കുറ്റ്യാടി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് സിപിഎം വഴങ്ങില്ല; 14-ന് വിശദീകരണ യോഗം

കോഴിക്കോട്: കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന് സിപിഎം തീരുമാനം. സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുക്കേണ്ടതില്ലെന്ന് കുന്നുമ്മല്‍ ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമും ജില്ലാ സെക്രട്ടറി പി.മോഹനനും പങ്കെടുത്ത യോഗത്തിന്റേതാണ് തീരുമാനം. കുന്നുമ്മല്‍, വടകര ഏരിയ കമ്മിറ്റികളുടെ പരിധിയിലുള്ളതാണ് കുറ്റ്യാടി നിയോജക മണ്ഡലം.

ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ അതുമായി മുന്നോട്ടുപോകുന്നതാണ് പാര്‍ട്ടി രീതി. അതുകൊണ്ട് തന്നെ പ്രതിഷേധങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്നും ഏരിയ കമ്മിറ്റി യോഗം ഐക്യകണ്ഠമായി തീരുമാനമെടുത്തു. ഈ മാസം 14-ന് കുറ്റ്യാടിയില്‍ ഒരു ശക്തിപ്രകടനവും രാഷ്ട്രീയ വിശദീകരണ യോഗവും നടത്താനും തീരുമാനിച്ചിട്ടുണ്ട്.

കെ.പി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധമെങ്കിലും ഇതേ കെ.പി കുഞ്ഞമ്മദ് കുട്ടിയെ തന്നെ യോഗത്തില്‍ പങ്കെടുപ്പിച്ചുകൊണ്ടാണ് മുന്നണി തീരുമാനവുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചതും ശ്രദ്ധേയമായി. കുറ്റ്യാടിയിലെ പ്രശ്‌നം തൊട്ടടുത്ത് നില്‍ക്കുന്ന മറ്റ് മണ്ഡലമായ നാദാപുരം, വടകര, പേരാമ്പ്ര എന്നിവിടങ്ങളെയൊന്നും ബാധിക്കില്ലെന്നും യോഗം വിലയിരുത്തി.

വടകര ഏരിയ കമ്മിറ്റി യോഗവും ഇന്ന് നടക്കുന്നുണ്ട്. ഇവിടേയും എളമരം കരീം നിരീക്ഷകനായി പങ്കെടുക്കുന്നുണ്ട്. പി.മോഹനനും യോഗത്തിലുണ്ട്. സമാനമായ തീരുമാനമായിരിക്കും വടകര ഏരിയ കമ്മിറ്റി യോഗത്തിലും ഉണ്ടാകുക എന്നാണ് വിവരം.

കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസ് എം. ജോസ് വിഭാഗത്തിനു വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ച് സി.പി.എം. അണികള്‍ ബുധനാഴ്ച വീണ്ടും തെരുവിലിറങ്ങിയിുന്നു. ആയിരത്തിലേറെ പാര്‍ട്ടിപ്രവര്‍ത്തകര്‍ പ്രകടനവും വിശദീകരണയോഗവും നടത്തി. പാര്‍ട്ടി പ്രാദേശിക നേതാക്കളും പങ്കെടുത്തിരുന്നു. ലോക്കല്‍കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും പാര്‍ട്ടിമെമ്പര്‍മാരുമാണ് പ്രകടനത്തിനു നേതൃത്വം നല്‍കിയത്. കഴിഞ്ഞ ദിവസം രാത്രിതന്നെ ഉന്നതനേതൃത്വം ഇടപെട്ട് അനുനയശ്രമങ്ങള്‍ തുടങ്ങിയിരുന്നു

 

Top