ആരും ജയരാജനെ ബി.ജെ.പിയാക്കണ്ട, ഇത് ഇനം വേറെയാണ്, അത് ഓര്‍ക്കുക

പി.ജയരാജന്‍ എന്ന കമ്യൂണിസ്റ്റ് ബി.ജെ.പിയാകുക എന്നതിനര്‍ത്ഥം കേരളത്തിലെ കമ്യൂണിസ്റ്റുകള്‍ എല്ലാം ബി.ജെ.പിയായി എന്നതുതന്നെയാണ്. ജയരാജനെ ബി.ജെ.പിയാക്കാന്‍ മത്സരിക്കുന്ന സകല കമ്യൂണിസ്റ്റ് വിരുദ്ധരും ഇക്കാര്യം ഓര്‍ക്കുന്നത് നല്ലതാണ്.

വ്യക്തി സ്വാതന്ത്ര്യം എന്നത് ആര്‍ക്കും എന്തും വിളിച്ച് പറയാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമല്ല. സമൂഹമാധ്യമങ്ങളില്‍ കാണുന്നതെല്ലാം ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നവര്‍ സാമാന്യയുക്തി ചില കാര്യങ്ങളില്‍ ഉപയോഗിക്കുന്നത് നല്ലതാണ്. അതിന് ആരാണ് പി.ജയരാജന്‍ എന്നറിയണം. എന്താണ് സി.പി.എം എന്ന് പഠിക്കണം. അതിന് ശേഷമായിരിക്കണം എടുത്ത് ചാടേണ്ടത്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന നവ മാധ്യമങ്ങള്‍ ഒരു നുണ ഫാക്ടറിയായി പരിവര്‍ത്തനം ചെയ്യപ്പെടുന്നതിനാണ് ഇത്തരം പ്രചരണങ്ങളെല്ലാം വഴിവയ്ക്കുക.

പി.ജയരാജന്‍ ബി.ജെ.പിയില്‍ ചേരുന്നുവെന്ന പ്രചരണം തുടങ്ങിയത് തിരുവോണ നാളിലാണ്. ഇത്തരമൊരു തിരുവോണ നാളില്‍ തന്നെയാണ് ഇരുപത് വര്‍ഷം മുന്‍പ് ജയരാജന്‍ സംഘപരിവാറുകാരാല്‍ ആക്രമിക്കപ്പെട്ടത് എന്ന കാര്യം കൂടി നാം ഓര്‍ക്കണം.

വീട്ടില്‍ കയറി ജയരാജനെ ഭാര്യയുടെ മുന്നില്‍ വച്ചാണ് വെട്ടിവീഴ്ത്തിയത്. അനവധി വെട്ടുകളാണ് ആ ശരീരത്തിലുണ്ടായിരുന്നത്. ദേഹമാസകലം ചോരയില്‍ കുളിച്ച് നില്‍ക്കുന്ന ജയരാജന്റെ മുഖം രാഷ്ട്രീയ കേരളത്തിന് ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ കൈപ്പത്തിയും അറ്റുപോയിരുന്നു. ഇപ്പോഴും ചലിക്കാത്ത ആ കൈയ്യും ശരീരത്തിലെ മുറിപ്പാടുകളും കാവി ആക്രമണത്തിന്റെ തിരുശേഷിപ്പുകളാണ്. ഈ ജയരാജന് ബി.ജെ.പിയാകാമെങ്കില്‍ കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രം തന്നെ അറബിക്കടലില്‍ എറിയുന്നതിന് തുല്യമാകുമത്.

സംഘപരിവാര്‍ സംഘടനകളുടെ കണ്ണിലെ ഏറ്റവും വലിയ കരടാണ് പി.ജയരാജന്‍. രാജ്യത്തിന്റെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആരാകണമെന്ന് തീരുമാനിക്കാന്‍ തക്ക ശേഷിയുള്ള ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് പോലും മറക്കാത്ത പേരാണ് ജയരാജന്റേത്. കണ്ണൂരില്‍ സംഘപരിവാറുകാര്‍ കൊല്ലപ്പെടുന്നതിന് പിന്നില്‍ ജയരാജന്റെ കരങ്ങളാണെന്ന നിരവധി റിപ്പോര്‍ട്ടുകളാണ് കേരള നേതാക്കള്‍ മോഹന്‍ ഭാഗവതിന് നല്‍കിയിരുന്നത്.

ആര്‍.എസ്.എസിന് രാജ്യത്ത് ഏറ്റവും അധികം ശാഖകളും ബലിദാനികളും ഉള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ട് തന്നെ ഇവിടുത്തെ സംഘം ദേശീയ നേതാക്കളെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ടതാണ്. ചുവപ്പ് ഭീകരത ആരോപിച്ച് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ മുന്‍കൈ എടുത്ത് നടത്തിയ മാര്‍ച്ച് ആരും മറന്ന് പോകരുത്.കേന്ദ്ര മന്ത്രിമാരും രാജ്യത്തെ മുഴുവന്‍ ബി.ജെ.പി മുഖ്യമന്ത്രിമാരും പങ്കെടുത്ത ആ മാര്‍ച്ചില്‍ മുഴങ്ങിയത് ഏറെയും ജയരാജനെതിരായ മുദ്രാവാക്യങ്ങളായിരുന്നു. അത്രക്കുണ്ട് കാവിപടക്ക് ഈ കമ്യൂണിസ്റ്റിനോടുള്ള കലി.

