ബിൽക്കിസ് ബാനു കേസിൽ, ലീഗ് നൽകിയ സഹായമെന്ത് ? ഇരക്കൊപ്പം നിന്ന് നിയമ പോരാട്ടം നടത്തിയത് സി.പി.എം

തേതര ഇന്ത്യയുടെ നെഞ്ചിലേറ്റ മാരകമായ മുറിവാണ് 2002 ലെ ഗുജറാത്ത് കലാപം. മറവികള്‍ക്ക് വിട്ട് കൊടുക്കേണ്ട ഒന്നല്ല ഇത്. ഇന്ത്യയെ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ നാണം കെടുത്തിയ ഗുജറാത്ത് കലാപം ഒരിക്കലും മറവിയുടെ പിന്നാമ്പുറങ്ങളിലേക്ക് ഒളിച്ചുവയ്ക്കപ്പെടേണ്ടതല്ല. ഗുജറാത്തിലെ ആയിരങ്ങള്‍ അനുഭവിച്ച കൊടും ക്രൂരതകള്‍ വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യപ്പെടുക തന്നെ വേണം. അത്തരമൊരു ചര്‍ച്ചക്കാണ് ബില്‍കീസ് ബാനു കേസിലൂടെ വീണ്ടും ഇപ്പോള്‍ രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്.

ഗുജറാത്ത് കലാപത്തിനിടയിലാണ് ഗര്‍ഭിണിയായ ബില്‍കീസ് ബാനുവും കുടുംബവും ആക്രമിക്കപ്പെട്ടിരുന്നത്. ഗുജറാത്ത് വംശഹത്യയില്‍ ഇരയാക്കപ്പെടുമ്പോള്‍ ബില്‍ക്കിസ് ബാനുവിന് 21 വയസ്സ് മാത്രമാണുണ്ടായിരുന്നത്. ഗര്‍ഭിണിയായ ആ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത അക്രമികള്‍ ബന്ധുക്കളായ 14 പേരെയും അവരുടെ കണ്‍മുന്നിലിട്ടു തന്നെയാണ് കൊന്നുകളഞ്ഞിരുന്നത്. മനുഷ്യ മനസാക്ഷിയെ പിടിച്ചുലച്ച ഈ സംഭവത്തില്‍ ബില്‍ക്കിസ് ബാനുവിനൊപ്പം കേസിന്റെ തുടക്കം മുതല്‍ ഉറച്ചു നിന്നു പോരാടിയ രാഷ്ട്രീയ പാര്‍ട്ടി സി.പി.എമ്മാണ്.

സി.പി.എം. വനിതാ നേതാക്കളായ സുഭാഷിണി അലിയും വൃന്ദ കാരാട്ടുമാണ് അക്രമികളായ സംഘപരിവാറുകാര്‍ക്കെതിരെ ശക്തമായി രംഗത്തു വന്നിരുന്നത്. ഈ കമ്യൂണിസ്റ്റ് വനിതാനേതാക്കള്‍ മാനസികമായും നിയമപരമായും നല്‍കിയ പിന്തുണയാണ് കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടിക്കെതിരായ നിയമപോരാട്ടത്തിന് ആ പാവം യുവതിക്ക് കരുത്തായിരുന്നത്. ബില്‍കിസ് ബാനുവിനെ കൊണ്ട് സുപ്രീ കോടതിയില്‍ ഹര്‍ജി നല്‍കിക്കുക മാത്രമല്ല ആ കേസില്‍ കക്ഷി ചേരാനും പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി രംഗത്തിറങ്ങിയതും മതേതര ഇന്ത്യ കണ്ട കാഴ്ചയാണ്.

