സിപിഎം എറണാകുളം ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കും; ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

കൊച്ചി: സി.പി.എം എറണാകുളം ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലുണ്ടായ തോല്‍വി സമ്മേളനത്തില്‍ മുഖ്യ ചര്‍ച്ചയാകാനാണ് സാധ്യത.

നിയമസഭ തെരഞ്ഞെടുപ്പിലടക്കം വിഭാഗീയത ശക്തമായി നില നിന്ന ജില്ലയില്‍ സമ്മേളനം അവസാനിക്കുന്നതോടെ നേതൃത്തിലേക്ക് പുതുനിരയെത്തുമെന്നാണ് പ്രതീക്ഷ. സി.എന്‍ മോഹനന്‍ ജില്ലാ സെക്രട്ടറിയായി തുടരുമെങ്കിലും ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും യുവനിരയുടെ കടന്ന് വരവുണ്ടാകും.

നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കര, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലുണ്ടായ തോല്‍വി സമ്മേളനം വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വിഭാഗീയത പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവര്‍ക്ക് സമ്മേളനത്തിലും കടുത്ത വിമര്‍ശമുണ്ടാകും. തോല്‍വിയുടെ പേരില്‍ ജില്ലാ കമ്മിറ്റിയിലെയും സെക്രട്ടേറിയേറ്റിലെയും തല മുതിര്‍ന്ന നേതാക്കളക്കം അച്ചടക്ക നടപടിക്ക് വിധേയരായിരുന്നു.

16 ഏരിയ സമ്മേളനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 180 പേരും ജില്ല കമ്മറ്റിയിലെ 39 അംഗങ്ങളും അടക്കം 219 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. കളമശേരി ആശിഷ് കണ്‍വെന്‍ഷന്‍ സെന്ററിലൊരുക്കിയ അഭിമന്യു നഗറിലാണ് പ്രതിനിധി സമ്മേളനം. പോളിറ്റ് ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഴുവന്‍ സമയവും സമ്മേളനത്തില്‍ പങ്കെടുക്കും. 16ന് വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനവും പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Top