നരേന്ദ്ര മോദിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹ പ്രസംഗമാകുമോയെന്ന് കോടിയേരി

Kodiyeri Balakrishanan

കളമശേരി: രാജ്യദ്രോഹ പ്രസംഗം താന്‍ നടത്തിയിട്ടില്ലെന്നു വീണ്ടും ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആര്‍എസ്എസിനെയും വിമര്‍ശിച്ചാല്‍ അത് രാജ്യദ്രോഹ പ്രസംഗമാകുമോയെന്നും എങ്കില്‍ തന്നെ ജയിലില്‍ അടയ്ക്കട്ടെന്നും കോടിയേരി പറഞ്ഞു. താന്‍ ബിജെപിയുടെ നയങ്ങള്‍ക്കെതിരെയാണ് പ്രസംഗിച്ചതെന്നും തനിക്കെതിരെ നടക്കുന്നത് കള്ളപ്രചരണങ്ങളാണെന്നും നെടുങ്കണ്ടത്ത് പ്രസംഗിച്ചതു സംപ്രേഷണം ചെയ്യട്ടെയെന്നും കോടിയേരി വ്യക്തമാക്കി.

ഭീകരാക്രമണ വിഷയത്തില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തയിരുന്നു. യുദ്ധത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു കോടിയേരി ആരോപിച്ചത്.

യുദ്ധം ഒരു പ്രശ്‌നത്തിന്റെയും പരിഹാരമല്ലെന്നും ഭയം കൊണ്ട് ബിജെപി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും പാക്കിസ്ഥാനെ എതിരിടാന്‍ കശ്മീരികളെ കൂടെ നിര്‍ത്തണം എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ ഭാഗമെന്ന് പറയുമ്പോഴും കശ്മീരികളെ ഉള്‍ക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും, കോടിയേരി പറഞ്ഞിരുന്നു.

Top