം’ എന്ന മുദ്രാവാക്യവുമായി 50 സാംസ്‌കാരിക സദസുകളും ഒരുങ്ങിക്കഴിഞ്ഞു.

ഫെബ്രുവരി 16ന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കിലാണ് സാംസ്‌ക്കാരിക യാത്ര സമാപിക്കുക. സമാപനസമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും.

mullappally

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയുടെ മുന്നൊരുക്കം കൂടിയാണ് സംസ്‌ക്കാര സാഹിതിയുടെ യാത്ര. മുല്ലപ്പള്ളി രാമചന്ദ്രന്റെ ജനമഹായാത്ര ഫെബ്രുവരി മൂന്നിന് കാസര്‍കോട് തുടങ്ങും.

അഭിപ്രായ വോട്ടെടുപ്പുകളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ 16 സീറ്റാണ് യു.ഡി.എഫിന് പ്രവചിക്കുന്നത്. ശബരിമല വിഷയത്തില്‍ സി.പി.എമ്മും ബി.ജെ.പിയും നേര്‍ക്കുനേര്‍ പോരാട്ടത്തിലൂടെ കളംപിടിച്ചപ്പോള്‍ അപ്രസക്തമായ കോണ്‍ഗ്രസ് പതുക്കെ പ്രചരണത്തില്‍ സജീവമാകുകയാണ്.

മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് തെരഞ്ഞെടുപ്പുകളുടെ വിജയവും മോദിക്കെതിരായ പോരാട്ടത്തില്‍ രാഹുല്‍ഗാന്ധിയുടെ സ്വീകാര്യത വര്‍ധിച്ചതും പ്രിയങ്കഗാന്ധിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാക്കിയതുമെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശം ഇരട്ടിക്കുകയാണ്.

2014ലെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ന്യൂനപക്ഷങ്ങളുടെ പിന്തുണയാണ് ഇടതുപക്ഷത്തെ രക്ഷപ്പെടുത്തിയത്. എന്നാല്‍ ഇത്തവണ മുസ്ലീം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളും എന്‍.എസ്.എസും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയാണുള്ളത്.

എന്‍.എസ്.എസിന്റെ എതിര്‍പ്പിനെ തടയിടാന്‍ എസ്.എന്‍.ഡിപിയുടെയും ദലിത്, മുസ്ലിം ന്യൂനപക്ഷങ്ങളുടെയും പിന്തുണ ഉറപ്പിക്കാനുള്ള തന്ത്രമാണ് ഇടതുപക്ഷവും പയറ്റുന്നത്. മോദി- രാഹുല്‍ നേര്‍ക്കുനേര്‍ മത്സരത്തില്‍ കേരളം ആര്‍ക്കൊപ്പമെന്നതായിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയാവുക. ഇടതുപക്ഷത്തിന് മൂന്നാം മുന്നണി എന്ന ബദല്‍ ഉയര്‍ത്തികാട്ടാനില്ലാത്തതും കോണ്‍ഗ്രസ് പ്രചരണായുധമാക്കുന്നുണ്ട്.

political reporter

Top