പിന്നീട് മുന്‍ എം.പിയായ മഹുമ മൊയ്ത്രയും മറ്റു ചിലരും ഈ കേസില്‍ കക്ഷിചേരുന്ന സാഹചര്യവുമുണ്ടായി. എന്നാല്‍ഈ ഘട്ടത്തിലൊന്നും തന്നെ മുസ്ലീംലീഗിനേയോ അതിന്റെ വനിതാ സംഘടനയുടെയോ പൊടി പോലും അവിടെയൊന്നും കണ്ടിട്ടില്ല. മുസ്ലീം സമുദായത്തിന്റെ മുഖമാണ് ലീഗെന്ന് അവകാശപ്പെടുന്നവര്‍ എന്തുകൊണ്ടാണ് ബില്‍കിസ് ബാനുവിനു വേണ്ടി നടന്ന നിയമ പോരാട്ടത്തിനു ലീഗ് തയ്യാറാകാതിരുന്നത് എന്നതിനുകൂടി ഇപ്പോഴെങ്കിലും മറുപടി പറയേണ്ടതുണ്ട്.

ഗുജറാത്തില്‍ 2002 ല്‍ നടന്ന അക്രമ സംഭവങ്ങളില്‍ ഏറ്റവും കടുത്ത ക്രൂരതയാണ് ബില്‍ക്കിസ് ബാനു അനുഭവിച്ചിരുന്നത്. അഞ്ചു മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്ന് വയസ്സുള്ള മകളെ തറയിലെറിഞ്ഞു കൊല്ലുകയും ചെയ്ത അക്രമികള്‍ ബില്‍ക്കിസിന്റെ കുടുംബത്തിലെ 14 പേരെയാണ് വകവരുത്തിയിരിക്കുന്നത്. ബലാത്സംഗത്തിനിടയില്‍ ബോധം നഷ്ടപ്പെട്ടതിനാല്‍ മരിച്ചെന്ന് കരുതി അക്രമികള്‍ ഉപേക്ഷിച്ചു പോയത് കൊണ്ട് മാത്രമാണ് ബില്‍ക്കിസ് ബാനു ഇന്നും ജീവിച്ചിരിക്കുന്നത്. തുടര്‍ന്ന് സി.പി.എം ഉള്‍പ്പെടെ നല്‍കിയ പിന്തുണയില്‍ ബില്‍ക്കിസ് ബാനു ധീരമായ പോരാട്ടമാണ് നടത്തിയിരുന്നത്.

എല്ലാ ഭീഷണികളെയും അവഗണിച്ചുകൊണ്ട് നടത്തിയ ആ നിയമയുദ്ധത്തിനൊടുവില്‍ ബില്‍ക്കിസ് ബാനുവിനു തന്നെയായിരുന്നു വിജയം. 11 പേരെയാണ് വിചാരണ കോടതി ശിക്ഷിച്ചിരുന്നത്. എന്നാല്‍ പിന്നീട് ശിക്ഷ കാലയളവ് പൂര്‍ത്തിയാക്കുന്നതിനു മുന്‍പു തന്നെ ഗുജറാത്തിലെ സംഘപരിവാര്‍ ഭരണകൂടം കുറ്റവാളികളെ മോചിപ്പിക്കുന്നതിനുള്ള പ്രത്യേക ഉത്തരവില്‍ ഒപ്പു വയ്ക്കുകയാണ് ഉണ്ടായത്. കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കേസന്വേഷിച്ചിരുന്ന അന്വേഷണ ഉദ്ദ്യോഗസ്ഥന്‍ ഗോധ്ര ജയില്‍ സൂപ്രണ്ടിന് നല്‍കിയ റിപ്പോര്‍ട്ടു പോലും പരിഗണിക്കപ്പെട്ടിരുന്നില്ല.

തുടര്‍ന്ന് ജയില്‍ മോചിതരായ പ്രതികളെ സംഘപരിവാറുകാര്‍ ഹാരം അണിയിച്ച് ആഘോഷമായി സ്വീകരിച്ചാണ് കൊണ്ടുപോയിരുന്നത്. ഈ ഹീന കൃത്യം നടത്തിയവരുടെ കാല്‍ തൊട്ടുതൊഴുന്നവരുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും ഇതിനകം തന്നെ പുറത്തു വന്നിട്ടുണ്ട്. പീഢിപ്പിക്കപ്പെട്ട യുവതിയുടെ മനസ്സിനെ കൂടുതല്‍ പൊള്ളിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇതെല്ലാം. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട സി.പി.എം നേതൃത്വം ബില്‍ക്കിസ് ബാനുവിനൊപ്പം സുപ്രീം കോടതിയെ സമീപിക്കുകയാണുണ്ടായത്.

