സുധാകരൻ പിൻവലിച്ചിട്ടും കാര്യമില്ല, ആഞ്ഞടിച്ച് സി.പി.എം നേതാക്കൾ . . .

തൃക്കാക്കര:കെപിസിസി പ്രസിഡന്റ് കെ സുധാകരൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശത്തെ തൃക്കാക്കരയിൽ രാഷ്ട്രീയ ആയുധമാക്കി മാറ്റാനൊരുങ്ങി സിപിഎം. സുധാകരൻ ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവുമുള്ള നേതാവാണെന്ന് എഎൻ ഷംസീർ എംഎൽഎ വിമർശിച്ചു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിലൂടെ സുധാകരൻ മലയാളികളെ ഒന്നാകെയാണ് അപമാനിച്ചതെന്നും തൃക്കാക്കരയിലെ സംസ്‌കാര സമ്പന്നരായ വോട്ടർമാർ ഇതെല്ലാം തിരിച്ചറിയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് പറഞ്ഞു. മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിയ നായ കണക്കെ എന്ന്‌ വിളിച്ച സുധാകരന്റെ പരാമർശമാണ് വലിയ വിവാദമായത്.

മുഖ്യമന്ത്രിക്കെതിരായ ഇത്തരമൊരു ആക്ഷേപം ശരിയല്ലെന്നാണ് കേരളത്തിന്റെ പൊതുവികാരം. സംസാരിക്കുമ്പോൾ മാന്യത പുലർത്തണം. കോൺഗ്രസ് ദേശീയ നേതൃത്വം ചിന്തൻ ശിബിരമൊന്നും നടത്തിയതുകൊണ്ട് കാര്യമില്ല. കെസിപിസി പ്രസിഡന്റുമാർക്ക് എങ്ങനെ മാന്യമായി സംസാരിക്കാമെന്ന ക്ലാസാണ് നൽകേണ്ടതെന്നും ഷംസീർ പരിഹസിച്ചു.’

കേരത്തിലെ കോൺഗ്രസ് നേതൃത്വത്തിന് മഹാൻമാരായ പല പ്രസിഡന്റുമാരുണ്ടായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവമുള്ള വ്യക്തിയാണ് ഇന്നത്തെ കെപിസിസി പ്രസിഡന്റ്. സുധാകരൻ നടത്തുന്ന പ്രസ്താവന കെപിസിസിക്ക് തന്നെ ബാധ്യതയാവുകയാണ്. ഇതിനെതിരേ ശക്തമായ ജനവികാരം ഉയർന്നുവരും’- ഷംസീർ തൃക്കാക്കരയിൽ പറഞ്ഞു.

സുധാകരൻ ബിജെപിയിലേക്ക് പോകുന്നതിന് സമയംനോക്കി കാത്തിരിക്കുന്ന നേതാവാണെന്നും ഗൗരവമുള്ള പരിശോധനയ്‌ക്കോ ചർച്ചയ്‌ക്കോ പോലും വിധേയമാക്കാൻ കഴിയാത്ത വ്യക്തിത്വവും പെരുമാറ്റവുമാണ് അദ്ദേഹത്തിന്റെതെന്ന്‌ സ്വരാജ് വിമർശിച്ചു. മുഖ്യമന്ത്രിയെ വിമർശിക്കുന്നതിൽ തെറ്റില്ല. എന്നാൽ മുഖ്യമന്ത്രിയെ പുലഭ്യം പറയാൻ സുധാകരന് ആരാണ് അവകാശം കൊടുത്തതെന്നും സ്വരാജ് ചോദിച്ചു.

അതേസമയം മുഖ്യമന്ത്രിയെ മോശമായി പരാമർശിച്ചിട്ടില്ലെന്നും അങ്ങനെ തോന്നുന്നെങ്കിൽ അത് പിൻവലിക്കുന്നുവെന്നും സുധാകരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭരണസംവിധാനം ദുരുപയോഗം ചെയ്യുന്നതിനെയാണ് വിമർശിച്ചതെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയിൽ സർക്കാർ ചെലവിൽ പണിയെടുക്കുന്നു എന്നാണ് ഉദ്ദേശിച്ചതെന്നും സുധാകരൻ വിശദീകരണം നൽകിയിരുന്നു.

 

Top