വാളയാര്‍ ലോക്കല്‍ സമ്മേളനത്തിലെ തമ്മില്‍തല്ല്; അന്വേഷണത്തിന് രണ്ടംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി സിപിഎം

പാലക്കാട്: ജില്ലയില്‍ രണ്ടിടത്ത് ലോക്കല്‍ കമ്മിറ്റികള്‍ വിഭജിക്കാനുളള തീരുമാനത്തിനെതിരെ പാര്‍ട്ടി അംഗങ്ങള്‍ ചേരിതിരിഞ്ഞ് ആക്രമിക്കുകയും സമ്മേളനസ്ഥലത്തെ മേശയും കസേരയും തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ നടപടിയുമായി സിപിഎം.

വാളയാര്‍, എലപ്പുളളി ലോക്കല്‍ കമ്മിറ്റികളും പുതുശേരി ഏരിയ കമ്മിറ്റിയും വിഭജിക്കാനുളള തീരുമാനം ജില്ലാ സെക്രട്ടറിയേറ്റ് റദ്ദാക്കി. മാത്രമല്ല വാളയാര്‍ സംഘര്‍ഷം അന്വേഷിക്കാന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.വി രാമകൃഷ്ണന്‍, ജില്ലാ സെക്രട്ടറിയേറ്റംഗം ഇ.എന്‍ സുരേഷ് ബാബു എന്നിവരടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തി.

സംഘര്‍ഷം നടന്ന സ്ഥിതിയ്ക്ക് അവശേഷിക്കുന്ന ലോക്കല്‍ സമ്മേളനങ്ങള്‍ കര്‍ശന നിരീക്ഷണത്തോടെ ചേരാനാണ് സിപിഎം തീരുമാനം. പുതുശേരി ഏരിയാ സമ്മേളനം നവംബര്‍ 27,28 തീയതികളിലാണ്. ഇവിടെ രൂക്ഷമായ വിഭാഗീയതയാണെന്നും ഇതിന്റെ ഫലമാണ് സംഘര്‍ഷമുണ്ടായതെന്നും മലമ്പുഴ എംഎല്‍എ എ.പ്രഭാകരന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കി. തുടര്‍ന്നാണ് പാര്‍ട്ടി കമ്മിറ്റികളുടെ വിഭജനം വേണ്ടെന്നുവച്ചത്.

Top