വെള്ളാപ്പള്ളി യുഗത്തിന് വിരാമമിടാൻ, സി.പി.എമ്മിനു മുന്നിൽ സുവർണ്ണാവസരം !

എസ്.എൻ. ട്രസ്റ്റ് എന്നത് കഴിഞ്ഞ 27 വർഷമായി കുടുംബ ട്രസ്റ്റാക്കി മാറ്റിയ സമുദായ നേതാവാണ് വെള്ളാപ്പള്ളി നടേശൻ. 1995ല്‍ എ കെ ആന്റെണി മുഖ്യമന്ത്രിയായിരിക്കെ ശിവഗിരിയിലുണ്ടായ പൊലീസ് നടപടിയും അതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുമാണ് വെളളാപ്പള്ളിയെ എസ്എന്‍ഡിപി യോഗത്തിന്റെ തലപ്പെത്തിത്തിച്ചിരുന്നത്. കേരളത്തിന്റെ രാഷ്ട്രീയ – സാമൂഹ്യമേഖലകളിൽ യു.ഡി.എഫ് ഭരണകാലത്ത് ശക്തമായി ഇടപെട്ടതും സർക്കാറിനെ തന്നെ പലപ്പോഴും മുൾമുനയിൽ നിർത്തിയതും ഈ സമുദായ നേതാവാണ്.

എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും തലപ്പത്ത് അനവധി വർഷങ്ങളായി വെള്ളാപ്പള്ളി നടേശൻ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ പ്രീതി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയും നിർണ്ണായക പദവികളാണ് വഹിച്ചു കൊണ്ടിരിക്കുന്നത്. ഇതെല്ലാം തന്നെ സാധാരണ സമുദായാംഗങ്ങളുടെ വികാരത്തിന് എതിരുമാണ്. ഈ കുടുംബാധിപത്യം തകർക്കണമെന്ന് ആഗ്രഹിക്കുന്ന ശ്രീനാരായണ ഭക്തർക്കാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ് ആവേശം പകരുന്നത്.

എസ്.എൻ ട്രസ്റ്റ് ബൈലോയിൽ നിർണ്ണായക ഭേദഗതിക്കാണ് ഹൈക്കോടതി ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്. ഇനി അധികാരപരിധിയിലുള്ള സിവിൽ കോടതികളുടെ നിർദ്ദേശം കൂടി വന്നാൽ വെള്ളാപ്പള്ളി മാത്രമല്ല അദ്ദേഹത്തിന്റെ മകൻ തുഷാർ വെള്ളാപ്പള്ളിയും തൽസ്ഥാനത്തു നിന്നും തെറിക്കും. വഞ്ചന, സ്വത്ത് കേസുകളിൽ ഉൾപ്പെട്ടവർ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്ന് മാറിനിൽക്കണമെന്നതാണ് ഹൈക്കോടതി ഉത്തരവ്. എസ്.എൻ. ട്രസ്റ്റുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ ഭാരവാഹിത്വത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് വ്യവസ്ഥചെയ്യുന്നതാണ് പുതിയ ഭേദഗതി.

നിലവിൽ കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി. യോഗം യൂണിയൻ മുൻ സെക്രട്ടറി കെ. കെ. മഹേശന്റെ മരണത്തിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഒന്നാം പ്രതിയാണ്. തുഷാർ വെള്ളാപ്പള്ളിയാണ് ഈ കേസിലെ മറ്റൊരു പ്രതി. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമായിരുന്നു മാരാരിക്കുളം പോലീസ് കേസെടുത്തിരുന്നത്. ഈ സാഹചര്യത്തിൽ ബൈലോയിലെ ഭേദഗതി വെള്ളാപ്പള്ളി കുടുംബത്തിന് വലിയ തിരിച്ചടിയായാണ് മാറിയിരിക്കുന്നത്.

മുൻ എസ്.എൻ ട്രസ്റ്റ് അംഗം കൂടിയായ അഡ്വ. ചെറുന്നിയൂർ ജയപ്രകാശിന്റെ ഹർജിയിലാണ് ഹൈക്കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വഞ്ചനാ കേസുകൾക്ക് പുറമേ എസ്.എൻ. ട്രസ്റ്റിന്റെ സ്വത്തു സംബന്ധമായ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിരിക്കുന്നവരും ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നതാണ് കോടതി നിർദ്ദേശം.

