സമരം തന്നെ ജീവിതവും, വിട വാങ്ങിയത് എതിരാളി പോലും അംഗീകരിക്കുന്ന സഖാവ്

സിപിഎമ്മിലെ ചിരിക്കുന്ന മുഖമാണ് സഖാവ് കോടിയേരി ബാലകൃഷ്ണൻ. കണ്ണൂരിലെ കല്ലറ തലായി എൽ പി സ്കൂൾ അദ്ധ്യാപകൻ കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകൻ കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയത് സ്കൂൾ പഠനകാലത്താണ്. 1953 നവംബർ 16 ജനിച്ച ബാലകൃഷ്ണൻ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് കെ എസ് എഫിന്റെ ( എസ് എഫ് ഐയുടെ ആദ്യ രൂപം) യൂണിറ്റ് സ്കൂളിൽ ആരംഭിക്കുന്നതും അതിന്റെ സെക്രട്ടറിയായതും.

1980 മുതൽ 1982 വരെ യുവജനപ്രസ്ഥാനമായ ഡിവൈഎഫ്ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു. 1988ൽ ആലപ്പുഴയിൽ വെച്ചു നടന്ന സിപിഎമ്മിന്റെ സംസ്ഥാനസമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനെ പാർടിയുടെ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്ത്. 1990 മുതൽ 1995 വരെ സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1995ൽ കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാനസമ്മേളനത്തിൽ അദ്ദേഹത്തെ പാർടിയുടെ സംസ്ഥാനസെക്രട്ടേറിയേറ്റിലേക്കും 2002ൽ ഹൈദരാബാദിൽ വെച്ചു നടന്ന സിപിഎം പാർടി കോൺഗ്രസിൽ വെച്ച് അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയിലേക്കും തെരെഞ്ഞെടുത്തു. 2008ൽ കോയമ്പത്തൂരിൽ വെച്ചു നടന്ന പാർടി കോൺഗ്രസിലാണ് അദ്ദേഹം സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ മെമ്പറായത്

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം തലശേരിയില്‍ കോടിയേരിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടന്നു. പൊലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ട് രണ്ടു ദിവസം മര്‍ദിച്ചു. രണ്ടു ദിവസം കഴിഞ്ഞ് മിസ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കണ്ണൂര്‍ സെ ന്‍ട്രല്‍ ജയിലില്‍ പിണറായി വിജയന്‍, ഇമ്പിച്ചിബാവ, വി വി ദക്ഷിണാമൂര്‍ത്തി, എം പി വീരേന്ദ്രകുമാര്‍, ബാഫഖി തങ്ങള്‍ എന്നിവര്‍ക്കൊപ്പം ജയില്‍വാസം. ഈ സമയം രാഷ്ട്രീയപഠനവും ഹിന്ദി പഠനവും നടന്നു.

തിരുവനന്തപുരത്ത് അഴിമതിക്കെതിരായ സമരം, ജെഎന്‍യുവിലെ വിദ്യാര്‍ഥി ധ്വംസനത്തിനെതിരെ നടന്ന സമരം, നാല്‍പ്പാടി വാസുവിന്റെ വധത്തില്‍ പ്രതിഷേധിച്ച് നടന്ന സമരം, കര്‍ഷകരുടെ ആവശ്യങ്ങളുന്നയിച്ചു നടത്തിയ റെയില്‍വേ സമരം എന്നിവയില്‍ പങ്കെടുത്തപ്പോള്‍ പൊലീസിന്റെ ഭീകര മര്‍ദനമേറ്റു.

2001 മുതൽ 2016 വരെ തലശ്ശേരി നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. കേരളത്തിലെ ആഭ്യന്തര, വിനോദസഞ്ചാരവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി 2006 മുതൽ 2011 വരെ കോടിയേരി പ്രവർത്തിച്ചു. 2015 ഫെബ്രുവരി 23ന് ആലപ്പുഴയിൽ നടന്ന സിപിഎമ്മിന്റെ ഇരുപത്തിയൊന്നാം സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണൻ ആദ്യമായി സിപിഐ (എം)ന്റെ സംസ്ഥാനസെക്രട്ടറിയായത്. 2018 ഫെബ്രുവരി 26ന് തൃശൂരിൽ വെച്ചു നടന്ന സിപിഐ (എം)ന്റെ ഇരുപത്തിരണ്ടാമത്തെ സംസ്ഥാനസമ്മേളനത്തിൽ കോടിയേരി വീണ്ടും സംസ്ഥാനസെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2022 ഓഗസ്ത് 28-ന് ആരോഗ്യപരമായ കാരണങ്ങളെത്തുടർന്ന് സിപിഐഎം സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്.

Top