ഈ കേസ് ഗുജറാത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റിയതിനില്‍ പ്രതികളെ വിട്ടയക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മഹാരാഷ്ട്ര സര്‍ക്കാരാണെന്നും ഗുജറാത്ത് സര്‍ക്കാരിന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ അവകാശമില്ലെന്നുമാണ് ശിക്ഷാ ഇളവ് റദ്ദാക്കി കൊണ്ട് സുപ്രീം കോടതി തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രതികളോട് കീഴടങ്ങാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തടവ് പുള്ളികള്‍ക്ക് ശിക്ഷാ ഇളവ് അനുവദിക്കുന്ന 1992-ലെ നയത്തിന്റെ അടിസ്ഥാനത്തില്‍ കേസിലെ 11 കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതിനെതിരായ ഹര്‍ജിയിലാണ് സുപ്രീം കോടതി നിര്‍ണ്ണായക വിധിപ്രസ്താവം നടത്തിയിരിക്കുന്നത്. ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് ബില്‍ക്കിസ് ബാനുവും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം നേതാവ് സുഭാഷിണി അലിയും മഹുവ മൊയ്ത്രയും സമര്‍പ്പിച്ച വിവിധ ഹര്‍ജികളിലാണ് ഈ നിര്‍ണ്ണായക വിധി സംഭവിച്ചിരിക്കുന്നത്.

കേസ് മുബൈയിലേക്ക് മാറ്റിയിരുന്നതിനാല്‍ സിആര്‍പിസി 432 അനുസരിച്ച്, സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ മുബൈ കോടതിയിലെ വിചാരണ ജഡ്ജിയുടെ അഭിപ്രായം തേടണമായിരുന്നു. എന്നാല്‍ അത്തരമൊരു അഭിപ്രയം തേടിയിരുന്നില്ലെന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. 1992-ലെ നയം അനുസരിച്ച് ഗുജറാത്ത് സര്‍ക്കാര്‍ തെറ്റായിട്ടാണ് 11 പേരെയും വിട്ടയച്ചതെന്നും ഹര്‍ജിക്കാര്‍ വാദിക്കുകയുണ്ടായി.

ഈ വാദത്തെ മറികടക്കാന്‍ 2022-ലെ സുപ്രീംകോടതി വിധിയെയാണ് സംസ്ഥാന സര്‍ക്കാരും കുറ്റവാളികളും പ്രധാനമായും സുപ്രീം കോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. ശിക്ഷിക്കപെട്ടവരില്‍ ഒരാളായ ആര്‍. ഭഗവന്‍ദാസ് ഷായുടെ മോചനത്തിന് 92-ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുമാസത്തിനകം തീരുമാനമെടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 11 കുറ്റവാളികളെയും മോചിപ്പിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചിരുന്നത്.

ഗോധ്ര കോടതിയിലെ പ്രിസൈഡിങ് ജഡ്ജിന്റെ അഭിപ്രായം 2022 ജൂണ്‍ മൂന്നിന് തേടിയിരുന്നുവെന്നും ജയില്‍ ഉപദേശകസമിതി രൂപീകരിച്ചിരുന്നെന്നും കൂടാതെ ലോക്കല്‍ പൊലീസിനോടും അഭിപ്രായം തേടിയിരുന്നെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളൊന്നും തന്നെ സുപ്രീംകോടതിയില്‍ വിലപ്പോയിരുന്നില്ല. ഗുജറാത്ത് സര്‍ക്കാര്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കുകയാണ് ചെയ്തതെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതികളുടെ ശിക്ഷ ഇളവ് കോടതി റദ്ദാക്കിയിരിക്കുന്നത്. ബി.ജെ.പി സര്‍ക്കാറിനെ സംബന്ധിച്ച് ഇത് കനത്ത പ്രഹരം തന്നെയാണ്. സംഘപരിവാറിന് ഇത്തരമൊരു പ്രഹരം നല്‍കുന്നതിന് ബില്‍ക്കിസ് ബാനുവിനൊപ്പം ഉറച്ചു നിന്നു പോരാടിയ സി.പി.എമ്മിനും സുപ്രീംകോടതി വിധിയില്‍ തീര്‍ച്ചയായും അഭിമാനിക്കാവുന്നതാണ്.

