സ്വതന്ത്ര ഇന്ത്യയില്‍ ഗവര്‍ണര്‍ പദവി ആവശ്യമില്ല, ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് യെച്ചൂരി

yechuri

ചെന്നൈ: കോരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി രംഗത്ത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ ഗവര്‍ണര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയാണ് യെച്ചൂരി നല്‍കിയിരിക്കുന്നത്.

‘ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ഭാഗമാണ് ഗവര്‍ണര്‍. സംസ്ഥാനത്ത് ഗവര്‍ണറുടെ ഇടപെടലും നിലപാടുകളും ന്യായീകരണമില്ലാത്തതാണ്. സംസ്ഥാനങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടന പഠിച്ച് മനസിലാക്കണം’ അദ്ദേഹം ആവശ്യപ്പെട്ടു.

കൂടാതെ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവി ഇല്ലാതാക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ തലവന്‍ ഗവര്‍ണര്‍ ആണെന്നും അതിനാല്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത് ഗവര്‍ണറെ അറിയിക്കണമെന്നും നേരത്തെ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ചട്ടലംഘനമൊന്നും ഉണ്ടായിട്ടില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് അനുമതി തേടേണ്ട ആവശ്യമില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതികരിച്ചത്.

Top