പി സി ജോര്‍ജിനെ അവഗണിക്കാൻ സി പി എം നേതൃത്വത്തിന്റെ നിലപാട്

തിരുവനന്തപുരം: പി സി ജോർജിനെ അവഗണിക്കാൻ സി പി എം തീരുമാനമായി. ജോർജിന്റെ ആരോപണങ്ങളെ അവഗണിക്കാനാണ് സി പി എം നേതൃത്വത്തിൽ ധാരണ ആയിരിക്കുന്നത്. മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കുക മാത്രമാണ് ജോർജിന്റെ ലക്ഷ്യം. ആ പ്രകോപനങ്ങളിൽ വീഴേണ്ടതില്ല. യു ഡി എഫ് ഏറ്റെടുത്താൽ അപ്പോൾ ആലോചിക്കാമെന്ന നിലപാട് സി പി എം നേതൃത്വം എടുത്തിട്ടുണ്ട്.

പി സി ജോർജിന്‍റെ അറസ്റ്റ് കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിൽ താൽപ്പര്യമില്ല. അതുകൊണ്ട് കൂടുതൽ പ്രതികരിക്കാനുമില്ല. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ. പി സി ജോർജ് പറയുന്ന കാര്യങ്ങളിൽ തെളിവുണ്ടെങ്കിൽ കാണിക്കട്ടെ. വെറുതെ ഇങ്ങനെ പറയുന്നതിൽ കാര്യമില്ലെന്നും കാനം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് പി സി ജോര്‍ജ് ഇന്നും മാധ്യമങ്ങളെ കണ്ടിരുന്നു. വീണാ വിജയന്‍റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് പി സി ജോര്‍ജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും മകള്‍ക്കും കൊള്ളയില്‍ പങ്കുണ്ട്. മുഖ്യമന്ത്രിക്ക് പിന്നാലെ മകളും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്നും ജോര്‍ജ് ആരോപിച്ചു.

Top