കമ്യൂണിസ്റ്റു വിരുദ്ധരായ കേരളത്തിലെ മതനേതാക്കളും മുസ്ലിംലീഗ് നേതാക്കളും ഈ കാഴ്ചയും കാണേണ്ടതു തന്നെയാണ്. സമുദായത്തിന്റെ അടയാളം കൊടിയില്‍ കുത്തിവച്ചതു കൊണ്ടുമാത്രം ഒരു സംഘടനയും മതന്യൂനപക്ഷങ്ങളുടെ സംരക്ഷകരാകുകയില്ല. കേവലം പ്രസ്താവനകളിലും പ്രസംഗങ്ങളിലും ഒതുങ്ങുന്നതിനു പകരം പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് വേണ്ടി തെരുവില്‍ പോരാട്ടം നടത്താനാണ് ആദ്യം തയ്യാറാകേണ്ടത്. ഇതിനു സമാന്തരമായി നിയമപരമായും പോരാട്ടവും തുടരണം.

ജാതിയും മതവും നോക്കാതെ ഇത്തരം പോരാട്ടങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതു കൊണ്ടാണ് കമ്യൂണിസ്റ്റുപാര്‍ട്ടികളെ മറ്റുപാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഗുജറാത്ത് കലാപത്തിന്റെ വേദനയെ ലോകത്തോട് സംവേദനം ചെയ്ത കുത്ബുദ്ധീന്‍ അന്‍സാരി എന്ന യുവാവ് അഭയം തേടാന്‍ തിരഞ്ഞെടുത്ത സംസ്ഥാനവും അക്കാലത്ത് ജോതിഭസു ഭരിച്ചിരുന്ന ഇടതുപക്ഷ ബംഗാളാണെന്നതും ലീഗ് നേതാക്കള്‍ മറന്നു പോകരുത്.

വീടും മണ്ണും സ്വന്തം വിലാസവും നഷ്ടമായ അനേകം ഇരകളുടെ പ്രതിനിധിയായ അന്‍സാരിയ്ക്ക് അഭയം നല്‍കിയ അതേ ചെങ്കൊടി പ്രസ്ഥാനം തന്നെയാണ് രാജ്യത്തെ ഞെട്ടിച്ച കത്വ പീഢന കേസിലും ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്കു വേണ്ടിയും ആദ്യം രംഗത്തിറങ്ങിയിട്ടുള്ളത്. രാജ്യത്തിന്റെ ശ്രദ്ധയില്‍ ഈ സംഭവം ആദ്യം കൊണ്ടുവന്നതും സി.പി.എമ്മാണ്. ജമ്മുകശ്മീരിലെ സി.പി.എം എം.എല്‍.എ ആയിരുന്ന യൂസഫ് തരിഗാമിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്കും ഇടപെടലുകള്‍ക്കും ഒടുവിലാണ് പ്രതികളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നത്. ഇതെല്ലാം തന്നെ കമ്യൂണിസ്റ്റ് വിരോധം തലയ്ക്കു പിടിച്ച ലീഗ് നേതൃത്വം മറന്നാലും മതന്യൂനപക്ഷങ്ങള്‍ മറക്കുകയില്ല. മറക്കാന്‍ അവര്‍ക്കു കഴിയുകയില്ലന്നതാണ് യാഥാര്‍ത്ഥ്യം…

EXPRESS KERALA VIEW

Top