കണ്ണൂരിലെ സിപിഎമ്മില്‍ ഉള്‍പാര്‍ട്ടി പോര് ; പ്രശ്‌ന പരിഹാരത്തിനായി കോടിയേരിയുടെ ഇടപെടല്‍

കണ്ണൂര്‍: കണ്ണൂരിലെ സിപിഎമ്മില്‍ ഉള്‍പാര്‍ട്ടി പോരില്‍ പ്രശ്‌ന പരിഹാരത്തിനായി മുതിര്‍ന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഇടപെടല്‍. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി കണ്ണൂര്‍ ജില്ലയിലെ ഇടഞ്ഞ് നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെ അനുയിപ്പിക്കലാണ് കോടിയേരിയുടെ ദൗത്യം.

ഇന്ന് ജില്ലാ സെക്രട്ടറിയേറ്റില്‍ പങ്കെടുത്ത കോടിയേരി നാളെത്തെ ജില്ലാ കമ്മറ്റി യോഗത്തിനും എത്തും. പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടത്താനിരിക്കെ നേതാക്കളെ ഒറ്റക്കെട്ടായി കൊണ്ടുപോകാനാണ് ശ്രമം. എന്നാല്‍, പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ക്കാണ് കോടിയേരി എത്തിയതെന്നാണ് സിപിഎം വിശദീകരണം.

നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ പുകയുന്ന പ്രശ്‌നങ്ങള്‍ ഈയടുത്താണ് മറനീക്കി പുറത്തുവന്നത്. നിരന്തരമായി തഴയുന്നതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എം സുരേന്ദ്രന്‍ പാര്‍ട്ടിയെ അതൃപ്തി അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. മത്സര രംഗത്ത് നിന്ന് മാറ്റിയതില്‍ ഇ പി ജയരാജനും അമര്‍ഷമുണ്ട്.

പാര്‍ട്ടി സഖാക്കളായിരുന്നവര്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷനിലുള്‍പ്പെട്ട വിഷയത്തിലെ ചര്‍ച്ചയ്ക്കിടെ പി ജയരാജനും കെ പി സഹദേവനും പരസ്പരം കൊമ്പുകോര്‍ത്തതില്‍ സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തിയാണ് ഉള്ളത്.

Top