കള്ളക്കേസുകൊണ്ടൊന്നും ഒരു പൊതുപ്രവര്‍ത്തകനെ തകര്‍ക്കാമെന്ന് സിപിഐഎം കരുതേണ്ടെന്ന്..

കോഴിക്കോട് : കള്ളക്കേസുകൊണ്ടൊന്നും ഒരു പൊതുപ്രവര്‍ത്തകനെ തകര്‍ക്കാമെന്ന് സിപിഐഎം കരുതേണ്ടെന്ന് കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍. പരാജയം ഉറപ്പായപ്പോള്‍ തെരഞ്ഞെടുപ്പിന് തലേ ദിവസം കള്ളക്കേസ് എടുത്ത് തളര്‍ത്താമെന്ന സിപിഐഎം വ്യാമോഹത്തിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

നിലനില്‍ക്കില്ലെന്ന് അറിഞ്ഞിട്ടും ഇത്തരമൊരു കേസെടുക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് ഫലത്തെ അവര്‍ എത്രത്തോളം ഭയത്തോടെ കാണുന്നുവെന്നതിന്റെ തെളിവാണ്. 10 വര്‍ഷമായി ജനങ്ങള്‍ക്കിടയിലുള്ള തന്നെ അവര്‍ക്ക് നല്ലതുപോലെ അറിയാമെന്നും കോഴിക്കോട് എല്ലാ ഘടകങ്ങളും പ്രതികൂലമാണെന്ന തിരിച്ചറിവില്‍ നിന്നും വിഭ്രാന്തിയില്‍ നിന്നുമാണ് തരംതാണ രാഷ്ട്രീയ കളിക്ക് സിപിഐഎം കൂട്ടുനില്‍ക്കുന്നതെന്നും രാഘവന്‍ വ്യക്തമാക്കി.

ഒളിക്യാമറ വിവാദത്തില്‍ എം.കെ രാഘവനെതിരെ കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് സിറ്റി പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രാഘവന്റെ പ്രസ്താവന.

വ്യവസായികളെന്ന വ്യാജേനയെത്തിയ ചാനല്‍ സംഘത്തോട് രാഘവന്‍ കോഴ ആവശ്യപ്പെടുന്നതായുള്ള ഒളിക്യാമറ ദൃശ്യങ്ങള്‍ ചാനല്‍ നേരത്തെ പുറത്തുവിട്ടിരുന്നു. തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ചു കോടി ആവശ്യപ്പെടുന്ന ദൃശ്യമാണ് ഹിന്ദി ചാനല്‍ പുറത്തുവിട്ടത്. നഗരത്തില്‍ ഹോട്ടല്‍ സമുച്ചയം പണിയാന്‍ 15 ഏക്കര്‍ ഭൂമി വാങ്ങാനെന്ന വ്യാജേനയാണു ഹിന്ദി ചാനല്‍ പ്രതിനിധികള്‍ എം.കെ. രാഘവനെ കണ്ടത്. ഇടപാടിനു മധ്യസ്ഥം വഹിച്ചാല്‍ അഞ്ചുകോടി രൂപ നല്‍കാമെന്നും വാഗ്ദാനം നല്‍കി. പണം ഡല്‍ഹിയിലെ പ്രൈവറ്റ് സെക്രട്ടറിയെ ഏല്‍പിക്കാന്‍ രാഘവന്‍ നിര്‍ദേശിച്ചുവെന്നുമാണു ചാനലിന്റെ അവകാശവാദം.

Top