മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി സിപിഎം

തിരുവനന്തപുരം: കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ കാണാന്‍ വരരുതെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി സിപിഎം. മന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിന്റെ പൊതു നിലപാട് അനുസരിച്ചാണെന്നും മന്ത്രിക്ക് ഇക്കാര്യത്തില്‍ പൂര്‍ണ്ണ പിന്തുണയാണുള്ളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. ശുപാര്‍ശകള്‍ ഇല്ലാതെ കാര്യങ്ങള്‍ വേഗത്തില്‍ നടക്കണം, അതാണ് ഈ സര്‍ക്കാരിന്റെ നിലപാടെന്നും വിജയരാഘവന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ കാണാന്‍ വരരുതെന്ന മന്ത്രി മുഹമ്മദ് റിയാന്റെ പ്രസ്താവന പ്രതിപക്ഷ എംഎല്‍എമാര്‍ വിവാദമാക്കിയിരുന്നു. എന്നാല്‍ താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് ആവര്‍ത്തിച്ച മന്ത്രി, ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും ഇടതുപക്ഷ നയവും നിലപാടുമാണ് താന്‍ വ്യക്തമാക്കിയതെന്നും കോഴിക്കോട്ട് പറഞ്ഞു.

”കരാറുകാരെ കൂട്ടി എംഎല്‍എമാര്‍ കാണാന്‍ വരരുതെന്ന പ്രസ്താവനയിന്മേല്‍ എംഎല്‍എമാരുടെ യോഗത്തില്‍ താന്‍ ഖേദം പ്രകടിപ്പിച്ചുവെന്നും നിലപാടില്‍ നിന്നും പുറകോട്ട് പോയെന്നുമുള്ള രീതിയില്‍ വ്യാപകമായി വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ എംഎല്‍എമാരുടെ യോഗത്തില്‍ ഒരാള്‍ പോലും ഇത്തരത്തിലൊരു അഭിപ്രായം ഉന്നയിച്ചിട്ടുമില്ല, താന്‍ എവിടെയും ഖേദം പ്രകടിപ്പിച്ചിട്ടുമില്ല. പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണ്. ഒരടി പുറകോട്ട് പോയിട്ടുമില്ല’ റിയാസ് വ്യക്തമാക്കി.

Top