1999ലെ തിരുവോണ നാളില്‍ ആര്‍എസ്എസ് ആക്രമണത്തില്‍ ശരീരം ചിന്നഭിന്നമായ ജയരാജന്‍ അത്ഭുതാവഹമായാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരുന്നത്. അന്ന് 13ഓളം റെയില്‍വേ ക്രോസുകള്‍ കടന്ന് കണ്ണൂരില്‍നിന്ന് അദ്ദേഹത്തെ കോഴിക്കോടും പിന്നീട് എറണാകുളത്തും എത്തിക്കാന്‍ കഴിഞ്ഞത് ‘കണ്ണിലെ കൃഷ്ണമണിപോലെ കാക്കുന്ന’ പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യം മൂലമായിരുന്നു.

ദിവസവും കുറഞ്ഞത് 16 മണിക്കൂറെങ്കിലും അദ്ദേഹം പാര്‍ട്ടിക്കുവേണ്ടി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി ഒരു എ.ടി.എം കാര്‍ഡ് പോലുമില്ലാത്ത അപൂര്‍വ്വം നേതാവാണ് ജയരാജന്‍. എം.എല്‍.എ പെന്‍ഷന്‍ ട്രഷറി വഴി വാങ്ങുന്ന ജയരാജനെതിരെ സാമ്പത്തിക ആരോപണങ്ങളൊന്നും ഉന്നയിക്കാന്‍ എതിരാളികള്‍ക്ക്‌പോലും ഇതുവരെ സാധിച്ചിട്ടില്ല. തന്നെ ഇല്ലാതാക്കാന്‍ വരെ ശ്രമിച്ച ആര്‍.എസ്.എസിന്റെ സുപ്രധാന നേതാക്കളെയും പ്രവര്‍ത്തകരെയും വരെ സി.പി.എമ്മില്‍ എത്തിക്കാന്‍ കഴിഞ്ഞത് ജയരാജന്റെ അസൂയാവഹമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

സംസ്ഥാന കമ്മറ്റി അംഗമെന്ന പദവിയിലിരിക്കുമ്പോഴും കണ്ണൂരിലെ സഖാക്കള്‍ക്ക് ഒരു കൈയ്യകലത്തിലുള്ള നേതാവാണ് ജയരാജന്‍. ഏത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എപ്പോഴും നേരിട്ട് ബന്ധപ്പെടാനാകുമെന്നതാണ് ജയരാജന്റെ ജനപ്രീതിക്ക് അടിസ്ഥാനമായ മറ്റൊരു പ്രത്യേകത.ഇത്തരമൊരു നേതാവിനെയാണ് ഒറ്റ ദിവസം കൊണ്ട് കാവിയണിയിക്കാന്‍ ചിലര്‍ ശ്രമിച്ചിരിക്കുന്നത്. ഈ പ്രചരണത്തിന് പിന്നിലെ ഉദ്ദേശം വ്യക്തമാണ്. അത് പി.ജയരാജന്‍ എന്ന രാഷ്ട്രിയ നേതാവിന്റെ വിശ്വാസ്യത തകര്‍ക്കുക എന്നത് മാത്രമാണ്. ഒരിക്കലും നടക്കാത്ത സ്വപ്നം എന്നൊക്കെ പറയുന്നത് ഇതിനെയൊക്കെയാണ്.

കാവി പാളയത്തില്‍ നിന്നും പ്രചരിച്ച പോസ്റ്റുകള്‍ വൈറലാക്കുന്നതിന് പിന്നില്‍ ചില മുസ്ലീം തീവ്രവാദ ഗ്രൂപ്പുകളും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്കാര്യം പൊലീസിന് നല്‍കിയ പരാതിയില്‍ ജയരാജന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു റിപ്പബ്ലിക് ദിനത്തില്‍ എസ്.എഫ്.ഐ നേതാവ് കെ.വി.സുധീഷിനെ വീട്ടില്‍ കയറി മാതാപിതാക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്നതും തനിക്കെതിരെ നടന്ന ആക്രമണവുമെല്ലാം ചൂണ്ടിക്കാട്ടി അഞ്ഞടിച്ചാണ് ജയരാജനിപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

സംഘപരിവാരങ്ങള്‍ക്കെതിരായി രാഷ്ട്രീയ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗവും പോരാടിയ വ്യക്തിയാണ് താനെന്നും, ഒരു സി.പി.എം പ്രവര്‍ത്തകനെന്ന നിലക്ക് അത് ഇനിയും തുടര്‍ന്ന് കൊണ്ടിരിക്കുമെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ജയരാജന്‍ വ്യക്തമാക്കിയിട്ടുണ്ട്.
തന്നെ കാവി അണിയിക്കാന്‍ ശ്രമിച്ചവരെ നിയമപരമായ നടപടിയിലൂടെ കണ്ടെത്താനുള്ള ശ്രമമാണ് ജയരാജനും പാര്‍ട്ടിയും ഇപ്പോള്‍ നടത്തി വരുന്നത്.

Political Reporter

Top