സന്ദീപിന്റെ കൊലയ്ക്ക് പിന്നില്‍ സിപിഎമ്മിലെ ചേരിപ്പോര്, പ്രതികളുടേത് കമ്മ്യൂണിസ്റ്റ് കുടുംബമെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: തിരുവല്ലയില്‍ സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളുടെ കൃത്യമായ ആസുത്രണമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കൊലപാതകത്തെക്കുറിച്ച് പ്രാദേശികമായി ചില നേതാക്കള്‍ക്ക് നേരത്തെ അറിവുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതാണ് അവരുടെ പ്രചാരണങ്ങളില്‍നിന്ന് മനസിലാകുന്നത്.

കൊലപാതകം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ഫ്‌ലക്‌സുകളും ബോര്‍ഡുകളും നിരന്നു. സന്ദീപിന്റെ സന്തത സഹചാരിയായിരുന്ന ഡിവൈഎഫ്‌ഐ നേതാവുമായ മനു കൊലപാതകം ഗുണ്ടാസംഘങ്ങള്‍ നടത്തിയതാണെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. അര മണിക്കൂറിനുള്ളില്‍ മനുവിന് പോസ്റ്റ് പിന്‍വലിക്കേണ്ടിവന്നു. തിരുവല്ലയില്‍ നടന്ന കൊലപാതകത്തില്‍ സിപിഎമ്മിന്റെ കണ്ണൂരിലെ കൊലയാളി സംഘത്തിലെ മുഹമ്മദ് ഫൈസല്‍ പ്രതിയായത് ദുരൂഹമാണ്. അതിന് സിപിഎം പ്രചരിപ്പിക്കുന്ന കഥ പ്രതികളുമായി ജയിലില്‍ കിടന്നുള്ള ബന്ധമാണെന്നാണ്. കൊലപാതകത്തില്‍ മുഹമ്മദ് ഫൈസല്‍ എന്ന കണ്ണൂരിലെ സിപിഎമ്മിന്റെ കൊലയാളി സംഘാംഗം എങ്ങനെ വന്നുവെന്ന് സിപിഎം മറുപടി പറയണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

ജിഷ്ണു എന്ന പ്രതി പണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകനായിരുന്നു. യുവമോര്‍ച്ച പിന്നീട് സ്ഥാനത്തുനിന്ന് നീക്കിയതാണ്. ബാക്കി നാലു പ്രതികളും സിപിഎം പ്രവര്‍ത്തകര്‍. പ്രതികളും സഹോദരങ്ങളുമായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പിതാവ് കുഴിവേലിപ്പുറത്ത് ബ്രാഞ്ച് കമ്മിറ്റിയംഗമാണ്്. പ്രതികളുടെ സിപിഎം ബന്ധം പകല്‍പോലെ പരസ്യമാണ്. പെട്ടന്ന് തന്നെ പ്രതികളെ പിടിച്ച് പൊലീസ് മികവു കാട്ടി. ജില്ലാ പൊലീസ് മേധാവിതന്നെ കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാസംഘങ്ങളെന്നു വ്യക്തമാക്കി. കൊലപാതകം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രതികരണത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍എസ്എസിനെ കുറ്റപ്പെടുത്തിയില്ല. കേരളത്തിന് പുറത്തുപോലും ആര്‍എസ്എസിനെ പ്രതിക്കൂട്ടിലാക്കാന്‍ അവാസ്തവമായ ആരോപണങ്ങള്‍ക്കു പോലും മടിക്കാത്തയാളാണ് പിണറായി വിജയന്‍.

പക്ഷേ കൊലപാതകം നടന്ന് ഒരു മണിക്കുറിനകം എ. വിജയരാഘവന്‍ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് എന്നുപറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ അത് ഏറ്റു പറഞ്ഞു. ആഭ്യന്തര വകുപ്പ് പരാജയമെന്ന് വരുത്താന്‍ സിപിഎമ്മില്‍ തന്നെ ശ്രമം നടക്കുന്നുവെന്ന് തെളിയിക്കുന്നതാണിത്. പ്രതികളെ പിടിച്ച വനിതാ എസ്പിയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കളെന്നതും ഗൗരവമാണ്.

തിരുവല്ലയില്‍ സിപിഎമ്മിലെ വിഭാഗീയത ശക്തമാണ്. അവിടെ സ്ഥാനങ്ങളിലേക്ക് വരേണ്ട ചിലരെ സ്ത്രീ പീഡന കേസുകളില്‍ വരെ മനഃപൂര്‍വം പെടുത്തിയെന്ന് കണ്ടെത്തിയതും പാര്‍ട്ടിയുടെ അന്വേഷണത്തിലാണ്. സിപിഎം നേതാക്കള്‍ ആസുത്രണം ചെയ്തു നടത്തിയ കൊലപാതകത്തില്‍ ബിജെപിയെയും ആര്‍എസ്എസിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചാല്‍ വകവച്ചു തരില്ലെന്നും പല്ലും നഖവും ഉപയോഗിച്ച് നേരിടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേസ് അന്വേഷണത്തിന് മാതൃകയായ വിദഗ്ദസംഘത്തെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

Top