സി.പി.എമ്മിന്റെ മൗനം അപചയത്തിന്റെ വ്യാപ്തി പ്രകടമാക്കുന്നത്: മുല്ലപ്പള്ളി

തിരുവനന്തപുരം; സിപിഎമ്മില്‍ പാര്‍ട്ടി സെക്രട്ടറി മുതല്‍ താഴെ തട്ടിലുള്ള നേതാക്കള്‍ക്കെതിരെ വരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സിപിഎം നേതൃത്വം മൗനം പാലിക്കുന്നത് പാര്‍ട്ടി ഇന്ന് നേരിടുന്ന അപചയത്തിന്റെയും ധാര്‍മിക അധഃപതനത്തിന്റെയും സൂചനയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

മകനെതിരേ ഉയര്‍ന്ന പരാതിയെ കുറിച്ച് കോടിയേരിക്ക് വ്യക്തമായി അറിയാമായിരുന്നെന്നും സംഭവത്തില്‍ ഇടപെട്ടുവെന്നും തെളിയിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. പാര്‍ട്ടി സെക്രട്ടറിയുമായി ബന്ധപ്പെട്ട് ഇത്തരമൊരു പരാതി സി.പി.എമ്മില്‍ ഉയരുന്നത് ആദ്യമാണ്. കഴിവും ജനസ്വാധീനവുമുള്ള നിരവധി നേതാക്കളെയാണ് സി.പി.എം പാര്‍ട്ടിവിരുദ്ധ നടപടികളുടെ പേരില്‍ പുറത്താക്കിയിട്ടുള്ളത്. ആ പ്രസ്ഥാനം ഇന്ന് കോടിയേരി ബാലകൃഷ്ണന്റെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

സ്ത്രീ പീഡകര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പറയുന്ന സി.പി.എം നേതാക്കളും അവരുമായി ബന്ധപ്പെട്ടവരുമാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പ്രതികളായി വരുന്നത്. കഴിഞ്ഞ ആറുമാസത്തിനിടയിലെ സംഭവങ്ങള്‍ മാത്രം എടുത്ത് പരിശോധിച്ചാല്‍ സി.പി.എം നേരിടുന്ന മൂല്യച്ഛുതിയുടെ ആഴം ദൃശ്യമാകുമെന്നും രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്ത നടപടികളാണ് സി.പി.എമ്മില്‍ നിന്നും നിരന്തരം ഉണ്ടാകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ആന്തൂര്‍ സംഭവത്തില്‍ നഗരസഭ അധ്യക്ഷയോട് രാജിവയ്ക്കാനും നിയമ നടപടികള്‍ നേരിടാനും ഉപദേശിക്കേണ്ട പാര്‍ട്ടി അവരെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. നഗരസഭാ അധ്യക്ഷയ്ക്കെതിരെ സാജന്റെ ഭാര്യയുടെ മൊഴി ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് പൊലീസ് കേസെടുത്തില്ല. ദുരഭിമാനം വെടിഞ്ഞ് എത്രയും പെട്ടെന്ന് കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭയും സര്‍ക്കാരും തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Top