ആരോപണങ്ങൾ കരുത്തായി മാറി, സി.പി.എം ജനകീയ പ്രതിരോധ ജാഥയിൽ വൻ ജനപങ്കാളിത്തം !

നകീയ പ്രതിരോധ ജാഥയിലൂടെ, സി.പി.എം യഥാർത്ഥത്തിൽ ലക്ഷ്യമിടുന്നത് ലോകസഭ തിരഞ്ഞെടുപ്പിനായുള്ള സംഘടനാപരമായ തയ്യാറെടുപ്പ് കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ ഒതുങ്ങിയ ഇടതുപക്ഷത്തിന്, ഇത്തവണ , 17 സീറ്റുകളാണ് സി.പി.എം പ്രതീക്ഷിക്കുന്നത്. ഇതിൽ 14 സീറ്റുകളെങ്കിലും സി.പി.എമ്മിനു മാത്രമായി കേരളത്തിൽ നിന്നും ലഭിക്കണമെന്നതാണ് നേതൃത്വത്തിന്റെ ആഗ്രഹം. ഇതിനായി സി.പി.എമ്മിന്റെ യുവജന – വിദ്യാർത്ഥി – തൊഴിലാളി സംഘടനകളെ കൂടുതൽ സജീവമാക്കി നിർത്തുക എന്നതും പ്രധാന ലക്ഷ്യമാണ്.

ഭരണ തുടർച്ചയുടെ ആലസ്യത്തിൽ കിടക്കുന്ന അവസാന പാർട്ടി അനുഭാവിയെയും രംഗത്തിറക്കാൻ ജനകീയ പ്രതിരോധ ജാഥ വഴി കഴിയുന്നുണ്ടെന്നതാണ് സി.പി.എം നേതൃത്വത്തിന്റെ വിലയിരുത്തൽ. കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്ന അവഗണനയുടെ തീവ്രത തുറന്നുകാട്ടുന്നതോടൊപ്പം പിണറായി സർക്കാർ കേരളത്തിൽ നടപ്പാക്കുന്ന എണ്ണമറ്റ വികസന പ്രവർത്തനങ്ങൾ ബഹുജനങ്ങൾക്കിടയിൽ വിശദീകരിച്ചു കൊണ്ടു കൂടിയാണ് ജാഥ ഇപ്പോൾ തെക്കൻ കേരളത്തിൽ പര്യടനം നടത്തുന്നത്. അത്തെ ഇസ്ലാമി -ആർഎസ്എസ് ബാന്ധവവും വർഗീയശക്തികൾ പരസ്പരം ഊന്നുവടിയാകുന്നതും  യുഡിഎഫ്- ബിജെപി അന്തർധാരയുമാണ് മലബാർ മേഖലയിൽ പ്രധാനമായും സി.പി.എം ജാഥ ആയുധമാക്കിയതെങ്കിൽ മധ്യ കേരളത്തിൽ എത്തിയതോടെ, ഈ വിഷയം മാറി സ്വപ്നയുടെ ആരോപണവും മാധ്യമ വിമർശനങ്ങളുമാണ് പ്രധാനമായും നേരിടേണ്ടി വന്നിരുന്നത്. ജാഥാ ക്യാപ്റ്റൻ കൂടിയായ എം.വി ഗോവിന്ദനെതിരെ സ്വപ്ന ആരോപണമുന്നയിച്ചത് യഥാർത്ഥത്തിൽ, പ്രതിരോധ ജാഥയെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. പതീറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ, അഴിമതിയുടെയും ആക്ഷേപങ്ങളുടെയും യാതൊരു കറയും പുരളാത്ത സത്യസന്ധനായ ഈ കമ്യൂണിസ്റ്റിനെതിരായ ആരോപണം  മിന്നൽ വേഗത്തിലാണ് തകർന്നടിഞ്ഞിരിക്കുന്നത്. ഇതോടെ ഇളഭ്യരായത് കുത്തക മാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളുമാണ്. ഗോവിന്ദൻ മാഷ് നിലപാട് കടുപ്പിച്ചപ്പോൾ സ്വപ്ന പോലും പതറിപ്പോയതും ഈ കേരളം കണ്ട കാഴ്ചയാണ്.

സ്വപ്നയുമായി യാതൊരു ഒത്തു തീർപ്പിനും ഭീഷണിക്കും ആളെ പറഞ്ഞയക്കുന്ന വ്യക്തിയല്ല എം.വി ഗോവിന്ദനെന്നത് സി.പി.എം വിരുദ്ധരായ രാഷ്ട്രീയ നിരീക്ഷകർക്കു പോലും ചാനൽ ചർച്ചകളിൽ തുറന്നു സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. ഇതും അസാധാരണ കാഴ്ച തന്നെയായിരുന്നു. അതുവരെ സ്വപ്ന പറയുന്നതിൽ കുറച്ചെങ്കിലും കാര്യമുണ്ടെന്ന് ധരിച്ചവർ പോലും  സ്വപ്നയെയും മാധ്യമങ്ങളെയും അവിശ്വസിച്ചു തുടങ്ങിയതും ഇതോടെയാണ്.

