ബിജെപിയെ പരോക്ഷമായി പിന്തുണക്കുകയാണ് സിപിഎം, അവരൊരു ടീമാണ്; കെ മുരളീധരന്‍

കോഴിക്കോട്: കേരളത്തില്‍ സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് കെ മുരളീധരന്‍. ജെഡിഎസിന്റെ അഖിലേന്ത്യ ഘടകം ബിജെപിക്ക് ഒപ്പം ചേര്‍ന്നപ്പോള്‍ തന്നെ അവരെ എല്‍ഡിഎഫ് ഒഴിവാക്കണമായിരുന്നെന്നും എന്നാല്‍ ഈ മാനദണ്ഡത്തില്‍ കൃഷ്ണന്‍ കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎം തയ്യാറായില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

ബിജെപിയെ പരോക്ഷമായി പിന്തുണക്കുകയാണ് സിപിഎമ്മെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കേരളത്തിന് പുറത്ത് സിപിഎം സ്വീകരിക്കുന്ന നയമല്ല ഇവിടെ സ്വീകരിക്കുന്നതെന്നും തെലങ്കാനയില്‍ ഇടതുപക്ഷവുമായുള്ള സഖ്യം ഈ അടിസ്ഥാനത്തിലാണെന്നും കെ മുരളീധരന്‍ പറഞ്ഞു. തെലങ്കാനയിലെ കോണ്‍ഗ്രസ് സ്‌ക്രീനിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് കെ മുരളീധരന്‍.

അതേസമയം ജെഡിഎസ് – എന്‍ഡിഎ സഖ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സമ്മതം നല്‍കിയെന്ന എച്ച് ഡി ദേവ ഗൗഡയുടെ വാദം തള്ളി സംസ്ഥാനത്തെ ജെഡിഎസ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. മുഖ്യമന്ത്രി പിണറായി വിജയന്‍ ദേവ ഗൗഡയുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ല. ജെഡിഎസ് കേരള ഘടകത്തിന് ദേവ ഗൗഡയുടെ എന്‍ ഡി എ ബന്ധത്തിനോട് പൂര്‍ണമായ വിയോജിപ്പാണ് എന്നും മന്ത്രി വ്യക്തമാക്കി.

Top