CPM kerala criticized congress alliance inn Bengal

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ‘അടവ് കൂട്ടുകെട്ടി’ന് ബംഗാള്‍ സി.പി.എം നേതൃത്വത്തിന് സി.പി.എം കേരള സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശം.

ന്യൂഡല്‍ഹിയില്‍ അവസാനിച്ച കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയില്‍ കേരള ഘടകം ഉന്നയിച്ച വിമര്‍ശങ്ങളുടെ തുടര്‍ച്ചയാണ് സംസ്ഥാനത്ത് ഉണ്ടായത്. ബംഗാളിലെ കോണ്‍ഗ്രസ് കൂട്ടിനെ കേരള നേതാക്കളില്‍ വി.എസ് അച്യുതാനന്ദന്‍ മാത്രമാണ് പരസ്യമായി ന്യായീകരിച്ചിരുന്നത്. ബംഗാളിനെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്ഥമാണെന്നും അവിടെ കോണ്‍ഗ്രസുമായി ധാരണയാകുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു വി.എസിന്റെ നിലപാട്. എന്നാല്‍ ഈ നിലപാട് പാടെ തള്ളുകയായിരുന്നു സി.പി.എം സംസ്ഥാന നേതൃത്വം.

ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പേര് എടുത്ത് പറയാതെ സംസ്ഥാന സമിതി അംഗങ്ങള്‍ കേന്ദ്ര നേതൃത്വത്തില്‍ ഒരു വിഭാഗത്തെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി.പി.ബിയിലും കേന്ദ്ര കമ്മിറ്റിയിലും പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍പിള്ള, കേരള ഘടകം നേതാക്കള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബംഗാള്‍ ഘടകത്തിനും സീതാറാം യെച്ചൂരിക്കും എതിരെ കടന്നാക്രമണം നടത്തിയത്. അതിന്റെ അലയൊലി വരും നാളുകളില്‍ മറ്റ് സംസ്ഥാന ഘടകങ്ങളിലും തുടരുമെന്ന് തെളിയിക്കുന്നത് കൂടിയാണ് സംസ്ഥാന സമിതിയിലെ വിമര്‍ശനം.

കോണ്‍ഗ്രസ് കൂട്ടുകെട്ട് സി.പി.എമ്മില്‍ ഉണ്ടാക്കിയ ഭിന്നിപ്പിന്റെ രൂക്ഷത തെളിയിക്കുന്നതാണ് ഇത്. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന് വിരുദ്ധമായിരുന്നു ബംഗാള്‍ ഘടകത്തിന്റെ കോണ്‍ഗ്രസ് കൂട്ടുചേരലെന്നായിരുന്നു ഭൂരിപക്ഷം അംഗങ്ങളുടെയും വിമര്‍ശം. ഇത് പാര്‍ട്ടിയുടെ അടവ് നയത്തിന്റെ കടുത്ത ലംഘനമാണ്. ബി.ജെ.പി കോണ്‍ഗ്രസ് പാര്‍ട്ടികളുമായി ഒരുതരത്തിലെ ബന്ധവും പാടില്ലെന്നായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം.

അഖിലേന്ത്യാ തലത്തില്‍തന്നെ ഇടതുമുന്നണി കെട്ടിപ്പടുക്കുന്നതില്‍ പങ്കുവഹിക്കുമെന്നു പറയുമ്പോഴാണ് കോണ്‍ഗ്രസുമായി കൂട്ടുകെട്ടുണ്ടാക്കിയത്. ഇത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി. പാര്‍ട്ടിയുടെ അടിസ്ഥാന തത്ത്വങ്ങള്‍ ലംഘിച്ചിട്ടും അതിനെ ന്യായീകരിക്കുന്ന നിലപാടാണ് ബംഗാള്‍ നേതാക്കള്‍ സ്വീകരിച്ചത്. ബംഗാള്‍ സി.പി.എം ഘടകത്തിന്റെ ഈ വ്യതിയാനത്തെ ബി.ജെ.പി കേരളത്തില്‍ ആയുധമാക്കി. സംസ്ഥാന നേതൃത്വത്തിന് ഇത് വിശദീകരിക്കേണ്ട സാഹചര്യം ഉണ്ടായെന്നും ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു.

പാര്‍ട്ടി നയത്തിന്റെ ലംഘനത്തിന് എതിരെ ജനറല്‍ സെക്രട്ടറി ശക്തമായി ഇടപെട്ടില്ല. പി.ബിയിലെ ചിലരുടെ മൗനാനുവാദത്തോടെയാണ് ഈ അവിശുദ്ധ സഖ്യം അരങ്ങേറിയതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് കേന്ദ്ര കമ്മിറ്റി തീരുമാനത്തിന്റെ റിപ്പോര്‍ട്ടിങ് നടത്തിയത്. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ കേന്ദ്ര നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പ് അവലോകനത്തിന്റെ ചര്‍ച്ച ഇന്നും തുടരും.

Top