കാര്യമെന്തായാലും  ഈ സംഭവത്തോടെ വലിയ ആവേശത്തോടെയാണ് സി.പി.എം അനുഭാവികൾ ‘ജനകീയ പ്രതിരോധ ജാഥ ‘ ഏറ്റെടുത്തിരിക്കുന്നത്. നിലവിൽ എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജാഥ തകർക്കാനാണ് സ്വപ്നയുടെയും അവരുടെ പിന്നിൽ പ്രവർത്തിക്കുന്നവരുടെയും ശ്രമമെന്ന പ്രചരണം ജാഥയിൽ അണിചേരാൻ അവസാന സി.പി.എം അനുഭാവിയെയും വലിയ രൂപത്തിലാണ് പ്രേരിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മറ്റൊരു പാർട്ടിക്കും സ്വപ്നം കാണാൻ പോലും കഴിയാത്ത തരത്തിലുള്ള ബഹുജന പങ്കാളിത്തത്തോടെയാണ് , ഇപ്പോൾ ജാഥ പ്രയാണം തുടരുന്നത്. ഇതിനിടെ, തൃശൂരിൽ നടൻ സുരേഷ് ഗോപി നടത്തിയ പ്രസംഗവും സി.പി.എം പ്രവർത്തകരെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. ‘ തൃശൂർ താൻ എടുക്കുമെന്നും ‘ തടയാൻ ഏത് ഗോവിന്ദൻ വന്നിട്ടും കാര്യമില്ലന്നാണ് ബി.ജെ.പി പൊതുയോഗത്തിൽ, കേന്ദ്ര മന്ത്രി അമിത് ഷായെ സാക്ഷിയാക്കി സുരേഷ് ഗോപി പ്രസംഗിച്ചിരുന്നത്. സി.പി.എം ജനകീയ പ്രതിരോധ ജാഥയ്ക്ക് തൃശൂരിൽ ലഭിച്ച വലിയ ജനപങ്കാളിത്വമാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചിരുന്നത്. അതാണ്  ഇത്തരമൊരു പരാമർശം നടത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കുന്നത്

കഴിഞ്ഞ തിരഞ്ഞെടുപ്പിലും ‘ തൃശൂർ താൻ എടുക്കുകയാണെന്നാണ് ‘ സുരേഷ് ഗോപി പ്രസംഗിച്ചിരുന്നത്. ഫലം വന്നപ്പോൾ അദ്ദേഹം പരാജയപ്പെടുകയുണ്ടായി  ഇതിനു ശേഷം തൃശൂർ കേന്ദീകരിച്ചാണ് സുരേഷ് ഗോപി പ്രവർത്തിച്ചു വരുന്നത്. വരുന്ന തിരഞ്ഞെടുപ്പിൽ വിജയത്തിൽ കുറഞ്ഞതൊന്നും സുരേഷ് ഗോപി പ്രതീക്ഷിക്കുന്നില്ല. തൃശൂർ ലോകസഭ സീറ്റിൽ നിലവിൽ ഇടതുപക്ഷത്ത് മത്സരിച്ചു വരുന്നത് സി.പി.ഐയാണ്. ഇത്തവണ ഇത് മാറി സി.പി.എം സീറ്റ് ഏറ്റെടുത്താൽ  മത്സരം കൂടുതൽ കടുക്കുമെന്നും, അതോടെ, തന്റെ സ്വപ്നം തകർന്നടിയുമെന്ന ഭീതിയിലാണ് സുരേഷ് ഗോപിയുള്ളത്. ഈ മാനസികാവസ്ഥയിലാണ് സി.പി.എം ജാഥാ ക്യാപ്റ്റനെ അദ്ദേഹം കടന്നാക്രമിക്കാൻ ശ്രമിച്ചിരിക്കുന്നത്. സ്വപ്നയുടെ ആരോപണം പോലെ തന്നെ സുരേഷ് ഗോപിയുടെ പ്രതികരണവും സി. പി.എം. പ്രവർത്തകരെ പ്രകോപിപ്പിച്ചിട്ടുണ്ട്. ‘ജനകീയ പ്രതിരോധ ജാഥയെ കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടു പോകേണ്ടത് , ഈ പശ്ചാത്തലത്തിൽ ഒരോ സി.പി.എം. അനുഭാവിയുടെയും ചുമതലയായി കണ്ടാണ് ‘ പ്രവർത്തകർ ആവേശം വിതറുന്നത്. ജാഥ തിരുവനന്തപുരത്ത് സമാപിക്കുന്നതോടെ അതൊരു ചരിത്ര സംഭവമായി മാറുമെന്നാണ് സി.പി.എം. നേതാക്കളും ചൂണ്ടിക്കാട്ടുന്നത്.

EXPRESS KERALA VIEW

Top