CPM leader Pinarayi Vijayan became the next CM Of Kerala

തിരുവനന്തപുരം : ചങ്കുറപ്പുകൊണ്ട് എതിരാളികളുടെ പേടിസ്വപ്നമായ പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്നതിന്റെ ആവേശ തിമിര്‍പ്പില്‍ സി.പി.എം അണികള്‍. പിണറായിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച വിവരം വിഎസ് അച്യുതാനന്ദന്റെ സാന്നിധ്യത്തില്‍ സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടിറി സീതാറാം യ്യെച്ചൂരിയാണ് പ്രസ്താവിച്ചത്. വിഎസ് കേരളത്തിലെ ഫിഡല്‍ കാസ്‌ട്രോയാണെന്നും യെച്ചൂരി പറഞ്ഞു. വിഎസിന്റെ ഉപദേശങ്ങള്‍ സ്വീകരിച്ചായിരിക്കും സര്‍ക്കാരും പാര്‍ട്ടിയും മുന്നോട്ട് പോകുക.

നീണ്ട പതിനേഴ് വര്‍ഷം പാര്‍ട്ടിയെ സംസ്ഥാനത്ത് നയിച്ച പിണറായി ഇനി കേരളത്തെ നയിക്കുമ്പോള്‍ അതിന്റെ പ്രയോജനം ജനങ്ങള്‍ക്കാകെ ലഭിക്കുമെന്നും രാജ്യത്ത് തലയെടുപ്പോടെ നില്‍ക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്നുമാണ് സിപിഎം കേന്ദ്രനേതൃത്വം നല്‍കുന്ന വാഗ്ദാനം.

വൈദ്യുതി മന്ത്രിയെന്ന നിലയില്‍ ഇതിനകം തന്നെ മികച്ച ഭരണപാടവം തെളിയിച്ച പിണറായിക്ക് നവകേരളത്തിനായി വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്നാണ് സാമ്പത്തിക വിദഗ്ധരടക്കമുള്ളവരും അഭിപ്രായപ്പെടുന്നത്.

രാഷ്ട്രീയപരമായി കടുത്ത വെല്ലുവിളികളെ അതിജീവിച്ച് കേരളത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മുന്നോട്ട് പോവാന്‍ കഴിഞ്ഞത് പിണറായി വിജയന്റെ സംഘടനാ പരമായ ഇടപെടല്‍ മൂലമായിരുന്നു.

ഒരു കേഡര്‍ പാര്‍ട്ടിയായ സി.പി.എം നെ രാഷ്ട്രീയ എതിരാളികളുടെയും ഭരണകൂടത്തിന്റെയും ജാതി-മത ശക്തികളുടെയും ആക്രമണങ്ങളില്‍ നിന്ന് പ്രതിരോധിച്ച് മുന്നോട്ട് കൊണ്ടുപോവുക എന്നത് ശ്രമകരമായ ജോലി തന്നെയായിരുന്നു.

ഇതിനിടെ പാര്‍ട്ടി അഭിമുഖീകരിച്ച വിഭാഗീയതയും വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ നീണ്ട 17 വര്‍ഷം സി.പി.എം സംസ്ഥാന സെക്രട്ടറി പദത്തിലിരുന്ന് പിന്നീട് കോടിയേരിക്ക് ചെമ്പടയുടെ നായക സ്ഥാനം കൈമാറുമ്പോള്‍ വിഭാഗീയത അവസാനിപ്പിച്ച പാര്‍ട്ടിയെയാണ് പിണറായി കൈമാറിയത്.

1944-ല്‍ ഒരു സാധാരണ ചെത്ത് തൊഴിലാളി കുടുംബത്തില്‍ ജനിച്ച പിണറായി വിജയന്‍ സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ പൊതു കാര്യങ്ങളില്‍ ഇടപെട്ട് മധ്യസ്ഥത വഹിച്ച് തന്റെ നേതൃപാടവം തെളിയിച്ച വ്യക്തിയാണ്.

പിന്നീട് ബ്രണ്ണര്‍ കോളേജില്‍ പഠിക്കുമ്പോള്‍ എസ്.എഫ്.ഐ യുടെ പഴയ രൂപമായ കെ.എസ്.എഫ്. ന്റെയും പിന്നീട് ഡി.വൈ.എഫ്.ഐ യുടെ പഴയ രൂപമായ കെ.എസ്.വൈ.എഫിന്റെയും അമരക്കാരനായി മാറി.

1971-ല്‍ തലശ്ശേരിയില്‍ വര്‍ഗ്ഗീയ കലാപം നടക്കുമ്പോള്‍ ചങ്കുറപ്പോടെ സംഘര്‍ഷ പ്രദേശത്തിറങ്ങി പിണറായിയുടെ നേതൃത്വത്തില്‍ ഒരുക്കിയ സംരക്ഷണ വലയം ന്യൂനപക്ഷ സമൂഹം ഒരിക്കലും മറക്കില്ല. വര്‍ഗ്ഗീയ വാദികള്‍ രക്തദാഹികളായി ഉറഞ്ഞ് തള്ളിയ ആ കലാപത്തില്‍ കുഞ്ഞിരാമനെന്ന ഒരു സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് തന്നെ പള്ളിക്ക് സംരക്ഷണം കൊടുക്കുന്നതിനിടെയായിരുന്നു.

അടിയന്തരാവസ്ഥ കാലത്ത് ജയിലിലടക്കപ്പെട്ട് കൊടിയ പീഡനമേറ്റ് വാങ്ങിയ അനുഭവമാണ് ഇന്ന് കാണുന്ന രൂപത്തില്‍ പിണറായിയെ പരുക്കനാക്കിയത്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ കാണാതെ അദ്ദേഹത്തെ വേട്ടയാടുന്ന ‘നിരീക്ഷക’ സമൂഹം ഒരു വില്ലന്‍ പരിവേഷം നല്‍കാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്.

കോടതി വെറുതെ വിട്ടാലും തങ്ങള്‍ വെറുതെ വിടില്ലെന്ന നിലപാട് ‘കുടിപ്പക’ യുടെ ഉദാഹരണങ്ങളായാണ് വിലയിരുത്തപ്പെടുന്നത്.

ഇരുപത്തിയാറാം വയസ്സില്‍ കൂത്തുപറമ്പില്‍ നിന്ന് വിജയിച്ച് വെന്നിക്കൊടി പാറിച്ച ചരിത്രം തന്നെയാണ് ഇപ്പോള്‍ ധര്‍മ്മടത്ത് നിന്ന് ലഭിച്ച തകര്‍പ്പന്‍ ഭൂരിപക്ഷത്തിലൂടെ പിണറായി ആവര്‍ത്തിച്ചത്.

Top