ആ വിജയം പ്രതിപക്ഷത്തിന് നൽകുന്നത് അപകട സന്ദേശം, ഇനിയാണ് മത്സരം !

കേരളത്തിലെ ഇടതുപക്ഷ അടിത്തറ എന്നു പറഞ്ഞാല്‍ അത് സി.പി.എമ്മിന്റെ കരുത്തിനാല്‍ കെട്ടിപ്പൊക്കിയതാണ്. ഒരു സുനാമിക്കും തകര്‍ക്കാന്‍ പറ്റാത്ത ഒരു കരുത്തുണ്ട് അതിന്. തിരിച്ചടികളില്‍ നിന്നും ആര്‍ജിക്കുന്ന കരുത്താണിത്. ആ ചരിത്രത്തിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ തദ്ദേശ ഉപതിരഞ്ഞെടുപ്പ് ജനവിധിയിലും പ്രകടമായിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടന്ന 44 വാര്‍ഡില്‍ 22ലും വിജയിച്ചത് ഇടതുപക്ഷമാണ്. യുഡിഎഫിന്റെ വിജയം 17ല്‍ മാത്രമായി ഒതുങ്ങി. ബിജെപിക്കും തിരഞ്ഞെടുപ്പില്‍ നേട്ടുമുണ്ടാക്കാനായില്ല. മാധ്യമങ്ങളും പ്രതിപക്ഷവും പറയുന്ന ജനവികാരം എതിരായിരുന്നുവെങ്കില്‍ ഒരു സീറ്റില്‍ പോലും ഇടതുപക്ഷം വിജയിക്കില്ലായിരുന്നു.

രാഹുല്‍ തരംഗത്തില്‍ 20 ല്‍ 19 ലോക്‌സഭ സീറ്റും നേടാന്‍ കഴിഞ്ഞ യു.ഡി.എഫ് ഇപ്പോള്‍ അണ്ടി പോയ അണ്ണാന്റെ അവസ്ഥയിലാണ്. രാഹുലിന്റെ മണ്ഡലത്തില്‍ പോലും അവര്‍ ഇപ്പോള്‍ നാണം കെട്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്ക് വന്‍ ഭൂരിപക്ഷം നല്‍കിയ വയനാട് മണ്ഡലത്തില്‍പ്പെട്ട മാന്താട് വാര്‍ഡ് യു.ഡി.എഫില്‍ നിന്നും ചെമ്പട പിടിച്ചെടുത്തത് വ്യക്തമായ ഒരു സന്ദേശമാണ്. ഇനി ആ പരിപ്പ് ഈ മണ്ണില്‍ വേവില്ല എന്ന മുന്നറിയിപ്പാണിത്. രാഹുലിനെ രക്ഷകനാക്കിയും ശബരിമല വിഷയത്തില്‍ മുതലെടുപ്പ് നടത്തിയും നേടിയ വിജയത്തിനാണ് ഇതാടെ റെഡ് സിഗനല്‍ വീണിരിക്കുന്നത്.

ഉടന്‍ തന്നെ നടക്കാനിരിക്കുന്ന 6 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇടതുപക്ഷത്തിന് ഈ വിജയം ആത്മവിശ്വാസം നല്‍കും. ആറില്‍ ഒരു സീറ്റു മാത്രമാണ് നിലവില്‍ ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റ്. അത് അരൂരാണ്. ഈ സീറ്റ് നിലനിര്‍ത്തി മറ്റു അഞ്ച് സീറ്റുകളില്‍ പരമാവധി എണ്ണം പിടിച്ചെടുക്കുക എന്നതാണ് സി.പി.എം ലക്ഷ്യം. അതിന് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് വലിയ ആത്മവിശ്വാസമാണ് നല്‍കുക.

സമീപകാലത്തൊന്നും ഇല്ലാത്ത തരത്തിലുള്ള വേട്ടയാടലാണ് സി.പി.എമ്മിനും അതിന്റെ നേതാക്കള്‍ക്കുമെതിരെ സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത്. ബലാല്‍സംഗ കേസില്‍ പ്രതികളായ കോണ്‍ഗ്രസ്സ് നേതാക്കളെ പുണരുന്ന മാധ്യമങ്ങളുടെ പക്ഷപാതപരമായ നിലപാടും വ്യക്തമാണ്. എന്നാല്‍ ഈ നിറം പിടിപ്പിച്ച കഥകള്‍ക്കും മീതെയാണ് ചുവപ്പിനോടുള്ള ഐക്യദാര്‍ഡ്യം കേരളം ഇപ്പോള്‍ കാണിച്ചിരിക്കുന്നത്.

