‘വിഴിഞ്ഞം സമരം, ലക്ഷ്യം വിമോചന സമരം’; വിമര്‍ശനവുമായി പി. മോഹനൻ

കോഴിക്കോട്: വിഴിഞ്ഞത്ത് നടക്കുന്നത് ലക്ഷണമൊത്ത അന്താരാഷ്ട്ര ഗൂഢാലോചനയാണെന്ന് കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ. നിരോധിക്കപ്പെട്ട തീവ്രവാദ പ്രസ്ഥാനങ്ങളിലെ അംഗങ്ങൾ വരെ ഇതിൽ പങ്കാളികളാണ്. വിഴിഞ്ഞം സമരത്തിന്റെ മറ്റൊരു പതിപ്പാണ് കോഴിക്കോട് കോതിയിൽ നടക്കുന്നതെന്നും പി. മോഹനൻ പറഞ്ഞു. മാലിന്യ പ്ലാന്റിനെതിരെ സമരം നടക്കുന്ന കോതിയിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞം കേന്ദ്രമായി അട്ടിമറി സമരം നടക്കുകയാണ്. പൊലീസീനെക്കൊണ്ട് വെടിവെപ്പ് ഉണ്ടാക്കാനാണ് ശ്രമം. വിമോചന സമരമാണ് ചിലരുടെ ലക്ഷ്യം. കേരളത്തിലെ സർ‌ക്കാറിനെ ലോകം മുഴുവൻ ശ്രദ്ധിക്കുന്നത് ഇല്ലാതാക്കാനാണ് അട്ടിമറിക്കുന്നത്. ഇതിന് മാധ്യമങ്ങളും കൂട്ടുനിൽക്കുകയാണ്. വിഴിഞ്ഞത്തും കോതിയിലും നടക്കുന്നത് ഒരേസമരമാണ്. സർവകക്ഷി യോ​ഗത്തിൽ യുഡിഎഫ് പദ്ധതിയെ അനുകൂലിച്ചതാണ്. അന്നെടുത്ത നിലപാട് പിന്നീട് മാറി. കോതിയിൽ മറ്റൊരു വിഴിഞ്ഞമുണ്ടാക്കാനാണോ യുഡിഎഫ് ശ്രമമെന്ന് തുറന്ന് പറയണം.

ഡെപ്യൂട്ടി മേയർ മുസാഫിറിനെ പ്ലാന്റിന്റെ പേരിൽ ഒറ്റതിരിഞ്ഞ് ആക്രമിച്ചാൽ പതിനായിരങ്ങൾ ഇറങ്ങി പ്രതിരോധിക്കും. സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നാടിന് ആവശ്യമാണ്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് യുഡിഎഫ് ജനങ്ങളുടെ മനസ്സിൽ മാലിന്യം കോരിയിടുകയാണ്. കക്കൂസ് മാലിന്യം ലോറിയിൽ കൊണ്ടുവരുമെന്ന് കള്ളം പ്രചരിപ്പിക്കുന്നുവെന്നും മോഹനൻ പറഞ്ഞു.

Top