CPM leader’s kin appointed MD in public sector company

തിരുവനന്തപുരം: മന്ത്രി ഇ പി ജയരാജന്റെ ബന്ധുവും പി കെ ശ്രീമതി എംപിയുടെ മകനുമായ സുധീര്‍ നമ്പ്യാരെ കെഎസ്‌ഐഇ എംഡിയാക്കി നിയമനം നല്‍കിയത് റദ്ദാക്കിയത് സിപിഎമ്മില്‍ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന്.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ശോഭ കെടുത്തുന്നതാണ് ഈ നിയമനമെന്നായിരുന്നു നേതാക്കൾക്കും പ്രവര്‍ത്തകര്‍ക്കുമിടയിലെ വികാരം. കഴിഞ്ഞ ഇടത് സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന ശ്രീമതിയുടെ വകുപ്പില്‍ സുധീര്‍ നടത്തിയ ഇടപെടലുകളെച്ചൊല്ലി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സുധീറിന്റെ ഭാര്യ ധന്യ എം നായരെയാണ് ശ്രീമതി അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റായി നിയമിച്ചിരുന്നത്.

സമാനമായ നടപടിയാണ് പിണറായി സര്‍ക്കാരിലും ഉണ്ടാക്കിയിരുന്നത്. മന്ത്രി ഇ പി ജയരാജന്റെ ഭാര്യാ സഹോദരിയാണ് ശ്രീമതി.

തിരുവനന്തപുരം, കൊച്ചി,കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സുകളുടെ നടത്തിപ്പും കേരള സോപ്‌സ് ഉടമസ്ഥതയുമടക്കം വിപുലമായ പ്രവര്‍ത്തന മേഖലയാണ് കെഎസ്ഇഐക്ക് സംസ്ഥാനത്തുള്ളത്. വ്യവസായ വകുപ്പിന്റെ നട്ടെല്ലാണ് ഈ ‘പൊന്മുട്ടയിടുന്ന താറാവ്’

നിലവില്‍ ഐഎഎസ് ഉദ്യോഗസ്ഥയാണ് കെഎസ്ഇഐ എംഡി.ഈ സ്ഥാനത്തേക്ക് ഇപ്പോള്‍ നടത്തിയ രാഷ്ട്രീയ നിയമനം എന്ത് ഉദ്ദേശ്യത്തിലാണെന്ന ചോദ്യം പൊതുസമൂഹത്തില്‍ വ്യാപകമായി ഉയർന്നിരുന്നു.

സുധീറിന്റെ നിയമനങ്ങളുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുയര്‍ത്തിയ മാധ്യമപ്രവര്‍ത്തകരോട് ‘തന്റെ ബന്ധുക്കള്‍ പല സ്ഥാപനങ്ങളിലും ഉണ്ടാകുമെന്ന’ മറുപടിയാണ് മന്ത്രി ഇ പി ജയരാജന്‍ നല്‍കിയത്.

ജയരാജന്റെ വകുപ്പിന് കീഴിലുള്ള സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പ്രസിഡന്റായിരുന്ന അഞ്ജു ബോബി ജോര്‍ജിന്റെ സഹോദരന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിയമനം നല്‍കിയത് ചോദ്യം ചെയ്ത മന്ത്രിയാണ് ഇപ്പോള്‍ ബന്ധുവിന് നിയമനം നൽകിയത് ന്യായീകരിക്കാന്‍ ശ്രമിച്ചത്.

നിയമനങ്ങളില്‍ സുതാര്യത പുലര്‍ത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് ഇവിടെ പാഴ്‌വാക്കായി മാറിയിരുന്നത്.

മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും മക്കളായാലും ബന്ധുക്കളായാലും ഭരണതലത്തില്‍ ഇടപെടല്‍ നടത്തരുതെന്ന് അധികാരമേറ്റയുടനെ പിണറായി നിര്‍ദ്ദേശിച്ചിരുന്നു.

രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കി നിയമനങ്ങളില്‍ ഏറെക്കുറെ സുതാര്യത പാലിക്കാനും സര്‍ക്കാരിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ മന്ത്രിയുടെ ബന്ധുവിന്റെ നിയമനത്തോടെ ഇതെല്ലാം ലംഘിക്കപ്പെടുകയായിരുന്നു.

നിയമന വിവാദം കത്തിപ്പടരുകയും സർക്കാരിൻറെ പ്രതിച്ഛായക്ക് മങ്ങലേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിയമനം റദ്ദാക്കിയത്.

Top