കേവലം ഒരു തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലമായി മാത്രം ഈ ജനവിധിയെ തരം താഴ്ത്തി കാണുന്ന കുത്തക മാധ്യമങ്ങളും ഒരു കാര്യം ഓര്‍ക്കണം, പ്രാദേശികമായ വിധിയെഴുത്തിലാണ് യഥാര്‍ത്ഥ ജനാഭിപ്രായം പ്രകടമാകുക. അവിടെ രാഹുല്‍ എന്ന രക്ഷകന്റെ പുറമോടി ഒന്നും വിലപ്പോവില്ല. യഥാര്‍ത്ഥ രക്ഷകന്‍ ആരാണ് എന്ന് ഇപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞിരിക്കുന്നു. കൈ കെടുത്തവര്‍ തന്നെ മുഖം തിരിച്ച് നല്‍കിയ പ്രഹരമാണ് ഈ ജനവിധി. ലോകസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് 64-ാമത്തെ ദിവസമാണ് ചെമ്പടയുടെ ഉയര്‍ത്തെഴുന്നേല്‍പ്പെന്നെതും ശ്രദ്ധേയമാണ്.

നാലു വര്‍ഷം മുന്‍പ്, അതായത് 2015-ല്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്ന 44 വാര്‍ഡില്‍ 23 ല്‍ ജയിച്ചടത്ത് ഇപ്പോള്‍ പ്രതികൂല സാഹചര്യത്തിലും 22 വാര്‍ഡിലും വിജയിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. കോട്ടയത്തെ സിറ്റിങ് സീറ്റായ തിരുവാര്‍പ്പിലെ ഒരു സീറ്റ് നഷ്ടപ്പെടാന്‍ കാരണം ഇവിടെ കോലീബീ സഖ്യമായിരുന്നു എന്നതിനാലാണ്. കേരളത്തിലെ ജനവികാരം ഇടതുപക്ഷത്തിന് എതിരല്ലന്നും ലോകസഭ തിരഞ്ഞെടുപ്പ് ഫലം താല്‍ക്കാലിക പ്രതിഭാസമാണെന്നും ബോധ്യപ്പെടുത്തുന്നത് കൂടിയാണിത്. ഇനി നടക്കാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടാല്‍ യു.ഡി.എഫ് എന്ന മുന്നണി തന്നെയാണ് നാമാവിശേഷമാവുക.

കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഒരു മുന്നണിയും തുടര്‍ച്ചയായി ഭരണം നടത്തിയിട്ടില്ല. തലനാരിഴക്കാണ് മുന്‍പ് വി.എസ് സര്‍ക്കാറിന് ഭരണ തുടര്‍ച്ച നഷ്ടമായത്. ഈ സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ പിണറായി സര്‍ക്കാറിന്റെ ഭരണ തുടര്‍ച്ചക്കുള്ള സാധ്യത കൂടുതലാണ്. ആന്തൂരും ബിനോയ് കോടിയേരിയും ഒന്നും ചെമ്പടയുടെ മുന്നേറ്റത്തിനെ തടയുന്ന ഘടകങ്ങളല്ല എന്നത് രാഷ്ട്രീയ നിരീക്ഷകരെ പോലും അത്ഭുതപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്.

തെറ്റുകള്‍ പറ്റാത്ത പാര്‍ട്ടികളോ വ്യക്തികളോ ലോകത്തില്ല. അത് തിരുത്തി മുന്നോട്ട് പോകുന്നതിലാണ് കാര്യം. സി.പി.എമ്മുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളും ഒടുവില്‍ ചായ കോപ്പയിലെ കൊടുങ്കാറ്റായി തന്നെ മാറും. കാരണം ആത്യന്തികമായി ഇവിടെ പാര്‍ട്ടിയാണ് വലുത്. വ്യക്തിയല്ല. ഏത് ഉന്നത നേതാവിനെതിരെയും നടപടി എടുക്കാന്‍ മടിക്കാത്ത പാര്‍ട്ടിയാണ് സി.പി.എം.അക്കാര്യം നന്നായി അറിയുന്നതും സി.പി.എം നേതാക്കള്‍ക്കും അണികള്‍ക്കുമാണ്. അതു കൊണ്ട് തന്നെ പാര്‍ട്ടി വിട്ട ഒരു കളിക്കും അവരാരും നില്‍ക്കില്ല. പാര്‍ട്ടി കമ്മറ്റികളില്‍ സ്വയം വിമര്‍ശനപരമായി ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ വാര്‍ത്തയാക്കുന്ന മാധ്യമങ്ങളാണ് ഒടുവില്‍ വിഡ്ഢികളാകുക.