എസ്.എൻ. ട്രസ്റ്റിന്റെ ബൈലോ തയ്യാറാക്കിയത് ഹൈക്കോടതിയാണ് എന്നതിനാൽ ബൈലോ ഭേദഗതി ചെയ്യാനും ഹൈക്കോടതിക്ക് മാത്രമാണ് അധികാരമുള്ളത്. ക്രിമിനൽ കേസുകളിൽ കുറ്റവിമുക്തരാവുന്നത് വരെ ട്രസ്റ്റ് ഭാരവാഹികളായി തുടരാൻ പാടില്ലെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. അതേസമയം കുറ്റവിമുക്തരാക്കപ്പെട്ടാൽ ഭാരവാഹിത്വത്തലേക്ക് തിരിച്ചുവരുന്നതിന് മറ്റു തടസ്സങ്ങളുണ്ടാവുകയുമില്ല.

ഹൈക്കോടതിയുടെ പുതിയ ഉത്തരവ് സമുദായത്തിലെ വെള്ളാപ്പള്ളി വിരുദ്ധർക്ക് കരുത്ത് പകരുന്നതാണ്. വെള്ളാപ്പള്ളിയുടെ അഴിമതിക്കും അക്രമത്തിനുമേറ്റ കനത്ത തിരിച്ചടിയാണ് ഉത്തരവെന്നാണ് ശ്രീനാരായണ ധര്‍മ്മവേദി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പ്രതികരിച്ചിരിക്കുന്നത്. “ഈ വിജയം സത്യത്തിന്റേതാണെന്നും ഇനി നീതിപൂര്‍വമുള്ള തെരഞ്ഞെടുപ്പുകള്‍ നടക്കണമെന്നുമാണ് ” അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി ഉത്തരവോടെ അനുകൂല സാഹചര്യം മുതലാക്കാൻ തന്നെയാണ് വെള്ളാപ്പള്ളി വിരുദ്ധരുടെ നീക്കമെന്നത് ഈ പ്രതികരണത്തിൽ നിന്നു തന്നെ വ്യക്തമാണ്.

എസ്.എൻ ട്രസ്റ്റിലെയും എസ്.എൻ.ഡി.പി യോഗത്തിന്റെയും നേതൃത്വം പിടിക്കാൻ സി.പി.എമ്മിന്റെ പിന്തുണയാണ് ഈ വിഭാഗം പ്രതീക്ഷിക്കുന്നത്. സി.പി.എമ്മും സർക്കാറും ശക്തമായ തീരുമാനമെടുത്താൽ ഇനി പിടിച്ചു നിൽക്കാൻ വെള്ളാപ്പള്ളിക്ക് കഴിയില്ലന്നതാണ് കണക്ക് കൂട്ടൽ. നീതിപൂര്‍വമുള്ള തെരഞ്ഞെടുപ്പു നടക്കണമെങ്കിൽ ഇത് അനിവാര്യമാണെന്നാണ് വെള്ളാപ്പള്ളി വിരുദ്ധർ പറയുന്നത്. ഇതോടെ പന്ത് ഇനി സർക്കാറിന്റെ “ക്വാർട്ടിലാണ്” എത്താൻ പോകുന്നത്.

ഇതിനിടെ കോടതി വിധിയിലെ തിരിച്ചടി മറികടക്കാൻ മനപൂർവ്വം പ്രകോപനം സൃഷ്ടിക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമം. ശശി തരൂർ പിന്നാക്ക – പട്ടികവിഭാഗ വിരോധിയാണെന്നാണ അദ്ദേഹത്തിന്റെ പ്രതികരണം വിഷയം വഴി തിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. “തരൂർ ആനമണ്ടനാണെന്നും പിന്നാക്കക്കാരനായ സ്ഥാനാർഥിക്കെതിരെയാണ് തരൂർ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചതെന്നുമാണ്” വെള്ളാപ്പള്ളിയുടെ കണ്ടെത്തൽ.

തരൂർ വിരോധികൾക്കു പോലും ദഹിക്കാത്ത ആരോപണമാണിത്. കോൺഗ്രസ്സിലെ ഒരു വിഭാഗത്തെ ഒപ്പം നിർത്താനാണ് ഇത്തരമൊരു പരാമർശം വെള്ളാപ്പള്ളി നടത്തിയിരിക്കുന്നത്. എന്നാൽ അതും അദ്ദേഹത്തിനു തന്നെയാണ് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്. വെള്ളാപ്പള്ളിക്കെതിരെ സോഷ്യൽ മീഡിയകളിലും പ്രതിഷേധം ശക്തമാണ്.

EXPRESS KERALA VIEW

Top