ഒരു കേഡര്‍ പാര്‍ട്ടി എന്ന നിലയില്‍ മുന്നില്‍ വരുന്ന വിഷയങ്ങള്‍ പാര്‍ട്ടി തലത്തില്‍ പരിശോധിച്ച് നടപടി സ്വീകരിക്കാനുള്ള സംവിധാനം സിപി.എമ്മിനുണ്ട്. പാര്‍ട്ടി ഒരു തീരുമാനം എടുത്ത് കഴിഞ്ഞാല്‍ പിന്നെ അതിനപ്പുറം ഒരു നിലപാടും ഒരു നേതാവും സ്വീകരിക്കില്ല. അതാണ് സി.പി.എമ്മിന്റെ രീതി. ഇവിടെ സംസ്ഥാന കമ്മറ്റി എടുത്ത തീരുമാനം തിരുത്താനുള്ള അവകാശം കേന്ദ്ര കമ്മറ്റിക്കുണ്ട്. ഈ ഉന്നത സമിതിയും പാര്‍ട്ടി കോണ്‍ഗ്രസ്സും എടുക്കുന്ന നിലപാടുകളാണ് പാര്‍ട്ടി നയം. സി.പി.എമ്മില്‍ നില്‍ക്കുന്നവര്‍ ഈ തീരുമാനങ്ങള്‍ അംഗീകരിക്കേണ്ടി വരും അത് എത്ര ഉന്നത നേതാവായാലും.

പലപ്പോഴും പാര്‍ട്ടിക്ക് വിഭിന്നമായ നിലപാട് സ്വീകരിച്ച വി.എസ് അച്ചുതാനന്ദന്‍ പോലും ചെങ്കൊടി വിട്ട ഒരു കളിക്കും ഇന്നുവരെ നിന്നിട്ടില്ല. ചുവപ്പിനൊപ്പം നില്‍ക്കുന്ന ശക്തി ചുവപ്പിനെ വിട്ടാല്‍ ലഭിക്കില്ലന്ന് ഏറ്റവും നന്നായി അറിയാവുന്ന നേതാവാണ് വി.എസ്. ഇടയാന്‍ മടിയില്ലാത്ത സി.പി.എം സ്ഥാപക നേതാവായ വി.എസിനെ പോലും തിരുത്തി മുന്നോട്ട് പോകാന്‍ സി.പി.എമ്മിന് കഴിയുമെങ്കില്‍ മറ്റൊന്നും തന്നെ അസാധ്യവുമല്ല.

മുന്‍പ് വി.എസിന്റെ നിലപാടുകള്‍ക്ക് പിന്നാലെ പോയി അദ്ദേഹത്തെ പുകച്ച് പുറത്ത് ചാടിക്കാന്‍ ശ്രമിച്ച മാധ്യമങ്ങള്‍ ഇപ്പോള്‍ പി.ജയരാജന്റെ പിന്നാലെയാണ് പോകുന്നത്. അവരോടും ഒരു കാര്യം മാത്രമേ പറയാനൊള്ളു. വി.എസ് ആയാലും പി.ജയരാജനായാലും പിണറായി വിജയനായാലും പാര്‍ട്ടിയെ വിട്ട് ഒരു സാഹസത്തിനും ഇവരാരും തയ്യാറാകില്ല. ഉറച്ചനിലപാടുകള്‍ എല്ലാ കാര്യത്തിലും സി.പി.എം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉണ്ടാകും. അത് അവര്‍ ശക്തമായി രേഖപ്പെടുത്തുകയും ചെയ്യും. ഇത് ഭിന്നതയാണ് , പിളര്‍പ്പാണ് , ഗ്രൂപ്പിസമാണ് എന്നൊക്കെ ചിത്രീകരിക്കുന്നവര്‍ക്കാണ് പിഴക്കുക.

മറ്റു പാര്‍ട്ടി നേതാക്കള്‍ എന്തു ചെയ്താലും ഇവിടെ മാധ്യമങ്ങള്‍ക്കും ഒരു വിഭാഗം ജനങ്ങള്‍ക്കും പ്രശ്‌നമല്ല, എന്നാല്‍ സി.പി.എമ്മുമായി ബന്ധപ്പെട്ട് എന്തുവന്നാലും അത് വ്യക്തിപരമായ കാര്യം ആയാല്‍ പോലും മഹാ സംഭവമാണ്. അല്ലങ്കില്‍ എല്ലാവരും കൂടി അങ്ങനെ ആക്കി മാറ്റും. ഇതിനു പിന്നില്‍ അന്ധമായ കമ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണ് ഉള്ളത്. ഇവര്‍ക്ക് ഇപ്പോള്‍ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം പോലും കാര്യമായ ഒരു വാര്‍ത്തയെയല്ല. അന്തി ചര്‍ച്ചകള്‍ക്കുള്ള വിഭവവുമല്ല. ഇടതു പക്ഷത്തിന് തിരിച്ചടിയാണ് കിട്ടിയിരുന്നതെങ്കില്‍ ഇവരെല്ലാം കൂടി ചെങ്കൊടിയെ കൊത്തി പറക്കുമായിരുന്നു. ഇവിടെയാണ് മാധ്യമ രാഷ്ട്രീയവും നാം തിരിച്ചറിയേണ്ടത്.

Express View

Top